ADVERTISEMENT

ദോഹ∙ വിശുദ്ധ റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയിലെ ജുമുഅ വേളയിലും വിശ്വാസികള്‍ പ്രാര്‍ഥനകള്‍ നിര്‍വഹിച്ചത് സ്വന്തം വീടുകളില്‍ തന്നെ. 

വിശ്വാസികള്‍ക്ക് ഇത് ജീവിതത്തിലെ ആദ്യാനുഭവമാണ്. റമസാന്റെ ആരംഭം മുതല്‍ക വെളളിയാഴ്ചകളിലുള്‍പ്പടെ പ്രാര്‍ത്ഥനകളും നിസ്‌കാരങ്ങളും വീട്ടിനുള്ളില്‍ തന്നെയാണ്. പ്രാര്‍ത്ഥനക്ക് സമയമായെന്നറിയിച്ചു കൊണ്ടുള്ള ബാങ്ക് വിളികള്‍ മാത്രമാണ് പള്ളികളില്‍ നിന്ന് മുഴങ്ങുന്നത്. റമസാനിലെ അവസാനത്തെ വെളളിയാഴ്ചയിലെ ജുമുഅ എങ്കിലും പള്ളികളില്‍ നിര്‍വഹിക്കാമെന്ന പ്രതീക്ഷയിലായിരുന്നു വിശ്വാസികള്‍. 

കോവിഡ്-19 എന്ന മഹാമാരിയില്‍ നിന്ന് ലോകത്തെ സംരക്ഷിക്കണമേയെന്ന തീവ്രമായ പ്രാര്‍ത്ഥനകളിലൂടെയാണ് റമസാന്‍ ദിനങ്ങള്‍ കടന്നു പോകുന്നത്. പെരുന്നാള്‍ നമസ്‌കാരവും വീട്ടില്‍ തന്നെ നടത്തണമെന്നാണ് ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രാലയം ആഹ്വാനം ചെയ്തിരിക്കുന്നത്. പരമ്പരാഗതമായി കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഒത്തുചേര്‍ന്ന് സന്തോഷത്തോടെയാണ് ചെറിയ പെരുന്നാള്‍ ആഘോഷിച്ചു വരുന്നത്. രാജ്യവും ജനങ്ങളും ഒന്നടങ്കം ആഘോഷത്തില്‍ പങ്കെടുക്കുകയാണ് പതിവ്. എന്നാല്‍ പള്ളികളില്‍ പോകാതെയും നിസ്‌കാരം വീട്ടിനുള്ളില്‍ തന്നെയാക്കിയും ബന്ധുക്കളുമായുള്ള ഒത്തുചേരലുകളില്ലാതെയും പരസ്പരം കണ്ട് ആശംസകള്‍ നേരാതെയും തൊട്ടടുത്തെങ്കിലും അകലത്തില്‍ ഇരുന്ന് പെരുന്നാള്‍ ആഘോഷിക്കേണ്ടി വരുന്നതിനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിന്റെ വേദനയിലാണ് പ്രായമായ വിശ്വാസികള്‍. 

കോവിഡ്-19 നിയന്ത്രണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 17 മുതല്‍ രാജ്യത്തെ പള്ളികളെല്ലാം അടച്ചിട്ടിരിക്കുന്നതിനാല്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് വേദനയോടെയാണ് വിശ്വാസികള്‍ കഴിയുന്നത്. ഖത്തറിലെ വലിയ പള്ളി എന്നറിയപ്പെടുന്ന ഇമാം ബിന്‍ അബ്ദുല്‍വഹാബ് പള്ളിയില്‍ മാത്രമാണ് റമസാന്‍ പ്രാര്‍ത്ഥനകള്‍ നടക്കുന്നത്. ഇമാമുമാര്‍ക്കും നിശ്ചിത എണ്ണം ജീവനക്കാര്‍ക്കും മാത്രമാണ് പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ അവസരം. പെരുന്നാള്‍ നമസ്‌കാരവും വലിയ പള്ളിയില്‍ മാത്രമാണ് നടക്കുന്നത്. വിശ്വാസികള്‍ക്കായി പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലും റേഡിയോകളിലും തല്‍സമയ സംപ്രേഷണം ഉണ്ടാകും. ജനങ്ങളുടെ ആരോഗ്യം സുരക്ഷിതമായ ശേഷമേ പള്ളികള്‍ തുറക്കുകയുള്ളുവെന്നാണ് ഔഖാഫിന്റെ നിര്‍ദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com