ADVERTISEMENT

മക്ക∙ തൊഴിൽ നഷ്ടപ്പെട്ടും ശമ്പളമില്ലാതെയും കൊറോണ മൂലവും ദുരിതമനുഭവിക്കുന്ന മക്കയിലെ ഇന്ത്യക്കാരെ ഇന്ത്യൻ കോൺസുലേറ്റ് തിരിഞ്ഞു നോക്കുന്നില്ലെന്നു പരാതി. ഭക്ഷണവും സഹായവും ലഭിക്കാതെ പലരും കടുത്ത പ്രതിസന്ധിയിലാണ്. ഈ വിഷയത്തിൽ സർക്കാരിന്റെയും രാഷ്ട്രീയ കക്ഷികളുടെയും അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് സന്നദ്ധസംഘടനകൾ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മക്ക ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ 21 സന്നദ്ധ സംഘടനകൾ ജിദ്ദയിലെ കോൺസുൽ ജനറൽ, റിയാദിലെ ഇന്ത്യൻ അംബാസഡർ, ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി,  എംപിമാർ, തുടങ്ങിയവർക്ക് നിവേദനം നൽകി.

സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ കൊറോണ ബാധ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് മക്കയിലാണ്. 12500 ലധികം പേർക്കാണ് ഇവിടെ രോഗബാധ. നിരവധി പേർ മരിച്ചു. ഒരുപാട്  ഇന്ത്യക്കാർ മക്കയിലെ വിവിധ ആശുപത്രികളിലും ക്വാറന്റീൻ സെന്ററുകളിലും കഴിയുകയാണ്. പലരുടെയും ആരോഗ്യസാഹചര്യങ്ങൾ ഏറെ ഗുരുതരമാണ്.

സൗദി സർക്കാരിന്റെ സഹായങ്ങളും മക്കയിലെ വിവിധ സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണവും മറ്റു സഹായങ്ങളുമാണ് ദുരിതമനുഭവിക്കുന്നവർക്കുള്ള പ്രധാനസഹായം. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഒരിടപെടലും നടത്തുന്നില്ലെന്നും പ്രവാസികളെ പാടെ അവണിക്കുകയാണെന്നും നിവേദനത്തിൽ പറയുന്നു. ജനസാന്ദ്രത ഏറിയ മക്ക നഗരത്തിൽ മുഴുസമയ കർഫ്യൂ ഏർപ്പെടുത്തിയതോടെ പ്രവാസികളിൽ ഏറിയ പങ്കും ദുരിതത്തിലാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ ശക്തവും  ഫലപ്രദവുമായ ഇടപെടലുകൾ ഉണ്ടാകണമെന്നു  സംഘടനാ വക്താക്കൾ ആവശ്യപ്പെട്ടു. 

കോവിഡ് മൂലം ദുരിതത്തിലായ പ്രവാസികൾക്ക് ആവശ്യമായ സൗകര്യങ്ങൾ എത്തിച്ചുകൊടുക്കാൻ സന്നദ്ധസംഘടനകൾ ആവുന്നവിധം പ്രവർത്തിക്കുന്നുണ്ട്. പക്ഷേ ലോക്ഡൗൺ നിയമങ്ങളും മറ്റ് നിയന്ത്രണങ്ങളും മൂലം പരിമിതമായേ ഈ പ്രവർത്തനം നടത്താനാവുന്നുള്ളൂ. കൂടുതൽ കാര്യക്ഷമമായി ഈ സേവനം തുടരാൻ സൗദി ഭരണകൂടത്തിന്റെ അനുമതി ആവശ്യാണ്. ഈ വിഷയത്തിൽ കോൺസുലേറ്റ് എത്രയും പെട്ടെന്ന് ഇടപടെണമെന്നും സന്നദ്ധപ്രവർത്തകർക്ക്  നിയമപരമായ സഹായ സഹകരണങ്ങൾ നൽകുന്നതിന്  ലൈസൻ ഓഫീസ് മക്കയിൽ തുറക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

