ADVERTISEMENT

ഷാർജ∙ രണ്ടരലക്ഷത്തോളം രൂപയും നഷ്ടമായി തൊഴിൽ തട്ടിപ്പിന് ഇരയായി മലയാളി യുവാക്കൾ അന്തിയുറങ്ങുന്നത് റോളയിലെ പാർക്കിലും പാലത്തിന് അടിയിലും. “ പൊലീസ് പിടിച്ചു കൊണ്ടുപോയി ജയിലിൽ ഇട്ടോട്ടെ എന്നു വിചാരിച്ചു. പട്ടിണികിടക്കാതെ കഴിയാമല്ലൊ. പക്ഷേ അതും സംഭവിച്ചില്ല"-അവർ മനോരമയോടു പറഞ്ഞു.

കംപ്യൂട്ടർ സയൻസ് ഡിപ്ലോമധാരിയായ പെരുമ്പാവൂർ സ്വദേശി അഖിൽ വേണുവും(22), ഇടുക്കി തടിയമ്പാട് സ്വദേശി ഷെബിൻ കുര്യനും(20) ആണ് തട്ടിപ്പിന് ഇരയായി ആഴ്ചകളായി ഷാർജ റോള പാർക്കിലും പാലത്തിന് അടിയിലുമായി അന്തിയുറങ്ങുന്നത്. തങ്ങൾ മാത്രമല്ല ഇനിയുമേറെ മലയാളികളും ഉത്തരേന്ത്യക്കാരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് ഇവർ പറയുന്നു. 

വിദ്യാഭ്യാസ തട്ടിപ്പിന്റെ ഇരകൂടിയാണ് ഇവർ. ജയ്പൂർ ചിത്രക്കോട്ടുള്ള സായ് എജ്യുക്കേഷൻ ട്രസ്റ്റിലാണ് ഇവർ കഴിഞ്ഞ ജൂണിൽ മൂന്നു മാസ മറൈൻ കോഴ്സിനു ചേർന്നത്. എസ്ടിസിഡബ്ല്യൂ (സ്റ്റാൻഡേഡ് ട്രെയിനിങ് സർട്ടിഫിക്കറ്റ് ഫോർ വാച്ച് കീപ്പിങ്) എന്ന കോഴ്സ് പഠിച്ചാൽ പെട്ടെന്ന് പ്ലെയ്സ്മെന്റ് കിട്ടുമെന്നാണ് സ്ഥാപനം വാഗ്ദാനം ചെയ്തിരുന്നത്. ഒന്നരലക്ഷം രൂപയായിരുന്നു അതിന് ചെലവ്. തുടർന്ന് അവരെ സർട്ടിഫിക്കറ്റ് ലഭിക്കാൻ ലക്നോവിൽ സിഎംഇടി എന്ന സ്ഥാപനത്തിലേക്കും അയച്ചു. 

സർവീസ് ചാർജും മറ്റുമായി രണ്ടരലക്ഷം രൂപയോളം വാങ്ങി. തുടർന്ന് പഠനം കഴിഞ്ഞ് നാട്ടിലെത്തി കൂറേനാൾ നിന്നു. പിന്നീട് ജനുവരിയിൽ മുംബൈയിലേക്ക് ടിക്കറ്റ് നൽകി കൊണ്ടുപോയി. അവിടെയും രണ്ടാഴ്ച സ്വന്തം ചെലവിൽ കഴിയേണ്ടി വന്നു. ബഹളം വച്ചതോടെയാണ് ഇരുവരെയും ജോലി ശരിയായി എന്ന് പറഞ്ഞ് ഷാർജയിലേക്ക് കയറ്റി വിട്ടത്. നിധീഷ് എന്ന ഇടനിലക്കാരൻ വഴിയായിരുന്നു ഇത്. അഖിൽ ജനുവരിയിലും ഷെബിൻ ഫെബ്രുവരിയിലും ഇവിടെ എത്തിയതാണ്. പാക്കിസ്ഥാനിയുടെ അക്കോമഡേഷനിലേക്കാണ് ഇവരെ കൊണ്ടുപോയത്. 

അയാൾ ഇവരുടെ പാസ്പോർട്ടും വാങ്ങിവച്ചു. ജോലി ലഭിക്കാതായതോടെയാണ് ഇരുവർക്കും തട്ടിപ്പ് മനസ്സിലായത്. പാക്കിസ്ഥാനിയും ഇവരെ താമസസ്ഥലത്തു നിന്നും പുറത്താക്കി. ഒരാഴ്ചയിലധികമായി ഇവർ പാർക്കിലും പാലത്തിന് അടിയിലുമായി താമസിക്കുകയാണ്. തുടർന്ന് ഷംസുദ്ദീൻ വഴി ഷാർജ ഇന്ത്യൻ അസോസിയേഷനുമായി ബന്ധപ്പെട്ടു. പ്രസിഡന്റ് ഇ.പി ജോൺസൺ ഇവരുടെ കാര്യത്തിൽ ഇടപെട്ടു. കോവിഡ് ഭീതിയുടെ ഈ സാഹചര്യത്തിൽ യാതൊരു സുരക്ഷയുമില്ലാതെ കഴിയുന്ന ഈ യുവാക്കളുടെ അവസ്ഥ കണ്ട് സങ്കടം തോന്നിയതായി അദ്ദേഹം പറഞ്ഞു.

പാസ്പോർട് ഉൾപ്പടെ തിരിച്ചു വാങ്ങി നൽകാനും ജോലി ശരിയാക്കി നൽകാനും ശ്രമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com