sections
MORE

വിജയിച്ച പരീക്ഷണങ്ങളുടെ ക്വാറന്റീൻ അനുഭവങ്ങളുമായി പ്രവാസി മലയാളി

noushad-qatar
SHARE

ദോഹ ∙ കോവിഡ് കാലത്തെ ക്വാറന്റീൻ പ്രവാസികളെ പലരെയും പലതും പഠിപ്പിക്കുന്നു. ഇതുവരെ ജീവിച്ച ജീവിതത്തിനുമപ്പുറത്തെ അനുഭവങ്ങൾ അവരെ മാറ്റിമറിച്ചിരിക്കുന്നു. ചിന്തകളിൽ, പ്രവൃത്തികളിൽ, ശീലങ്ങളിൽ എല്ലാം വ്യത്യസ്തമായ നാളുകളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് പറയുന്നു, ഖത്തറിൽ ജോലി ചെയ്യുന്ന കണ്ണൂർ ചേലേരി സ്വദേശി നൗഷാദ് അബ്ദുൽ സലാം ദാലിൽ പള്ളി:   

'ഈ പരീക്ഷണവും അതിജീവിക്കും' എന്ന് നമ്മൾ പൊതുവെ പറയാറുള്ളതാണ്. പ്രളയം വന്നാലും മഹാമാരി വന്നാലും നമ്മളിത് ആവർത്തിക്കും. ഈ പ്രയോഗം സാമൂഹിക ചുറ്റുപാടുകളെ കുറിച്ചാണെങ്കിലും വ്യക്തി ജീവിതത്തിലും പുതിയ പരീക്ഷണങ്ങൾക്ക് തുടക്കമിട്ട സമയമായിരുന്നു ക്വാറന്റീൻ. എല്ലാം ലളിതമായി കൈകാര്യം ചെയ്യാം എന്ന് തിരിച്ചറിഞ്ഞ കാലം. വലിയ ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ നോമ്പും പെരുന്നാളും കടന്ന് പോകുമ്പോൾ, വേദനകൾക്കിടയിലും സന്തോഷം പകരുന്ന ഒട്ടേറ കാര്യങ്ങളുണ്ട്. 

അടുക്കള പ്രിയപ്പെട്ട ഇടമായി

പ്രവാസിയായി ഖത്തറിൽ എത്തിയിട്ട് രണ്ടുവർഷം പിന്നിടുന്നതേയുള്ളൂ. ജീവിതത്തിന്റെ ഒഴുക്ക് നിന്നപോലെ ഒരനുഭവം. അതുകൊണ്ടു തന്നെ ക്വാറന്റീൻ കാലം വളരെ ദീർഘമേറിയതായി അനുഭവപ്പെടുന്നു. പരീക്ഷണക്കാലത്ത് മറ്റു ചില പരീക്ഷണങ്ങൾക്ക് സമയം കണ്ടെത്തിയതാണ് സന്തോഷം പകരുന്ന കാര്യം. ഒരുപാട് പുതുമയേറിയ കാര്യങ്ങൾ ചെയ്യാൻ സാധിച്ചു എന്നത് തന്നെയാണ് എന്നെ സംബന്ധിച്ചെടുത്തോളം ഈ ദിനങ്ങൾ വ്യത്യസ്തമാക്കുന്നത്.  മറ്റുള്ളവർക്ക് ഇതൊരിക്കലൂം പുതുമയുള്ള കാര്യമല്ല. പാചക പരീക്ഷണങ്ങളാണ് അതിലൊന്ന്. അടുക്കള അലർജിയായിരുന്ന ഒരാൾ അടുക്കളയെ പ്രണയിച്ചു തുടങ്ങിയ അനുഭവം. ഇപ്പോൾ ഏറ്റവും സന്തോഷം പകരുന്ന ഒന്ന് പാചകമാണ്. അതൊരു അസാധാരണമായ കലയാണെന്ന് ക്വാറന്റീൻ കാലം പഠിപ്പിച്ചു തന്നു. പാചക പരീക്ഷണങ്ങൾ വിജയിച്ചോ ഇല്ലയോ എന്നതല്ല കാര്യം. ഭക്ഷണം കഴിച്ചുമാത്രം ശീലിച്ച ഒരാൾ രുചി വൈവിധ്യങ്ങൾ ഒരുക്കാൻ ശീലിക്കുന്നതിലേക്കുള്ള മാറ്റം അവിശ്വസനീയമാണ്. 

