ADVERTISEMENT

ദുബായ് ∙ കോവിഡ് ആശങ്കകൾക്കു പുറമേ ചൂടും കത്തിക്കയറിയതോടെ മനസും ശരീരവും തണുപ്പിക്കാൻ ജ്യൂസുകളുടെ 'പെരുമഴക്കാലം'. കുളിർമയുള്ള ആശ്വാസം േതടുന്നവർക്കു മുന്നിൽ പലനിറത്തിലുള്ള രുചിക്കൂട്ടുകളൊരുക്കി കാത്തിരിക്കുകയാണ് ജ്യൂസ് കടക്കാർ. ആവശ്യക്കാർ കൂടിയതോടെ കടകളിൽ 'സ്പെഷൽ കോംപിനേഷനുകൾ' പതഞ്ഞുയരുന്നു. പല കടക്കാരും ജ്യൂസ് തയാറാക്കുന്നതിൽ വൈദഗ്ധ്യം നേടിയവരെ രംഗത്തിറക്കിയതോടെ കൂൾ ആയി പൊടിപൊടിക്കുകയാണു കച്ചവടം. മെനു കാർഡിൽ ജ്യൂസുകളുടെ എണ്ണം കണ്ട് അന്തംവിട്ടിരിക്കുന്നവർക്ക് ചെയ്യാൻ ഒന്നു മാത്രം-ദിവസവും ഒാരോന്നു പരീക്ഷിക്കുക.

ലോകത്തെ സകല രുചിക്കൂട്ടുകളുടെയും ആസ്ഥാനമായ ദുബായ് കരാമയിൽ 20 മുതൽ 40 വരെ ജ്യൂസുകളും കോക്ടൈലുകളും കിട്ടുന്ന കടകളുണ്ട്. അവൊക്കാഡൊ, ഒാറഞ്ച്, സ്ട്രോബറി, പൈനാപ്പിൾ, മാമ്പഴം, ചിക്കു, പപ്പായ, ആപ്പിൾ, കാരറ്റ്, മുന്തിരി, മാതളനാരങ്ങ എന്നിങ്ങനെ നീളുന്നു. കോഴിക്കോടൻ പഴം ജ്യൂസ് വേണമെങ്കിൽ അതും റെഡി. ഈന്തപ്പഴം, ഉണങ്ങിയ പഴങ്ങൾ, അണ്ടിപ്പരിപ്പ്, ബദാം തുടങ്ങിയവ അരച്ചുചേർത്ത സ്പെഷൽ ജ്യൂസുകളുമുണ്ട്. ഇതിനെല്ലാം പുറമേ ടൈറ്റാനിക്, അബ്ബാദി, ഗാലക്സി, ഹഫീതി തുടങ്ങിയ പേരുകളിൽ കോക്ടൈലുകളും അവതരിച്ചിട്ടുണ്ട്. ഒാരോ കടയിലും കോക്ടൈലിന്റെ പേരിലും കൂട്ടിലും വ്യത്യാസമുണ്ടാകും. കൂട്ടുകൾ രഹസ്യം. രുചി ഒന്നിനൊന്നു മെച്ചം.

വൈകുന്നേരങ്ങളിലാണ് കടയിൽ ഏറ്റവും തിരക്കനുഭവപ്പെടുന്നതെന്ന് 10 വർഷത്തിലേറെയായി ഈ രംഗത്തു പ്രവർത്തിക്കുന്ന കരാമയിലെ പ്രമുഖ ജ്യൂസ് സ്റ്റാൾ ഉടമ നാദാപുരം സ്വദേശി ലത്തീഫ് പറഞ്ഞു. മലയാളികളടക്കം എല്ലാവരും എത്തുന്നു. സ്മോൾ, മീഡിയം, ലാർജ് കപ്പുകളിൽ ലഭിക്കും. ഒാരോ കടയിലും വിലയിൽ നേരിയ വ്യത്യാസമുണ്ടാകും. 6 ദിർഹം മുതൽ ലഭ്യമാണ്.

ഷെയ്ക് ആണു മറ്റൊരു താരം. പിസ്ത, വാനില, സ്ട്രോബറി, ചോക്കലേറ്റ്, മാംഗോ, ഈന്തപ്പഴം മിൽക് ഷെയ്കുകൾ, ഫലൂദ, അറേബ്യൻ മിൽക് ഷെയ്ക് എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. കോവിഡ് പ്രതിരോധശേഷി കൂട്ടാൻ ഒാറഞ്ച് നല്ലതാണെന്നു റിപ്പോർട്ടുകൾ ഉള്ളതിനാൽ ഒാറഞ്ച്, ലൈം ജ്യൂസുകൾക്ക് ആവശ്യക്കാർ കൂടിയതായും കച്ചവടക്കാർ പറയുന്നു.

