ADVERTISEMENT

അബുദാബി∙ വാഹനാപകടത്തിൽ ഇടതുകാലിന് ഗുരുതര പരുക്കേറ്റ മലയാളി യുവാവ് നാട്ടിലേക്കു മടങ്ങാൻ വഴി തേടുന്നു. അബുദാബി അൽവത്ബയിലെ സൂപ്പർമാർക്കറ്റിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് മാവുങ്കാൽ സ്വദേശി മൂലക്കണ്ടം ശ്രീജിത്കുമാർ ആണ് നാട്ടിലേക്കുള്ള പ്രത്യേക വിമാനത്തിൽ ഒരിടത്തിനായി ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത്. ഇങ്ങനെ അടിയന്തരമായി നാട്ടിലെത്തേണ്ട ഒട്ടേറെ പേരുള്ളപ്പോൾ വിമാനത്തിൽ അനർഹർ കയറിപ്പറ്റുന്നത് ഇവരെ കൂടുതൽ വേദനിപ്പിക്കുന്നു.

ജനുവരിയിൽ ജോലിക്കിടെ ശ്രീജിത്തിന്റെ ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണങ്കാലിലെ 2 എല്ല് പൊട്ടിയതോടെ അബുദാബി മഫ്റഖ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. കാലിൽ ഘടിപ്പിച്ച ലോഹഭാഗം 3 മാസം കഴിഞ്ഞ് എടുത്തു മാറ്റേണ്ടതായിരുന്നു. അതിനിടെ കോവിഡ് എത്തി. ആശുപത്രികളെല്ലാം കോവിഡ് ചികിത്സയ്ക്ക് മുൻതൂക്കം നൽകിയതോടെ 5 മാസമായിട്ടും ശസ്ത്രക്രിയ ചെയ്യാൻ സാധിച്ചിട്ടില്ല. ശസ്ത്രക്രിയ നടത്തി ലോഹഭാഗം എടുത്തു മാറ്റിയാലേ ശ്രീജിത്തിന് നടക്കാനാവൂ.

ജോലിക്കു പോകാനാവാതെ താമസ സ്ഥലത്തു കഴിയുകയാണ് ഇദ്ദേഹം. ഈ കാലും വച്ച് 17 മണിക്കൂർ നീണ്ട ജോലി ചെയ്താൽ വീണ്ടും ഗുരുതരാവസ്ഥയിലേക്ക് നീങ്ങുമെന്നാണ് 28കാരന്റെ ഭയം. അമ്മയും ഭാര്യയും ഒരു വയസ്സുള്ള മകളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ശ്രീജിത്. അധികൃതരുടെ കാരുണ്യത്തിൽ നാട്ടിലെത്തി അടിയന്തരമായി ശസ്ത്രക്രിയ നടത്തിയാലേ തുടർജീവിതത്തിലേക്ക് ഈ കുടുംബത്തിന് പിച്ചവയ്ക്കാനാവൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com