ADVERTISEMENT

ദുബായ് ∙ ലോക്​ഡൗൺ ദുബായിയുടെ പ്രകൃതിയിലും മാറ്റങ്ങൾ വരുത്തിയെന്നും പരിസ്ഥിതി ദിനാചരണം കഴിഞ്ഞാലും ഈ പുതിയ ആകാശവും പുതിയ ഭൂമിയും നിലനിൽക്കണേ എന്നാണ് പ്രാർഥനയെന്നും ജേക്കബ് മാത്യു (ജോജോ). 10 വർഷമായി തുടരുന്ന പ്രഭാത സവാരിയിൽ ഈ വ്യത്യസ്ത വ്യക്തമായി മനസ്സിലാക്കാമെന്നും നാഷനൽ എയർ കാർഗോ പ്രസിഡന്റായ അദ്ദേഹം പറയുന്നു. കടുത്ത പ്രകൃതി വാദിയോ ഫോട്ടോ​ഗ്രാഫി കമ്പക്കാരനോ അല്ലാത്ത തനിക്കു പോലും ഈ മാറ്റങ്ങൾ കാണാതിരിക്കാനാവുന്നില്ല.

ദുബായ് ക്രീക്കിന് സമീപത്തെ ഗോൾഫ് കോഴ്സിലാണ് താമസയിടം. പൊടിപടലങ്ങൾ ഒഴിഞ്ഞ ആകാശവും ശബ്ദ കോലാഹലങ്ങൾ ഒഴിഞ്ഞ പരിസരവും പ്രസരിപ്പിന്റേതാണ്. മുൻപ് ഗോൾഫ് കോഴ്സിൽ നടക്കാൻ പോകുമ്പോൾ പക്ഷികളൊക്കെ പേടിച്ച് പറന്നു മാറുമായിരുന്നു. ഇപ്പോൾ അവ കൂടുതൽ ധൈര്യത്തോടെ അവിടെ നടക്കുന്നു. ഇതു ഞങ്ങളുടെ ഇടമാണെന്ന ധൈര്യം അവയ്ക്കു കൈവന്നപോലെ. വേണമെങ്കിൽ ഞങ്ങൾക്കൊപ്പം ഓരം ചേർന്നു നടന്നോ എന്ന ഭാവം.. ഇതുവരെ കേൾക്കാത്ത കിളിയൊച്ചകളും ഇപ്പോൾ കേൾക്കാം. ചെന്നായ്ക്കളെപ്പോലും കാണാം.

പണ്ടൊക്കെ ഒരു കർമാനുഷ്ഠാനം പോലെയായിരുന്നു നടത്തം. അന്നൊന്നും സമയമില്ലായിരുന്നു. പക്ഷേ ഇപ്പോൾ പ്രകൃതിയെ കാണാൻ സമയമുണ്ട്. കോവിഡ് പകർന്ന മറ്റൊരു പാഠമതാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്ന ചിന്തയും വളർന്നു. അതോടെ നടപ്പും കാഴ്ചകളും ആസ്വാദ്യകരമായി. കാഴ്ചകൾ കൂടുതൽ ഹൃദ്യമായി. കുളിച്ചൊരുങ്ങി നിൽക്കുന്നതു പോലുള്ള പ്രകൃതി കോവിഡ് കാലം കഴിഞ്ഞാലും കാണാനാകണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com