ADVERTISEMENT

അബുദാബി∙ ലോക്​ഡൗൺ പൂട്ട് തുറക്കാൻ പൊലീസ് കൂട്ട്. തൃശൂർ പാടൂർ മുല്ലശ്ശേരി സ്വദേശിയും അബുദാബിയിലെ ഒരു സ്വകാര്യ എക്സ്ചേഞ്ച് ഉദ്യോഗസ്ഥനുമായ ഖലീൽ ഖാദർമോനെയാണ് ഷാർജയിലുള്ള ഗർഭിണിയായ ഭാര്യയുടെ അടുത്തെത്താൻ അബുദാബി പൊലീസ് സഹായിച്ചത്. ഷാർജയിലെ ഒരു നിർമാണ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഭാര്യയ്ക്ക് മറ്റന്നാളാണ് പ്രസവ തീയതി.  ദിവസേന അബുദാബിയിലെത്തി ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ഖലീലിന് ലോക് ഡൗൺ മൂലം അതിർത്തി കടക്കാനാവാത്തതിനാൽ താൽക്കാലികമായി അബുദാബിയിൽ തങ്ങുകയായിരുന്നു.

ഭാര്യയ്ക്ക് പ്രസവ വേദന വന്നതോടെ ഖലീൽ പല തവണ യാത്രാനുമതി അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഇക്കാര്യം സൂചിപ്പിച്ച് അബുദാബി പൊലീസിന്റെ ഫെയ്സ്ബുക് പേജിൽ പോസ്റ്റ് ഇടുകയായിരുന്നു. ഭാര്യ തനിച്ചാണെന്നും ആശുപത്രിയിൽ കൊണ്ടുപോകാൻ മറ്റാരും സഹായത്തിനില്ലെന്നും അതിനാൽ അതിർത്തി കടക്കാൻ അനുവദിക്കണമെന്നുമായിരുന്നു പോസ്റ്റ്. നിമിഷങ്ങൾക്കുള്ളിൽ ഫോൺ നമ്പർ ചോദിച്ച് മറുപടി വന്നു. തൊട്ടു പിന്നാലെ ഫോണിൽ വിളിച്ചു. തിരിച്ചുവിളിച്ചത് അബുദാബി പൊലീസ് സെക്യൂരിറ്റി വിഭാഗത്തിലെ സമൂഹമാധ്യമ കേന്ദ്രം ഡിജിറ്റൽ പബ്ലിഷിങ് ഡയറക്ടർ മേജർ ഖലീഫ അബ്ദുല്ല അൽ ഉബൈദി.

കാര്യങ്ങൾ വിശദമായി അന്വേഷിക്കുകയും അതിർത്തി കടക്കാൻ അനുവാദം നൽകുകയും ചെയ്തു. എന്തെങ്കിലും പ്രതിബന്ധമുണ്ടായാൽ തിരിച്ചു വിളിക്കാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് അബുദാബി–ദുബായ് അതിർത്തിയിലെത്തിയ ഖലീലിനോട് മൂവിങ് പെർമിറ്റില്ലാതെ യാത്രാനുമതി നൽകില്ലെന്ന് ഡ്യൂട്ടി ഉദ്യോഗസ്ഥൻ അറിയിച്ചു.  തുടർന്ന് മേജറിനെ ഫോണിൽ വിളിച്ച് അതിർത്തിയിലെ ഡ്യൂട്ടി ഉദ്യോഗസ്ഥന് കൈമാറിയതോടെ മനുഷ്യത്വത്തിന്റെ കവാടം തുറന്നു. ഷാർജയിൽ എത്തി ഭാര്യയെ ഡോക്ടറെ കാണിച്ചു. പ്രസവത്തിനു മുൻപുള്ള ചെറിയ വേദനകളാണിതെന്നും ഇനി കൂടുതൽ വേദന കാണുമ്പോൾ വന്ന് അഡ്മിറ്റാകാനുമാണു ‍ഡോക്ടർ നിർദേശിച്ചത്.ഇതിനിടെ 3 തവണ മേജർ ഖലീഫ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. ഈ രാജ്യത്തിനും അബുദാബി പൊലീസിനും ഖലീലിന്റെ ബിഗ് സല്യൂട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com