ADVERTISEMENT

ദോഹ ∙ 2022 ലോകകപ്പ് മാമാങ്കത്തിലേക്ക് മിഴി തുറക്കുന്ന മൂന്നാമത്തെ വേദിയായ എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിന്റെ പൂര്‍ത്തീകരണം ആഘോഷിക്കാന്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച രാത്രി പ്രാദേശിക സമയം ഏഴിന് ഖത്തറിന്റെ കായിക ചാനലായ ബിഇഎന്നില്‍ അറബിക്, ഇംഗ്ലീഷ് ഭാഷകളിലായി 60 മിനിറ്റ് പ്രത്യേക പരിപാടിയാണ് സംഘടിപ്പിക്കുന്നതെന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അധികൃതര്‍ ആണ് പ്രഖ്യാപിച്ചത്. 'ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ലേക്കുള്ള പാത' എന്ന തലക്കെട്ടിലാണ് പരിപാടി. 

അറബിക് ഷോയില്‍ സ്റ്റേഡിയത്തിന്റെ പൂര്‍ത്തീകരണത്തെക്കുറിച്ചും ഔദ്യോഗിക പ്രകാശനവും നടക്കും. ഇംഗ്ലീഷ് ഷോയില്‍ കോവിഡാനന്തര ലോകത്തെ കായികത്തിന്റെ ഭാവിയെക്കുറിച്ച് ക്ഷണിക്കപ്പെട്ട അതിഥികള്‍ തമ്മിലുള്ള ഡിബേറ്റാണ് നടക്കുക. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സിഇഒ നാസര്‍ അല്‍ ഖാദര്‍, ഫിഫ ടെക്‌നിക്കല്‍ ഡയറക്ടര്‍ അര്‍സീന്‍ വെങ്കര്‍, ബെല്‍ജിയം ദേശീയ ടീം മാനേജര്‍ റോബര്‍ട്ടോ മാര്‍ട്ടിന്‍സ് തുടങ്ങിയവര്‍ പങ്കെടുക്കും. അറബിക് ഷോ ബിഇഎന്‍ സ്‌പോര്‍ട്‌സ് എച്ച്ഡി1 ലും ഇംഗ്ലീഷ് ഷോ എച്ച്ഡി 11 ലും ലഭിക്കും. രണ്ട് ഷോകളും സുപ്രീം കമ്മിറ്റിയുടേയും ഖത്തര്‍ ഫൗണ്ടേഷന്റെയും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും കാണാം. 

പൂര്‍ത്തീകരണത്തോട് അനുബന്ധിച്ച് ജൂലൈ 24 ന് നടക്കുന്ന ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മത്സരത്തിന്റെ അഞ്ചാം റൗണ്ടിലെ ആദ്യമത്സരം എജ്യൂക്കേഷന്‍ സിറ്റിയിലാണ് നടക്കുക. മരുഭൂമിയിലെ വജ്രം എന്നറിയപ്പെടുന്ന എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരമാണ് നടക്കുന്നത്. 40,000 പേര്‍ക്ക് ഇരിക്കാം. എട്ടു സ്റ്റേഡിയങ്ങളാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. ഇതില്‍ നവീകരിച്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയവും അല്‍വക്രയിലെ അല്‍ ജനൗബ് സ്റ്റേഡിയവും കഴിഞ്ഞ വര്‍ഷങ്ങളിലായി ഉദ്ഘാടനം ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com