ADVERTISEMENT

ദുബായ് ∙ ശനിയാഴ്ച തോറും രാത്രി ഒൻപതിന് നടക്കുന്ന ‘എമിറേറ്റ്സ് ലോട്ടോ’ നറുക്കെടുപ്പിൽ ഭാഗ്യം അവതരിപ്പിച്ച് മലയാളി യുവതി ശ്രദ്ധേയയാകുന്നു. തൃശൂർ സ്വദേശി അജിതിന്റെയും പാലക്കാടുകാരി പ്രീതയുടെയും മകൾ െഎശ്വര്യ അജിതാണ് ഇംഗ്ലീഷിലും ഹിന്ദിയിലും ഒപ്പം മലയാളത്തിലും സംസാരിച്ച് പ്രേക്ഷകകരുടെ മനം കവരുന്നത്. യുഎഇയിലെ അറിയപ്പെടുന്ന മോഡലും അവതാരകയും സംരംഭകയുമാണ് ഇൗ യുവതി. െഎശ്വര്യയെ അറിയാത്തവർക്കൊന്നും ഒറ്റനോട്ടത്തിൽ മലയാളിയാണെന്ന് തോന്നില്ല. എമിറേറ്റ്സ് ലോട്ടോയുടെ നറുക്കെടുപ്പ് വേദിയിൽ പൊടുന്നനെ സ്ഫുടമാർന്ന മലയാളം പറഞ്ഞ് ഇവർ മലയാളികളെ ഞെട്ടിക്കുകയായിരുന്നു.

aishwarya-ajit-dubai2

 

‘നമസ്കാരം, നമ്മുടെ ഇന്നത്തെ ഷോയിലേയ്ക്ക് എല്ലാവർക്കും സ്വാഗതം. ആരായിരിക്കും അമ്പത് മില്യൻ ദിർഹമിന്റെ വിജയി? നമുക്ക് കുറച്ച് സമയത്തിനുള്ളിൽ കണ്ടുപിടിക്കാം’– ഇതായിരുന്നു ആദ്യമായി െഎശ്വര്യ പറഞ്ഞ വാക്കുകൾ. ഇംഗ്ലീഷിലും ഹിന്ദിയിലും അവതരിപ്പിച്ച ശേഷം മലയാളത്തിലേയ്ക്ക് കടന്നപ്പോൾ പലരും വിസ്മയത്തോടെ നോക്കിനിന്നു. കാണാപ്പാഠം പഠിച്ച് പറയുന്നതായിരിക്കും എന്നായിരുന്നു ചിലരുടെ ചിന്ത.

aishwarya-ajit-dubai

 

മലയാളം അറിയുന്നത് ഭാഗ്യമായി

aishwarya-ajit-dubai-lotto

 

ഫത്‌വ അംഗീകരിച്ച ദുബായിലെ ആദ്യത്തെ ഒാൺലൈൻ ഭാഗ്യനറുക്കെടുപ്പാണ് എമിറേറ്റ്സ് ലോട്ടോ. ദുബായിലെ ഡ്യുട്ടി ഫ്രീ, അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിലും ഡിഎസ്എഫ് നറുക്കെടുപ്പുകളിലും പങ്കെടുക്കുന്നതും സമ്മാനം നേടുന്നതും കൂടുതൽ മലയാളികളടക്കമുള്ള ഇന്ത്യക്കാരായതിനാൽ മലയാളവും ഹിന്ദിയും കൈകാര്യം ചെയ്യാനറിയാവുന്ന അവതാരകയായിരിക്കണം വേണ്ടതെന്ന് എമിറേറ്റ്സ് ലോട്ടോ അധികൃതർ തീരുമാനിച്ചിരുന്നു. ഇൗ രണ്ട് ഭാഷയും പിന്നെ ഇംഗ്ലീഷും വെള്ളം പോലെ കൈകാര്യം ചെയ്യാനറിയാവുന്ന െഎശ്വര്യ അജിതിന് നറുക്ക് വീഴാൻ പിന്നെ കാത്തിരിക്കേണ്ടി വന്നില്ല. നീണ്ട തയാറെടുപ്പിനൊടുവിൽ എമിറേറ്റ്സ് ലോട്ടോ വേദിയിൽ കയറിയപ്പോൾ ഇൗ യുവതി പ്രേക്ഷകരെ കൈയിലെടുത്തു.

