ADVERTISEMENT

ദുബായ് ∙ പെരുന്നാൾ നമസ്കാരം സ്വീകാര്യമാകാൻ പെരുന്നാൾ പ്രഭാഷണം വേണമെന്ന വ്യവസ്ഥയില്ലെന്ന് ദുബായ് മതകാര്യ വകുപ്പ് വ്യക്തമാക്കി. നമസ്കാരം മാത്രം നിർവഹിച്ച് പിരിഞ്ഞ് പോയാലും പെരുന്നാൾ പ്രാർഥനയുടെ പുണ്യം കിട്ടുമെന്നതിൽ പുർവകാല പണ്ഡിതർ യോജിച്ചിട്ടുണ്ട്. മനുഷ്യരുടെ സുരക്ഷയാണ് മതത്തിന്റെ കാതലായവശമെന്നും മതകാര്യ വകുപ്പിലെ പണ്ഡിതരുടെ ഫത്‌വയിൽ വ്യക്തമാക്കി. 

വീടുകളിൽ വച്ചുള്ള പെരുന്നാൾ നമസ്കരിക്കേണ്ട സാഹചര്യത്തിൽ മാത്രമല്ല സാധാരണ ദിവസങ്ങളിലാണെങ്കിലും പെരുന്നാൾ നമസ്കാരപൂർത്തീകരണത്തിനു പ്രഭാഷണം അവിഭാജ്യ ഘടകമല്ല. വ്യക്തിഗതമായോ പളളിയിലോ ഈദ് ഗാഹിലോ വരാതെ വീട്ടിൽ വച്ച് പെരുന്നാൾ നമസ്കരിക്കുന്ന സ്ത്രീകൾക്കും പ്രസംഗത്തിന്റെ ആവശ്യമില്ലെന്ന കാര്യം പണ്ഡിതർ ചൂണ്ടിക്കാട്ടി. പ്രത്യേക സാഹചര്യത്തിലാണ് ഇത്തവണത്തെ പെരുന്നാൾ. അതാണ് പരിഗണനീയമായ കാര്യം. ഇസ്ലാമിലെ നാല് പ്രധാന ചിന്താസരണിയിലെ അഭിപ്രായഭേദം പരാമർശിച്ചാണ് പണ്ഡിതർ കോവിഡ് കാലത്തെ പെരുന്നാൾ നമസ്കാരവുമായി ബന്ധപ്പെട്ട മതവിധി വിശദീകരിച്ചത്.

ഹിജ്റ രണ്ടാം വർഷമാണ് ചെറിയ പെരുന്നാൾ നമസ്കാരം മതചര്യയായത്. സൂര്യോദയമാണ് നമസ്കാരസമയമായി നിശ്ചയിച്ചത്. നേരിയ അഭിപ്രായ വ്യത്യാസം ഇതിലുണ്ടെങ്കിലും ജീവനോ സ്വത്തിനോ നാശം ഭയക്കുന്ന സമയങ്ങളിൽ സംഘടിത പ്രാർഥനകൾക്ക് പ്രസക്തിയില്ലെന്നതാണ് മതത്തിന്റെ പൊരുൾ. 

നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ പകർച്ചവ്യാധി വ്യാപന ഭീതി നിലനിൽക്കുന്നുണ്ടെങ്കിൽ മത കർമാനുഷ്ഠാനങ്ങൾക്ക് ഇളവുകളുണ്ട്. വെള്ളിയാഴ്ചത്തെ ജുമുഅ പ്രാർഥന, അഞ്ചു സമയത്തെ സംഘടിത നമസ്കാരങ്ങൾ, വ്രതകാല തറാവീഹ് എല്ലാം സാമൂഹിക ചുറ്റുപാടുകൾക്ക് അനുസരിച്ച് ഇളവിന്റെ പരിധിയിൽ വരും. 

ജനങ്ങൾക്ക് മാരകമായ വൈറസ് ബാധിക്കാതിരിക്കാനാണ് ഈ മുൻകരുതൽ. പ്രഭാഷണങ്ങൾ, ഇഫ്താർ വിരുന്നുകൾ, ഔദ്യോഗികവും അനൗദ്യോഗികവുമായ ഒത്തുകൂടൽ, കുടുംബയോഗങ്ങൾ എല്ലാം ഒഴിവാക്കുന്നതും സമൂഹ സുരക്ഷയിൽ ഊന്നിയ മത നിയമങ്ങളുടെ ഭാഗമായാണ്. ലളിതവും വിശാലവുമായ കാഴ്ചപ്പാടുകളാണ് ആരാധനകളിലും മതനിയമങ്ങൾക്കുള്ളതെന്ന് പണ്ഡിതർ മതവിധി നൽകി.

മഹാമാരി നീങ്ങുന്നതു വരെ ആരാധനാലയങ്ങൾ അടച്ചിട്ടത് ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനമായ മനുഷ്യരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ്. അതു നീങ്ങുതുവരെ വ്യക്തികളും ചെറിയ കുടുംബങ്ങളുമായി വീടുകളിൽ വച്ച് നമസ്കരിക്കുകയാണ് വേണ്ടത്. കുളി, സുഗന്ധ ഉപയോഗം, മുന്തിയ വസ്ത്രം ധരിക്കൽ, നമസ്കാരത്തിനു മുമ്പ് ഈത്തപ്പഴം കഴിക്കൽ തുടങ്ങി പ്രഭാഷണമൊഴികെയുള്ള മതചര്യകൾ പിൻതുടരാമെന്നും മതവിധിയിലുണ്ട്.

'നിങ്ങളോട് ഒരു കാര്യം കല്പിച്ചാൽ നിങ്ങൾക്ക് കഴിയുന്ന വിധത്തിലതു പ്രാവർത്തികമാക്കുക' എന്ന പ്രവാചക വചനം ഉദ്ധരിച്ചാണ് മതകാര്യ വകുപ്പ് പെരുന്നാൾ നമസ്കാരത്തിന്റെ നിലവിലുള്ള ഗൗരവ സാഹചര്യത്തിലേക്ക് സമൂഹ ശ്രദ്ധ ക്ഷണിച്ചത്.. 

സമൂഹമാധ്യമങ്ങളിലൂടെ സമ്പർക്കം

ഈ പെരുന്നാളിലും കുടുംബ, വ്യക്തി സമ്പർക്കങ്ങൾ തുടരണമെന്ന് മതകാര്യ വകുപ്പ് ഓർമിപ്പിച്ചു. നേരിട്ടുള്ള സമ്പർക്കങ്ങൾക്ക് തടസ്സമുണ്ടെങ്കിലും സമുഹമാധ്യമങ്ങളും മറ്റു ആധുനിക മാർഗങ്ങളിലൂടെയും കുടുംബ, മാനുഷിക ബന്ധം ഊഷ്മളമാക്കണം. പെരുന്നാൾ സന്ദർശനങ്ങൾക്ക് ലോക്ഡൗൺ ലംഘിക്കരുത്. എല്ലാവരും പരസ്പരം സഹകാരികളും സുരക്ഷകരുമാറുക. ഔദ്യോഗിക കേന്ദ്രങ്ങൾ നൽകിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകണം പെരുന്നാളെന്നും പണ്ഡിതർ ഉപദേശിച്ചു.

English Summary: Instructions regarding Eid al-Fitr prayer in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com