ADVERTISEMENT

ദുബായ് ∙ പ്രധാന പാതകളിലടക്കം രൂക്ഷമായ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായതോടെ കർശന നടപടികളുമായി പൊലീസ്. അതിവേഗം, വെട്ടിത്തിരിയൽ, സിഗ്നൽ നൽകാതെ ലെയ്ൻ മാറൽ എന്നിവയ്ക്കു പുറമേ വാഹനങ്ങൾ പെട്ടെന്നു നിർത്തുന്നതും അപകടകാരണമാകുന്നു. ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം, 2 വാഹനങ്ങളിലെ ഡ്രൈവർമാർ തമ്മിൽ സംസാരിച്ചുകൊണ്ടു വാഹനമോടിക്കുക തുടങ്ങിയ പ്രവണതകളും അപകടകാരണമാകുന്നു. 

ദുബായിൽ ഒാഫിസുകൾ പൂർണതോതിൽ പ്രവർത്തനമാരംഭിച്ചതോടെ രാവിലെയും ൈവകിട്ടുമാണ് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. 

കഴിഞ്ഞദിവസം വ്യത്യസ്ത അപകടങ്ങളിൽ 5 പേർക്കു ഗുരുതര പരുക്കേറ്റതായി പൊലീസ് അറിയിച്ചു. മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നുപോയ മിനിബസ് മാറ്റാൻ ശ്രമിക്കുന്നതിനിടെ റിക്കവറി വാഹനത്തിന്റെ ഏഷ്യക്കാരനായ ഡ്രൈവറെ അതിവേഗമെത്തിയ വാഹനം ഇടിച്ചുവീഴ്ത്തി. കേടായ ബസിൽ നിന്നിറങ്ങി റോഡിനു കുറുകെ കടക്കാൻ ശ്രമിച്ച 3 പേരെ വാഹനം ഇടിച്ചുവീഴ്ത്തിയതാണ് മറ്റൊരു അപകടം. 

അലക്ഷ്യമായി വാഹനമോടിക്കുന്നത് ഗുരുതര നിയമലംഘനമാണെന്ന് ദുബായ് ട്രാഫിക് പൊലീസ് ഡയറക്ടർ ബ്രിഗേഡിയർ സെയിഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. 

ഗുരുതര പരുക്കേൽക്കുന്ന പലർക്കും പിന്നീട് സാധാരണ ജീവിതത്തിലേക്കു മടങ്ങാനാകുന്നില്ല. ലോകത്ത് വാഹനാപകടങ്ങളിൽ പ്രതിവർഷം 13 ലക്ഷത്തിലേറെ പേർ മരിക്കുന്നതായാണ് യുഎൻ റിപ്പോർട്ട്. ഇതിലേറെയും 15നും 29നും ഇടയ്ക്ക് പ്രായമുള്ളവരാണ്.

റെഡ് സിഗ്നൽ മറന്ന് ഓട്ടം, അപകടത്തിലേക്ക്

അബുദാബി∙ സഞ്ചാര നിയന്ത്രണത്തിന് മുൻപ് ലക്ഷ്യസ്ഥാനത്ത് എത്താൻ ചീറിപ്പായുന്നവർ റെഡ് സിഗ്നൽ മറക്കുന്നതുമൂലമുള്ള അപകടം വർധിക്കുന്നതായി അബുദാബി പൊലീസ്. രാത്രി 10 മുതൽ രാവിലെ 6 വരെയാണ് സഞ്ചാര നിയന്ത്രണം. 

എന്നാൽ അവസാന നിമിഷത്തിൽ ധൃതി പിടിച്ച് ഓടുന്നത് അപകടത്തിന് ഇടയാക്കും. കൃത്യമായി ആസൂത്രണം ചെയ്തായിരിക്കണം യാത്ര. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും അപകടത്തിന് കാരണമാകുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി. 

റെഡ് സിഗ്നൽ മറികടക്കുന്നവർക്ക് 1000 ദിർഹം പിഴയും 12 ബ്ലാക് പോയിന്റുമാണ് ശിക്ഷ. കൂടാതെ 30 ദിവസത്തേക്കു വാഹനം പിടിച്ചുവയ്ക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com