ADVERTISEMENT

ദോഹ∙3 മാസത്തിനു ശേഷം ഖത്തറിലെ ജനജീവിതം സാധാരണ നിലയിലേക്ക്. 4 ഘട്ടങ്ങളിലായി കോവിഡ്-19 നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്റെ ഭാഗമായുള്ള ഒന്നാം ഘട്ടത്തിന് ഇന്നലെ തുടക്കമായതോടെയാണു രാജ്യം വീണ്ടും സജീവമായത്. അവശ്യ മേഖലകൾക്ക് മാത്രമായിരുന്നു ഇതുവരെ പ്രവർത്തനാനുമതി.

പൊതു ഗതാഗതം നിർത്തലാക്കിയും പൊതു ഇടങ്ങളിലെ  ഒത്തുചേരലുകൾ നിരോധിച്ചും സാമൂഹിക, ശാരീരിക അകലം ഉറപ്പാക്കിയും മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയും കാറുകളിൽ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയും കർശന നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയത്. ജൂൺ 15-30 (ഒന്നാം ഘട്ടം), ജൂലൈ 1-31 (രണ്ടാം ഘട്ടം), ഓഗസ്റ്റ് 1-31 (മൂന്നാം ഘട്ടം), സെപ്റ്റംബർ 1 (നാലാം ഘട്ടം)എന്നിങ്ങനെ 4 ഘട്ടങ്ങളിലായാണ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്.

ഇന്നലെ മുതൽ സ്വകാര്യ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങൾ 40 ശതമാനം ശേഷിയിൽ പ്രവർത്തനം തുടങ്ങി. ജനങ്ങൾക്ക് അത്യാവശ്യമെങ്കിൽ മാത്രം വിദേശയാത്രയും നടത്താം. ഷോപ്പിങ് മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയും രാവിലെ 8 മുതൽ രാത്രി 8 വരെ പ്രവർത്തനം ആരംഭിച്ചു. തുറന്ന ഇടങ്ങളിൽ കായിക പരിശീലനത്തിനും അനുമതിയുണ്ട്. അതേസമയം റസ്റ്ററന്റുകളിൽ പാഴ്‌സൽ, ഹോം ഡെലിവറി എന്നിവയ്ക്ക് മാത്രമാണ് അനുമതി.

പാർക്കുകളിൽ വ്യായാമം ചെയ്യാം

ഇന്നലെ മുതൽ രാജ്യത്ത് 8 പാർക്കുകൾ തുറന്നെങ്കിലും നിബന്ധനകളോടെ വ്യായാമത്തിന് മാത്രമാണ് പ്രവേശനം. 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനവുമില്ല.  4 മുതൽ 9 വരെയും വൈകിട്ട് 4 മുതൽ 10 വരെയും മാത്രമാണ് പാർക്കുകളിൽ പ്രവേശനം. അൽഖോർ പാർക്ക്, പാർക്ക് 66-അൽ ഖതിഫ, അൽ ഷമാൽ സിറ്റി പാർക്ക്, അൽ സെയ്‌ലിയ പാർക്ക്-അബു നഖ്‌ല, അൽ ഡഫ്‌ന, അൽ റയ്യാൻ, അൽ വക്ര, മിയ പാർക്ക് എന്നിവയാണ് തുറന്നത്. വ്യായാമത്തിന് എത്തുന്നവർ പ്രവേശന കവാടത്തിൽ മൊബൈലിലെ ഇഹ്‌തെറാസ് ആപ്പ് കാണിച്ചിരിക്കണം. ശരീര താപനിലയും പരിശോധിക്കും. നടത്ത വ്യായാമത്തിനായി കത്താറ പൈതൃക കേന്ദ്രത്തിലെ കത്താറ ഹിൽസ് ഇന്നലെ മുതൽ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ കൂടിച്ചേരലുകൾ പാടില്ല. ആസ്പയർ പാർക്കിലെ ട്രാക്കിലും നടത്തത്തിന് അനുമതിയുണ്ട്.

സ്വകാര്യ ബോട്ടിന് അനുമതി

ജെറ്റ് ബോട്ടുകൾ, സാംബുക്ക്, സ്വകാര്യ നൗകകൾ എന്നിവയ്ക്കും കടലിൽ ഇറങ്ങാൻ അനുമതിയുണ്ട്. വ്യക്തിഗത ഉപയോഗത്തിന് മാത്രമേ പാടുള്ളു. ഡ്രൈവർ ഒഴികെയുള്ള എല്ലാവരും ഒരു വീട്ടിലെ കുടുംബാംഗങ്ങൾ മാത്രമായിരിക്കണം. അധികൃതർ അനുമതി നൽകുന്ന സമുദ്രപാതയിലൂടെ മാത്രമേ സഞ്ചരിക്കാവൂ.

നിർദേശം പാലിച്ചില്ലെങ്കിൽ നിയന്ത്രണങ്ങൾ തുടരും

പൊതുജനാരോഗ്യ മന്ത്രാലയം ഉൾപ്പെടെയുള്ള മന്ത്രാലയങ്ങൾ നിർദേശിച്ചിരിക്കുന്ന കോവിഡ് മുൻകരുതലുകൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് ദുരന്തനിവാരണ സുപ്രീം കമ്മിറ്റിയുടെ നിർദേശം. സാമൂഹിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ, കോവിഡ്-19 അപകടസാധ്യതാ നിർണയന ആപ്ലിക്കേഷനായ ഇഹ്‌തെറാസ് സ്മാർട് ഫോണിൽ റജിസ്റ്റർ ചെയ്യുക തുടങ്ങിയ നിർദേശങ്ങൾ തുടർന്നും നിർബന്ധമായി പാലിക്കണം. ആപ്പിലെ ആരോഗ്യനില സൂചിപ്പിക്കുന്ന പ്രൊഫൈൽ നിറം പച്ചയാണെങ്കിൽ മാത്രമേ എവിടെയും പ്രവേശനം അനുവദിക്കൂ. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തുകയോ അല്ലെങ്കിൽ അടുത്ത ഘട്ടം ആരംഭിക്കാൻ കാലതാമസം വരുത്തുകയോ ചെയ്യുമെന്നാണ് കമ്മിറ്റിയുടെ മുന്നറിയിപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com