ADVERTISEMENT

ദോഹ∙ ഓണ്‍ലൈന്‍ വഴി വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ (ഇസ്തിമാര) പുതുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.  കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇസ്തിമാര പുതുക്കാന്‍ ഫഹെസ് കേന്ദ്രങ്ങളില്‍ എത്തിയുള്ള വാഹനങ്ങളുടെ സാങ്കേതിക പരിശോധന അധികൃതര്‍ ഒഴിവാക്കിയിരുന്നു. ഇസ്തിമാര പുതുക്കാനുള്ള മുഴുവന്‍ നടപടിക്രമങ്ങളും ഓണ്‍ലൈന്‍ വഴിയാക്കിയതോടെയാണ് ആവശ്യക്കാര്‍ കൂടുന്നതെന്ന് ആഭ്യന്തര മന്ത്രാലയം മീഡിയ-ഗതാഗത ബോധവല്‍ക്കരണ വകുപ്പ് അസി.ഡയറക്ടര്‍ കേണല്‍ ജാബര്‍ മുഹമ്മദ് റാഷിദ് ഒദെയ്ബ പറഞ്ഞു. 

 

 മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ മെട്രാഷ് 2 വഴിയുള്ള മറ്റ് ഗതാഗത സേവന ഇടപാടുകളിലും വലിയ വര്‍ധനയാണുള്ളത്. ഇസ്തിമാര പുതുക്കല്‍ കൂടാതെ ഡ്രൈവിങ് ലൈസന്‍സ് അപേക്ഷ, ലൈസന്‍സ് പുതുക്കല്‍, ഗതാഗത അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, പിഴ അടയ്ക്കല്‍ തുടങ്ങി ഗതാഗത വകുപ്പിന്റെ 40 ഓളം സേവനങ്ങളാണ് മെട്രാഷിലുള്ളത്. 

 

ഗതാഗത ലംഘനങ്ങളിലും കഴിഞ്ഞ മാസങ്ങളില്‍ കുറവുണ്ട്. കോവിഡ്-19 നിയന്ത്രണങ്ങളെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതും ഭൂരിഭാഗം ജീവനക്കാരും വീട്ടില്‍ തന്നെയിരുന്ന് ജോലി ചെയ്യുന്നതിനെ തുടര്‍ന്നും നിരത്തുകളില്‍ വാഹനങ്ങളുടെ ഒഴുക്ക് കുറഞ്ഞതാണ് ലംഘനങ്ങള്‍ കുറയാന്‍ കാരണം. ജൂണ്‍ 15 മുതല്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതോടെ വാഹനങ്ങള്‍ കൂടുതല്‍ നിരത്തിലിറങ്ങുമെന്നതിനാല്‍ ഗതാഗതം നിയന്ത്രിക്കാന്‍ പട്രോള്‍ സംഘവും കൂടുതല്‍ സജീവമാകും. കോവിഡ്-19 നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ വാഹനം ഓടിക്കുന്നവരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും കേണല്‍ ഒദെയ്ബ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com