വായന നൽകുന്ന ഉന്മേഷം

ഒരിഷ്ടവും ഇല്ലാതിരുന്ന മറ്റൊരു കാര്യം വായനയായിരുന്നു. എത്രയോ നല്ല പുസ്തകങ്ങൾ വീട്ടിൽ ഉണ്ടായിരുന്നിട്ടും ആ വഴിക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. അതിന്റെ സുഖം കാര്യമായി അനുഭവിച്ചിരുന്നില്ല. ഇന്നിപ്പോൾ ഓൺലൈൻ വഴി ഒട്ടനവധി പുസ്തകങ്ങൾ വായിക്കാനായി. വായിക്കുന്തോറും മനസ്സിന് സുഖം കൂടുന്നു. പുതിയൊരു ഉന്മേഷം. പുതിയ ചക്രവാളങ്ങൾ കടന്നുപോകുന്ന പ്രതീതി. വാക്കുകളുടെ മാസ്മരികത അനുഭവിക്കുന്ന നിമിഷങ്ങൾ. ക്വാറന്റീൻ കാലത്തെ വരവേറ്റത് ജീവിതത്തിൽ ഒരിക്കലും സംഭവിക്കുമെന്ന് കരുതാത്ത ഇത്തരം പരിപാടികളിലൂടെയാണ്.

സൗഹൃദങ്ങൾ തിരികെ വന്നു

സൗഹൃദങ്ങളെ തേച്ചുമിനുക്കാനും സമയം കിട്ടി. തിരക്കുകൾക്കിടയിൽ കൈവിട്ടു പോയ സുഹൃത്തുക്കളെ തിരിച്ചു പിടിച്ചു. ബന്ധങ്ങളെല്ലാം പൊടിതട്ടിയെടുത്തു.  നാളെയും ഇതൊക്കെ തുടരണമെന്ന പാഠമാണ് എനിക്കീ ലോക് ഡൗൺ കാലം. പല സാഹചര്യങ്ങളിൽ ജീവിക്കുന്നവരെ ചേർത്തുപിടിക്കാനും ഓരോ മനുഷ്യനും അനുഭവിക്കുന്ന വേദനകൾ മനസ്സിലാക്കാനും ചെറു സഹായങ്ങൾ ചെയ്തു മറ്റുള്ളവരെ ആശ്വസിപ്പിക്കാനും കഴിയുന്നു എന്നത് തന്നെയാണ് ഈ കൊറോണ കാലത്തെ മികച്ച അനുഭവം. 

നമ്മൾ അതിജീവിക്കും

ഈ നിശ്ചലമായ യാത്ര ഇനിയെത്ര കാലം എന്നത്  ഒരു ചോദ്യമാണ്. ഇങ്ങകലെ മറ്റൊരു നാട്ടിലാകുമ്പോൾ ഇരട്ടി വേദനകളുണ്ട്. പ്രവാസത്തിന്റെ സ്വാഭാവിക നോവും കോവിഡ് തീർക്കുന്ന പ്രതിസന്ധികളും. നമ്മൾ അതിജീവിക്കും എന്ന ആത്‌മവിശ്വാസം മാത്രാമാണ് ശക്തി. സ്‌നേഹപെരുന്നാൾ പുതിയ വസന്തത്തിലേക്കുള്ള തുടക്കമാകട്ടെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA