ADVERTISEMENT

അബുദാബി∙ ലാപ്ടോപ് വാങ്ങിക്കാനായി സ്വരുക്കൂട്ടിയ തുക 2 നിർധന വിദ്യാർഥികൾക്ക് ടിവി വാങ്ങാനായി നൽകി മനുഷ്യത്വത്തിന്റെ നല്ലപാഠത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് 3 മലയാളി കുരുന്നുകൾ. പാലക്കാട് തൃത്താല കോഴിക്കര സ്വദേശി ഷാജഹാന്റെയും ഷബ്നയുടെയും മക്കളായ ഷെർവിൻ, ഷെസ, ഷിഫ എന്നിവരാണ് കാരുണ്യത്തിന്റെ പ്രവാസി മാതൃകയായത്. അൽഐൻ ഇന്ത്യൻ സ്കൂളിൽ 6, 5, കെജി ക്ലാസ് വിദ്യാർഥികളാണിവർ.

ഇ–ലേണിങ് പഠനത്തിനു സൗകര്യമില്ലാതെ വളാഞ്ചേരിയിൽ ആത്മഹത്യ ചെയ്ത ദേവികയുടെ വാർത്തയറിഞ്ഞതോടെ പുതിയ ലാപ്ടോപ് വാങ്ങാനുള്ള മോഹം മാറ്റി വയ്ക്കുകയായിരുന്നു ഇവർ. മാസങ്ങളായി കാത്തുസൂക്ഷിച്ച മണി ബോക്സുകൾ പൊട്ടിച്ചപ്പോൾ ലഭിച്ചത് 487 ദിർഹം. തങ്ങളുടെ പക്കൽ ഇത്ര തുകയുണ്ടെന്നും അതുകൊണ്ട് പാവപ്പെട്ട കുട്ടികൾക്ക് ടിവി വാങ്ങിക്കൊടുക്കാൻ ആഗ്രഹിക്കുന്നുവെന്നും അറിയിച്ച് തൃത്താല എംഎൽഎയും ഉപ്പയുടെ സുഹൃത്തുമായ വി.ടി. ബൽറാമിന് വാട്സാപ് സന്ദേശം അയച്ചു.

മറുപടി വൈകിയ ഇവർ 3 പേരും ചേർന്ന് വിഡിയോ ഉണ്ടാക്കി അയച്ചുകൊടുത്തു. ഇതു കുട്ടിക്കളിയല്ലെന്നു മനസ്സിലാക്കിയ ബൽറാം അഭിനന്ദനം അറിയിച്ച് മറുപടി അയയ്ക്കുക മാത്രമല്ല അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. ഇതോടെ കുറച്ചു തുക കൂടി ഷാജഹാൻ ചേർത്ത് അയച്ചുകൊടുത്ത് 2 കുട്ടികൾക്കായി 2 ടിവിയും ഡിഷ് കണക്​ഷനും എടുത്തുകൊടുക്കാൻ ബൽറാമിനെ തന്നെ ഏൽപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com