ADVERTISEMENT

ദുബായ്∙ ദുബായിൽ ഇന്നു മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്. വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 6 മുതൽ രാത്രി 11 വരെ പ്രവർത്തിക്കാം. രാത്രി 11 വരെ പുറത്തിറങ്ങാനും വിലക്കില്ല. അതിനു ശേഷം അണുനശീകരണം. ജിം, സിനിമാ ശാലകൾ, ഐസ് റിങ്ക് ഉൾപ്പെടെയുള്ള ഉല്ലാസകേന്ദ്രങ്ങൾ എന്നിവയ്ക്ക് ഉപാധികളോടെ പ്രവർത്തിക്കാനും പരമോന്നത സമിതി അനുമതി നൽകി.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ നടന്ന വെർച്വൽ യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉന്നതർ പങ്കെടുത്തു. തിയറ്ററുകളിൽ ഇരിപ്പിടങ്ങൾ തമ്മിൽ സുരക്ഷിത അകലം വേണം. അണുനശീകരണവും നടത്തണം. ദുബായിൽ പാർക്കുകൾ തുറക്കാനും ട്രാം-ജലയാന സർവീസുകൾ പുനരാരംഭിക്കാനും നേരത്തേ അനുമതി നൽകിയിരുന്നു.

ഏപ്രിൽ 4നു നിർത്തിവച്ച മെട്രോ സർവീസുകളും 26ന് പുനരാരംഭിച്ചിരുന്നു. ആരോഗ്യനിർദേശങ്ങൾ പാലിക്കേണ്ടത് ഓരോ വ്യക്തിയും സ്വന്തം ഉത്തരവാദിത്തമായി കാണണമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. രോഗത്തെ പ്രതിരോധിക്കാൻ രാജ്യത്ത് എല്ലാ ശാസ്ത്രീയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. രോഗവ്യാപനം തടയാൻ ജനങ്ങളുടെ സഹകരണം കൂടി വേണം.

കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളിലടക്കം സൗകര്യമൊരുക്കിയിട്ടുണ്ട്. ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ ഫീൽഡ് ആശുപത്രിയിൽ 3,000 പേരെയും ദുബായ് പാർക്സ് ആൻഡ് റിസോർട്സ് ഫീൽഡ് ആശുപത്രിയിൽ 1,200 പേരെയും കിടത്തി ചികിത്സിക്കാം. എക്സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറൽ അബ്ദുല്ല അൽ ബസ്തി, ദുബായ് പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി, ആർടിഎ ചെയർമാൻ മത്തർ അൽ തായർ, ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് മുഹമ്മദ് അൽ ഖത്താമി, ദുബായ് മീഡിയ ഓഫിസ് ഡയറക്ടർ ജനറൽ മോന ഗാനിം  അൽ മർറി, മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ് വൈസ് ചാൻസലർ ഡോ.അമർ അൽ ഷെറീഫ് തുടങ്ങിയവർ വെർച്വൽ യോഗത്തിൽ പങ്കെടുത്തു.

ഡെന്റൽ, ഇഎൻടി ക്ലിനിക്  തുറക്കും

ഇഎൻടി ഉൾപ്പെടെയുള്ള ക്ലിനിക്കുകൾ, ഡന്റൽ ആശുപത്രികൾ എന്നിവയ്ക്കും പ്രവർത്തനാനുമതി നൽകി. ശസ്ത്രക്രിയകൾ പുനരാരംഭിക്കാം. പരമാവധി 2.5 മണിക്കൂർ വരെ വേണ്ടിവരുന്ന ശസ്ത്രക്രിയകൾക്കാണ് അനുമതി. കഴിഞ്ഞദിവസം ആയുർവേദവും ഹോമിയോപ്പതിയും  അടക്കമുള്ള എല്ലാ സമാന്തര ചികിത്സകളും പുനരാരംഭിക്കാൻ അനുമതി നൽകിയിരുന്നു. പ്രകൃതി ചികിത്സ, അക്യുപങ്ചർ ഉൾപ്പെടെയുള്ള ചൈനീസ്, ഗ്രീക്  ചികിത്സാ രീതികൾ, പച്ചില മരുന്നുകൾ, ഫിസിയോ തെറപ്പി എന്നിവയ്ക്കും അനുമതി ലഭിച്ചു.

മാസ്ക് നിർബന്ധം

പുറത്തിറങ്ങുമ്പോഴും സ്ഥാപനങ്ങളിൽ ചെല്ലുമ്പോഴും മാസ്ക് നിർബന്ധം. വ്യക്തികൾ തമ്മിൽ 2 മീറ്റർ അകലം പാലിക്കണം. സാനിറ്റൈസറുകൾ കരുതണം. കൈകൾ സോപ്പുലായനിയിൽ 20 സെക്കൻഡ് നന്നായി കഴുകണം.

14 ദിവസം ക്വാറന്റീൻ

രാജ്യത്ത് മടങ്ങിയെത്തുന്നവർ 14 ദിവസം ക്വാറന്റീനിൽ കഴിയണം. ഇവർക്ക്  എല്ലാ സമയത്തും മാസ്ക് നിർബന്ധം. പാത്രങ്ങളും ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന സാമഗ്രികളും ഒരുതവണ ഉപയോഗിച്ചു കളയാവുന്നതാകണം. 12 വയസ്സിൽ താഴെയുള്ള കുട്ടികൾ, 60 വയസ്സ് കഴിഞ്ഞവർ, കടുത്ത ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർക്ക് മാളുകളിലും സിനിമാ ശാലകളിലും സ്പോർട്സ്-വിദ്യാഭ്യാസ കേന്ദ്രങ്ങളിലും പ്രവേശനമില്ല.


ഇളവുള്ള മേഖലകൾ

∙ ദുബായ് വിമാനത്താവളം ഭാഗികമായി തുറക്കും. വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ യുഎഇ താമസ വീസക്കാർ തിരികെയെത്തുന്ന മുറയ്ക്കാണു തുറക്കുക. തിങ്കൾ മുതൽ തിരികെ  എത്താനാണ്  എമിഗ്രേഷന്റെ അനുമതി. ട്രാൻസിറ്റ് യാത്രക്കാരെയും അനുവദിക്കും.

∙ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, കുട്ടികൾക്കുള്ള പഠനകേന്ദ്രങ്ങൾ, തെറപ്പി സെന്ററുകൾ.

∙ സ്പോർട്സ് അക്കാദമികൾ. അണുനശീകരണമടക്കമുള്ള സുരക്ഷാ നടപടികൾ ഉറപ്പുവരുത്തുകയും സന്ദർശകരെ നിയന്ത്രിക്കുകയും വേണം.

∙ ഔട്സോഴ്സ് ചെയ്ത സർക്കാർ സേവന കേന്ദ്രങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com