ADVERTISEMENT

ഷാർജ ∙ ദുബായ് എമിറേറ്റിൽ ജോലിയും ഷാർജയിൽ താമസവുമാക്കിയവർക്ക് ലോക്ഡൗൺ സമയത്ത് പ്രവേശിച്ചാലും പിഴയുണ്ടാകില്ലെന്ന് ഷാർജ പൊലീസ്. അണുവിമുക്ത യജ്ഞത്തിന്റെ ഭാഗമായി രാത്രി എട്ടുമണി മുതലാണ് എമിറേറ്റിൽ വാഹനങ്ങൾക്ക്  നിയന്ത്രണം ഏർപ്പെടുത്തിയത്. ഗതാഗത നിയന്ത്രണമേർപ്പെടുത്തിയ സമയത്ത് ഷാർജ വഴി കടന്നു പോകുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ ഷാർജ പൊലീസ് മേധാവി മേജർ സൈഫ് അൽ റസ്സി അശ്ശാംസിയാണ് ഇക്കാര്യം അറിയിച്ചത്. 

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള അണുനശീകരണ യജ്ഞത്തെ തുടർന്ന് വൈകി എമിറേറ്റിൽ പ്രവേശിക്കുന്നവർ പൊലീസ് ഉദ്യോഗസ്ഥർക്ക് ദുബായിലാണ് ജോലി ചെയ്യുന്നതെന്ന് തെളിയിക്കുന്ന ലേബർ കാർഡ് കാണിച്ചാൽ മതിയാകും. ഇവരുടെ തൊഴിൽ തസ്തികയുടെ സ്വഭാവം കൂടി പരിഗണിച്ചായിരിക്കും പൊലീസ് നിയമ ലംഘനമാണോ അല്ലയോ എന്ന് ഉറപ്പാക്കുക. 

ദുബായ് എമിറേറ്റിൽ ജോലി ചെയ്യുന്നവർക്ക് നൽകുന്ന ഇളവ് ദേശീയ അണു നശീകരണ യജ്ഞ സമയത്ത് വാഹനവുമായി നിരത്തിലിറങ്ങുന്ന എല്ലാവർക്കും ലഭിക്കില്ല. ഷോപ്പിങ്, വിനോദം, വ്യക്തിഗത ആവശ്യങ്ങൾ എന്നിവയ്ക്ക് പുറത്തിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മേജർ അൽശാംസി മുന്നറിയിപ്പ് നൽകി. 

ഇരു എമിറേറ്റുകളും തമ്മിലുള്ള ഗതാഗത നിയന്ത്രണ സമയ വ്യത്യാസം മനസിലാക്കി ആയിരിക്കണം ആളുകൾ പുറത്തിറങ്ങേണ്ടത്. ലോക്ഡൗൺ നിയമങ്ങൾ എല്ലാവരും കർശനമായി പാലിക്കണം അടിയന്തര ഘട്ടങ്ങളിലല്ലാതെ ആരും പുറത്തിറങ്ങരുതെന്നും അദ്ദേഹം പൊതുജനങ്ങളെ ഓർമിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com