ADVERTISEMENT

കുവൈത്ത് സിറ്റി● കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ പതിവ് രീതിയിൽ വിമാന സർവീസ് പുനരാരംഭിക്കുന്നതിന് ആലോചനകൾ തുടങ്ങി. ബന്ധപ്പെട്ട അധികൃതരുടെ അനുമതികൾ പൂർത്തിയാകുന്നതോടെ 3 ഘട്ടമായാകും സർവീസ് പൂർണരൂപത്തിൽ പുനഃസ്ഥാപിക്കുകയെന്ന് വ്യോമയാന വിഭാഗം വക്താവ് സ‌അദ് അൽ ഉതൈബി പറഞ്ഞു. 

ആദ്യഘട്ടത്തിൽ ജിസിസി, മധ്യപൂർവ രാജ്യങ്ങളിലേക്കാകും സർവീസ്. മൊത്തം സർവീസിന്റെ 30% ആണ് അത്. രണ്ടാംഘട്ടത്തിൽ അറബ് രാജ്യങ്ങളിലേക്ക് കൂടി സേവനം തുടങ്ങുന്നതോടെ 60% ആകും. തുടർന്ന് മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ച് സർവീസ് 100% ആക്കും. 

കർശന ആരോഗ്യ നിയന്ത്രണങ്ങളോടെയാകും വിമാനത്താവളം പ്രവർത്തിക്കുക. സാമൂഹിക അകലം, തെർമൽ ക്യാമറ ഉപയോഗം, വിമാനത്തിനകത്തെ മുൻ‌കരുതലുകൾ എന്നിവയെല്ലാം ഉറപ്പാക്കും.

യാത്രക്കാർക്കായി ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന നിർദേശങ്ങൾ:

● മെഡിക്കൽ പരിശോധനയ്ക്കുള്ള സമയം കൂടി കണക്കാക്കി വിമാനത്താവളത്തിൽ 4 മണിക്കൂർ മുൻപ് എത്തണം.

● മാസ്കും കൈയുറയും ധരിക്കണം.

● ഹ്രസ്വയാത്രകളിൽ ഭക്ഷണം ഉണ്ടാകില്ല.

● വിഐപി ലോഞ്ചിൽ ബുഫെ ഒഴിവാക്കും.

● ലൈനപ്പ് കർശനമാക്കുന്നതിന് തറയിൽ സൂചികയുണ്ടാകും.

● കാഷ് ഇടപാട് ഉണ്ടാകില്ല.

● പാസേജുകൾ തമ്മിൽ ചില്ലുമറയുണ്ടാകും.

● വിമാനത്താവളത്തിലും വിമാനത്തിലും കയറും മുൻ‌പ് തെർമൽ പരിശോധന.

● വിവിധയിടങ്ങളിൽ കൈകഴുകുന്നതിന് സാനിറ്റൈസേഷൻ പോയിൻ‌റുകൾ.

വിമാനത്താവളം/ വിമാന ജീവനക്കാർക്ക്:

● ക്രൂ അംഗങ്ങൾ സംരക്ഷണ ഉപകരണങ്ങൾ ധരിക്കണം.

● യാത്രക്കാർ കോണിയിൽനിന്ന് വിമാനത്തിലേക്ക് കയറുന്ന ഭാഗത്ത് നിശ്ചിത അകലം പാലിച്ച് നിൽക്കണം.

● വ്യക്തിഗത ബാഗുകൾ വിമാന കാബിനുകളിൽ സൂക്ഷിക്കരുത്. 

● ഓരോ സർവീസ് കഴിഞ്ഞാലും വിമാനവും ശുചീകരണ/വെൻ‌റിലേഷൻ ഉപകരണങ്ങളും അണുമുക്തമാക്കണം.

● ടോയിലറ്റുകൾ അണുമുക്തമാണെന്ന് ഉറപ്പുവരുത്തണം.

● ടേക്ക് ഓഫ് സമയത്തും ലാൻഡിങ് കഴിഞ്ഞ് യാത്രക്കാർ ഇറങ്ങും മുൻ‌പും വിമാനങ്ങളിലെ വെൻ‌റിലേഷൻ, എയർകണ്ടീഷനിങ് സംവിധാനങ്ങൾ പ്രവർത്തിപ്പിക്കണം.

● ഹ്രസ്വ യാത്രകളിൽ ഭക്ഷണം വിതരണം ചെയ്യരുത്. ദീർഘയാത്രകളിൽ പാക്കറ്റ് ഭക്ഷണങ്ങൾ ആകാം. വിമാനത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 30-40% കുറവ് വരുത്തണം.

വിമാനത്താവളത്തിലെ വാണിജ്യസ്ഥാപനങ്ങൾക്ക്:

● യാത്രക്കാരുമായി ഇടപഴകുന്നതിനാൽ ആരോഗ്യ സംരക്ഷണത്തിനായുള്ള പ്രതിരോധ സംവിധാനം ഉറപ്പാക്കണം. 

● സ്ഥാപനങ്ങൾ,ഇരിപ്പിടങ്ങൾ, ഹാളുകൾ എന്നിവ സദാ അണുനശീകരണ വിധേയമാക്കണം.

● പണമിടപാട് ഇ-സംവിധാനം വഴി മാത്രമായിരിക്കണം. കാഷ് ഇടപാട് പാടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com