 

‘മലയാളം എന്റെ മൂന്നാം ഭാഷയാണ്’– െഎശ്വര്യ മനോരമ ഒാൺലൈനിനോട് പറഞ്ഞു: ‘ഇപ്പോൾ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് ഇംഗ്ലീഷാണ്. രണ്ടാമത് ഹിന്ദിയും. മൂന്നാമതായാണ് മലയാളം സംസാരിക്കാൻ അവസരം ലഭിക്കുന്നത്. അതുകൊണ്ടാണ് മൂന്നാം ഭാഷയെന്ന് പറഞ്ഞത്. എങ്കിലും മലയാളത്തോട് നിറ സ്നേഹം തന്നെ''- 1990ൽ നാലാം വയസിലാണ് െഎശ്വര്യ മാതാപിതാക്കളുടെ കൂടെ യുഎഇയിലെത്തിയത്. സ്കൂൾ പഠനം ദുബായിലായിരുന്നു. എന്നാൽ, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയത് എറണാകുളം സെന്റ് തെരേസാസ് കോളജിൽ നിന്നും. പിന്നീട് യുഎഇയിൽ തിരിച്ചെത്തി മലയാളം സ്വകാര്യ ചാനലിലടക്കം വിവിധ ടെലിവിഷൻ ചാനലുകളിൽ പരിപാടികൾ അവതരിപ്പിച്ചു.  

 

‘എമിറേറ്റ്സ് ലോട്ടോയുടെ മുഖങ്ങളിലൊന്നായി എന്നെ തിരഞ്ഞെടുത്തപ്പോൾ അതിയായ സന്തോഷം തോന്നി. ലോകത്ത് എവിടെ ചെന്നാലും മലയാളികളെ കാണാമെന്നാണല്ലോ പറയാറ്. എമിറേറ്റ്സ് ലോട്ടോയിലും മലയാളി ഭാഗ്യം തുടരുന്നുണ്ട്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന നറുക്കെടുപ്പിലും ഒരു കോടി രൂപ വീതമുള്ള രണ്ടാം സമ്മാനം പങ്കിട്ടെടുത്ത രണ്ടു പേരും മലയാളികളായിരുന്നു. അതുകൊണ്ട് തന്നെ ഹൃദയം കൊണ്ടാണ് ഞാൻ ആ വേദിയിൽ സംസാരിക്കുന്നത്’–സുഹൃത്തുക്കളുടെ ഇടയിൽ ആഷ് എന്നറിയപ്പെടുന്ന െഎശ്വര്യ പറഞ്ഞു.

 

‘ഒാരോ ആഴ്ചയും ആളുകളുടെ ജീവിതത്തിൽ സൗഭാഗ്യമുണ്ടാകുന്നതിന് സാക്ഷിയാകാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക് ഭാഗ്യം ലഭിക്കുമ്പോൾ’– ഒട്ടേറെ ഇന്ത്യൻ സിനിമകളിലും െഎശ്വര്യ അഭിനയിച്ചിട്ടുണ്ട്. ഗൾഫിലെ അറിയപ്പെടുന്ന അവതാരകനും ടെലിവിഷൻ വ്യക്തിത്വവുമായ വിസാം ബ്രെഡ് ലിയാണ് എമിറേറ്റ്സ് ലോട്ടോയിൽ െഎശ്വര്യയോടൊപ്പമുള്ള അവതാരകൻ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com