നാട്ടിലേക്ക് തിരിച്ചുപോകാൻ എംബസ്സിയിൽ രജിസ്റ്റർ ചെയ്തവരിൽ നിന്ന്  അർഹരായവർക്ക് പ്രാമുഖ്യം നൽകുക, തിരിച്ചുപോക്കിന് വേഗം കൂട്ടാൻ  ജംബോ വിമാനങ്ങൾ സജ്ജമാക്കുക, മക്കയിൽ നിന്നും നാട്ടിൽ പോകാൻ അനുമതി ലഭിക്കുന്നവർക്കും അവരെ എയർപോർട്ടിൽ  എത്തിക്കുന്നവർക്കും നിയമാനുസൃതം പോകുന്നതിനുള്ള യാത്ര പെർമിറ്റുകൾ ലഭ്യമാക്കുക, ദുരിതത്തിലായവർക്ക്  ആവശ്യമായ ഭക്ഷണ സാധനങ്ങളും, മരുന്നുകളും എത്തിക്കാനുള്ള  നടപടികൾ ഏർപ്പെടുത്തുക തുടങ്ങിയവയാണ് പ്രവാസിസംഘടനകൾ മുന്നോട്ട് വച്ച മറ്റു ആവശ്യങ്ങൾ. 

ക്യാംപുകളിലും വീടുകളിലും  കഴിയുന്ന രോഗികളെ അല്ലെങ്കിൽ രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ആശുപത്രിയിലേക്കും ക്യാമ്പുകളിലേക്കും കൊണ്ടു പോകുന്നതിനാവശ്യമായ ആംബുലൻസ് സംവിധാനം ഏർപ്പെടുത്തണമെന്നും ഹജ്ജുകാലങ്ങളിൽ ചെയ്യുന്ന പോലെ മക്കയിൽ  ഏതാനും കെട്ടിടങ്ങൾ വാടകക്ക് എടുത്തു രോഗബാധിതർക്കുള്ള ക്വറന്റീൻ സൗകര്യങ്ങളൊരുക്കണമെന്നും നിവേദനത്തിൽ അഭ്യർഥിക്കുന്നു.

എംപിമാർ ഈ ആവശ്യങ്ങളോട് ആശാവഹമായ രീതിയിലാണ് പ്രതികരിച്ചെതെന്നും അവർ ഇന്ത്യൻ എംബസിയുമായ്  ബന്ധപ്പെട്ടിട്ടുണ്ടെന്നും സംഘടനാ വക്താക്കൾ വ്യക്തമാക്കി.

കെഎംസിസി  പ്രസിഡന്റ് അബ്ദുൽ മുഹൈമിൻ, ഓ.ഐ.സി.സി  പ്രസിഡന്റ് ഷാനിയാസ്  കുന്നിക്കോട്, ഇന്ത്യൻ ഫ്രറ്റേണിറ്റി പ്രസിഡന്റ് ഖലീൽ ചെമ്പയിൽ, തനിമ പ്രസിഡന്റ് അബ്ദുൽ ഹകീം ആലപ്പുഴ, ഐസിഎഫ് പ്രസിഡന്റ് സയ്യിദ് ബദറുദ്ധീൻ ബുഖാരി, മക്ക ഹജ്ജ് വെൽഫെയർ പ്രതിനിധി  ടി.പി അഹമ്മദ് കുട്ടി, എസ്.ഐ.സി പ്രസിഡന്റ് സൈനുദ്ധീൻ അൻവരി, ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ് അബ്ദുല്ല കോയ, ഇസ്ലാഹി സെന്റര് പ്രസിഡന്റ് മുഹമ്മദ് അലി കാരക്കുന്ന് തുടങ്ങി മക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 21 സംഘടനാ നേതാക്കൾ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com