ADVERTISEMENT

ദോഹ ∙ ഖത്തറിലേക്ക് മടങ്ങി വരാനുള്ള യാത്രാനുമതി സ്ഥിരീകരിച്ച ശേഷമേ ഖത്തര്‍ ഐഡിയുള്ള പ്രവാസികള്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയാനുള്ള ഹോട്ടല്‍ ബുക്കിങ് നടത്താവൂ എന്ന് നിര്‍ദേശം. ഖത്തര്‍ എയര്‍വേയ്‌സിന്റെ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് ഡിവിഷന്‍ ആയ ഡിസ്‌കവര്‍ ഖത്തറിന്റേതാണ് നിര്‍ദേശം. ക്വാറന്റീനില്‍ കഴിയാനുള്ള സര്‍ക്കാര്‍ അംഗീകൃത ഹോട്ടലുകള്‍ ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റിലൂടെ മാത്രമാണ് ബുക്ക് ചെയ്യാന്‍ അനുമതി. 

കോവിഡ് 19 നിയന്ത്രണങ്ങള്‍ നാലു ഘട്ടങ്ങളിലായി പിന്‍വലിക്കുന്നതിന്റെ ഭാഗമായി 3-ാം ഘട്ടമായ ഓഗസ്റ്റ് ഒന്നു മുതല്‍ കോവിഡ് 19 വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. ഇവിടങ്ങളില്‍ നിന്നുള്ള ഖത്തര്‍ ഐഡിയുള്ള പ്രവാസി താമസക്കാര്‍ക്കും രാജ്യത്തേക്ക് മടങ്ങിയെത്താമെന്ന് നേരത്തെ ഖത്തര്‍ ദുരന്തനിവാരണ സുപ്രീം കമ്മിറ്റി അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രാജ്യത്തേക്ക് മടങ്ങിയെത്തുന്നവര്‍ 14 ദിവസം നിര്‍ബന്ധമായും സ്വന്തം ചെലവില്‍ ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണമെന്നാണ് വ്യവസ്ഥ. 

ഖത്തറിലേക്കുള്ള വിമാന യാത്രക്ക് ഖത്തര്‍ ഐഡിയുള്ള പ്രവാസികള്‍ക്ക് അനുമതി ലഭിക്കേണ്ടതുണ്ടെന്നും അനുമതി ലഭിച്ച ശേഷമേ 14 ദിവസം സര്‍ക്കാര്‍ അംഗീകൃത ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളുവെന്നും ഡിസ്‌കവര്‍ ഖത്തറിന്റെ വെബ്‌സൈറ്റില്‍ വിശദീകരിക്കുന്നു. ഖത്തറിലേക്കുള്ള വിമാനയാത്രക്ക് അനുമതി ലഭിച്ച ശേഷം ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന പ്രവാസി താമസക്കാര്‍ സ്ഥിരീകരിച്ച ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിങ് കാണിച്ചാല്‍ മാത്രമേ രാജ്യത്തിനകത്തേക്ക് പ്രവേശിക്കാനും കഴിയുകയുള്ളു.

ഖത്തര്‍ ഐഡിയുള്ള പ്രവാസി താമസക്കാരുടെ ക്വാറന്റീന്‍ പാക്കേജ് സംബന്ധിച്ച വിവരങ്ങള്‍ അധികം താമസിയാതെ പ്രഖ്യാപിക്കുമെന്നും ഡിസ്‌കവര്‍ ഖത്തറിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. പ്രവാസി താമസക്കാരുടെ ഹോട്ടല്‍ ക്വാറന്റീന്‍ സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരില്‍ നിന്നുള്ള വ്യവസ്ഥകളും മാര്‍ഗനിര്‍ദേശങ്ങളും ലഭിച്ചതിന് ശേഷം വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തും. നിലവില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഖത്തരി പൗരന്മാര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിങ് ആരംഭിച്ചതായും ഡിസ്‌കവര്‍ ഖത്തര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 22 വരെ രാജ്യത്തേക്ക് മടങ്ങിയെത്തുന്ന സ്വദേശി പൗരന്മാര്‍ക്കും 14 ദിവസത്തെ നിര്‍ബന്ധിച്ച ഹോട്ടല്‍ ക്വാറന്റീനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. 

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കോവിഡ് 19 വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമേ ഓഗസ്റ്റ് ഒന്നു മുതല്‍ പ്രവേശനം അനുവദിക്കു എന്ന വ്യവസ്ഥ ഇന്ത്യയില്‍ നിന്നുള്ള ഖത്തര്‍ പ്രവാസികളുടെ മടങ്ങിവരവ് പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com