ADVERTISEMENT

ദോഹ ∙ വന്ദേഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്ന് 13 വിമാനങ്ങളിലായി ഇന്ത്യയിലേക്ക് ഇതുവരെ മടങ്ങിയത് 2,232 പ്രവാസികള്‍. ഇതില്‍ 61 പേര്‍ കുട്ടികളാണ്.

മേയ് 9 മുതല്‍ 30 വരെയുള്ള യാത്രക്കാരുടെ കണക്കാണിത്. ദോഹയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള 13 വിമാനങ്ങളില്‍ ഏഴെണ്ണവും കേരളത്തിലേക്കാണ് പറന്നത്. നാട്ടിലേക്ക് മടങ്ങിയവരില്‍ ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികള്‍, സന്ദര്‍ശക വീസയിലെത്തിയ മുതിര്‍ന്ന പൗരന്മാര്‍, ജോലി നഷ്ടപ്പെട്ടവര്‍, നാട്ടില്‍ ബന്ധുക്കള്‍ മരിച്ചതിനെ തുടര്‍ന്ന് മടങ്ങിയവര്‍, ഗാര്‍ഹിക തൊഴിലാളികള്‍, ജയില്‍ മോചിതര്‍ എന്നിവരെല്ലാമാണുള്ളത്. 

മേയ് 9 ന് ആരംഭിച്ച ഒന്നാം ഘട്ടത്തില്‍ കേരളത്തിലേക്ക് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് അനുവദിച്ചിരുന്നത്. മേയ് 18 ന് ആരംഭിച്ച രണ്ടാം ഘട്ടത്തില്‍ കേരളത്തിലേക്ക് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവയ്ക്ക് പുറമേ വിശാഖ പട്ടണം, ഹൈദരാബാദ്, ഡല്‍ഹി, ബംഗളുരു, ഗയ എന്നിവിടങ്ങളിലേക്കും ഓരോ സര്‍വീസുകള്‍ നടത്തി. ഈദിന് ശേഷം മേയ് 29 മുതല്‍ക്കാണ് രണ്ടാം ഘട്ടത്തിലെ തുടര്‍ സര്‍വീസുകള്‍ ആരംഭിച്ചത്. കേരളത്തിലേക്ക് കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളിലേക്ക് രണ്ട് വീതവും തിരുവനന്തപുരത്തേക്ക് ഒരു സര്‍വീസുമാണുള്ളത്. കൂടാതെ ഡല്‍ഹി, അഹമ്മദാബാദ്, അമൃത്‌സര്‍, ചെന്നൈ, ലഖ്‌നൗ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍. ഇവയില്‍ മേയ് 31 ന് അമൃത്‌സര്‍, ജൂണ്‍ 2 ന് കൊച്ചി, 3ന് തിരുവനന്തപുരം, ചെന്നൈ, 4 ന് കണ്ണൂര്‍, ലക്‌നൗ തുടങ്ങിയ സര്‍വീസുകളാണ് അവശേഷിക്കുന്നത്.

ദോഹയില്‍ നിന്ന് വന്ദേഭാരത് മിഷനില്‍ ഇന്‍ഡിഗോ 28 സര്‍വീസുകള്‍ കേരളത്തിലേക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും എന്നു മുതല്‍ തുടങ്ങുമെന്നത് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ വന്ദേഭാരത് മിഷന്റെ ഭാഗമായി  നാട്ടിലേക്ക് എത്താന്‍  പ്രവാസികള്‍ക്ക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം എയര്‍ ഇന്ത്യ അധികം വൈകാതെ ആരംഭിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

കാത്തിരിക്കുന്നത് പതിനായിരങ്ങള്‍

ഖത്തറിലെ ഇന്ത്യന്‍ എംബസി നല്‍കിയ കണക്ക് പ്രകാരം ഇന്ത്യയിലേക്ക് മടങ്ങാനായി എംബസിയില്‍ റജിസ്റ്റര്‍ ചെയ്തത് 45,000ത്തോളം പേരാണ്. ഇവരില്‍ 28,000 പേര്‍ മലയാളികളാണ്. മേയ് 30 വരെ സര്‍വീസ് നടത്തിയ 13 വിമാനങ്ങളിലായി 2,232 പേര്‍ക്ക് മാത്രമേ ഇതുവരെ നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞുള്ളു. അടിയന്തരമായി നാട്ടിലേക്ക് മടങ്ങേണ്ട പതിനായിരങ്ങള്‍ ഇനിയും കാത്തിരിപ്പിലാണ്. മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസി ഇന്ത്യക്കാര്‍. 

ചാര്‍ട്ടര്‍ വിമാനത്തിന് അനുമതി തേടി സംഘടനകളും

ഖത്തര്‍ കെഎംസിസി, കേരള ബിസിനസ് ഫോറം ഖത്തര്‍, ഖത്തര്‍ ഇന്‍കാസ് തുടങ്ങിയ സംഘടനകള്‍ ഇന്ത്യയിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. കെഎംസിസിക്ക് തത്വത്തില്‍ അംഗീകാരം ലഭിച്ചെങ്കിലും മറ്റ് വകുപ്പുകളില്‍ നിന്നുള്ള അനുമതികള്‍ കൂടി ലഭിക്കേണ്ടതുണ്ട്. നാട്ടിലേക്കുള്ള യാത്രക്കാരുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കാന്‍ കെഎംസിസി റജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുമുണ്ട്.

English Summary: Expat return from Qatar to India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com