തണ്ണിമത്തനും താരം

കടകളിലും സൂപ്പർ മാർക്കറ്റുകളിലും തണ്ണിമത്തൻ കച്ചവടം കൂടി. ഒമാനിൽ നിന്നു ധാരാളം തണ്ണിമത്തൻ എത്തുന്നുണ്ട്. ഒമാനിൽ ഇത്തവണ നല്ല വിളവെടുപ്പ് ലഭിച്ചു. മറ്റുള്ളവയെ അപേക്ഷിച്ച് വില കുറവായതിനാൽ തണ്ണിമത്തന് ആവശ്യക്കാർ കൂടുതലാണ്.

തണ്ണിമത്തൻ സോഡ, തണ്ണിമത്തൻ ലൈം, കോക്ടൈൽ തണ്ണിമത്തൻ, ജിഞ്ചർ തണ്ണിമത്തൻ എന്നിങ്ങനെ കടകളിൽ 'മിക്സിങ്ങുകളും' ഏറെ. തണ്ണിമത്തൻ ജ്യൂസിൽ നാരങ്ങ, ഇഞ്ചി തുടങ്ങിയവ ചേർക്കുന്നതോടെ രുചി പാടെ മാറും. ഫിലിപ്പീൻസ്, പാക്കിസ്ഥാൻ, തുർക്കി, അറേബ് വംശജർ എന്നിവർക്കും ഏറെ പ്രിയപ്പെട്ടതാണിത്.

പഴങ്ങൾ കഴിക്കാം, പ്രതിരോധശേഷി കൂട്ടാം

കോവിഡ് സാഹചര്യത്തിൽ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാൻ വൈറ്റമിൻ സി, ഡി, എ തുടങ്ങിയവ ആവശ്യമാണെന്നു റാസൽഖൈമ യൂണിയൻ മെഡിക്കൽ ആൻഡ് ദന്തൽ സെന്ററിലെ സീനിയർ ഡോക്ടർ റെജി കെ.ജേക്കബ് പറഞ്ഞു. ഇതിൽ വൈറ്റമിൻ സി ആണു പ്രധാനം. മികച്ച ആന്റി ഒാക്സിഡന്റ് ആണിത്. ശരീര കോശങ്ങളുടെ സംരക്ഷണത്തിനും വലിയ പങ്കു വഹിക്കുന്നു. നെല്ലിക്കയിൽ ഇതു ധാരാളമുണ്ട്. ശരീരത്തിന് ഒരു ദിവസം 75 മുതൽ 90 മില്ലിഗ്രാം വരെ വൈറ്റമിൻ സി ആവശ്യമാണ്. പപ്പായ, കിവി, നാരങ്ങ, ഒാറഞ്ച്, സ്ട്രോബറി, മാതളനാരങ്ങ, തണ്ണിമത്തൻ, ഫാഷൻ ഫ്രൂട്ട് എന്നിവയിലുമുണ്ട്. ജ്യൂസ് ആക്കാതെ ഇവ കഴിക്കുന്നതാണു കൂടുതൽ നല്ലത്.

ചൂടുകാലത്ത് നിർജലീകരണത്തിന് (ഡീഹൈഡ്രേഷൻ)സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കുകയും പഴവർഗങ്ങൾ കഴിക്കുകയും വേണം. എന്നാൽ പ്രമേഹ രോഗികൾ േഡാക്ടറുടെ നിർേദശപ്രകാരം ഭക്ഷണം ക്രമീകരിക്കണം. പച്ചക്കറികളും പഴങ്ങളുമാണ് കൂടുതൽ കഴിക്കേണ്ടത്. പേരയ്ക്ക, ഒാറഞ്ച്, ആപ്പിൾ എന്നിവ അനുവദനീയ അളവിൽ മാത്രം കഴിക്കണം.

നിർജലീകരണം ഏറെ ശ്രദ്ധിക്കണം. ചില മരുന്നുകൾ കഴിച്ചാലും ഇതുണ്ടാകും. വായ വരളുക, മൂത്രത്തിന്റെ അളവ് കുറയുക, ചർദിൽ, ഹൃദയമിടിപ്പ് കൂടുക തുടങ്ങിയവ ലക്ഷണങ്ങളാണ്. ഗൾഫിലെ കാലാവസ്ഥയിൽ പെട്ടെന്നു ബോധക്ഷയമുണ്ടാകാം. എത്രയും പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കണം.

ഇതൊഴിവാക്കാൻ വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കണം. പുരുഷന്മാർ ദിവസവും കുറഞ്ഞത് 3.7 ലീറ്ററും സ്ത്രീകൾ 2.7 ലീറ്ററും വെള്ളം കുടിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com