ADVERTISEMENT

ദോഹ ∙ ഖത്തറിന്റെ ആധുനിക മുഖത്തിന് മോടി കൂട്ടുന്ന ജിവാന്‍ ഐലന്‍ഡ് പദ്ധതിയുടെ വികസന ജോലികള്‍ 2022 ല്‍ പൂര്‍ത്തിയാകും. രാജ്യത്തെ മനുഷ്യനിര്‍മിത ദ്വീപായ പേള്‍ ഖത്തറിന്റെ ഡവലപ്പര്‍മാരായ യുണൈറ്റഡ് ഡവലപ്‌മെന്റ് കമ്പനി (യുഡിസി) യാണ് ജിവാന്‍ ഐലന്‍ഡും നിര്‍മിക്കുന്നത്. ദ്വീപിനെ മനോഹരമാക്കുന്ന കെട്ടിടങ്ങളുടേയും ലാന്‍ഡ്‌സ്‌കേപ്പുകളുടേയും നിര്‍മാണ കരാര്‍ ചൈന റെയില്‍വേ 18 ബ്യൂറോക്ക് ആണ് യുഡിസി നല്‍കിയിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസന നിര്‍മാണങ്ങള്‍ നവയുഗ എന്‍ജിനീയറിങ് കമ്പനിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. രണ്ട് പാക്കേജുകളിലുമായി 150 കോടി റിയാലാണ് നിക്ഷേപിച്ചിരിക്കുന്നത്. 

നിലവിലെ കോവിഡ് 19 പ്രതിസന്ധിയിലും യുഡിസിയുടെ എല്ലാ പദ്ധതികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് പ്രസിഡന്റ് ഇബ്രാഹിം ജാസിം അല്‍ ഓത്മാന്‍ പറഞ്ഞു. ജീവനക്കാര്‍, താമസക്കാര്‍, കരാറുകാര്‍ തുടങ്ങി എല്ലാവരുടേയും ആരോഗ്യസുരക്ഷ ഉറപ്പാക്കിയാണ് നിര്‍മാണങ്ങള്‍. പേള്‍ ഖത്തറിനോട് ചേര്‍ന്ന് 4,00,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലാണ് ജിവാന്‍ ദ്വീപ് നിര്‍മിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ 3,500 പേര്‍ക്ക് താമസിക്കാം. 

586 അപ്പാര്‍ട്‌മെന്റുകള്‍ ഉള്‍പ്പെടെ 659 പാര്‍പ്പിട യൂണിറ്റുകള്‍, ബീച്ചിനോട് ചേര്‍ന്ന് 20 വില്ലകള്‍, സ്വകാര്യ ബീച്ചുകളോടു കൂടിയ 21 വില്ലകള്‍, സ്വകാര്യ ബോട്ടുകള്‍, ചങ്ങാടങ്ങള്‍ എന്നിവയോടു കൂടിയ കടലിന് അഭിമുഖമായി 26 വില്ലകള്‍, 6 സ്വതന്ത്ര വില്ലകള്‍, 11,000 ചതുരശ്രമീറ്റര്‍ റീട്ടെയ്ല്‍ ഏരിയ, വിവിധ ഉപയോഗങ്ങള്‍ക്കായുള്ള 15 കെട്ടിടങ്ങള്‍ എന്നിവയാണ് ദ്വീപിലുള്ളത്. കൂടാതെ പള്ളികള്‍, ബീച്ച് ക്ലബ്ബ്, ഗോള്‍ഫ് കോഴ്‌സ്, പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ശിതീകരിച്ച ക്രിസ്റ്റല്‍ നടവഴികള്‍, പാര്‍ക്കുകള്‍, ഹരിതാഭ നിറഞ്ഞ പ്രദേശങ്ങള്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടു കൂടിയതാണ് ജിവാന്‍ ദ്വീപ്. ഏകദേശം 300 കോടി റിയാല്‍ ആണ് ദ്വീപിന്റെ നിര്‍മാണ ചെലവ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com