ADVERTISEMENT

ദോഹ ∙ കോവിഡ് 19 കാലത്തില്‍ ഖത്തര്‍ നാഷനല്‍ ലൈബ്രറിയുടെ (ക്യുഎന്‍എല്‍) ഓണ്‍ലൈന്‍ വായനാ വേദികള്‍ പ്രയോജനപ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന. കോവിഡ് കാലത്തില്‍ ഇതുവരെ ക്യുഎന്‍എല്ലിലെ കുട്ടികളുടെ ലൈബ്രറിയുടെ ഓണ്‍ലൈന്‍ വേദികളില്‍ സജീവമായത് 20,000 ത്തിലധികം കുട്ടികളെന്ന് അധികൃതര്‍.

ലൈബ്രറിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ കുട്ടികള്‍ക്കായി ഒട്ടേറെ കഥകളാണ് പ്രദര്‍ശിപ്പിച്ചതെന്ന് കുട്ടികളുടെ ലൈബ്രറി മേധാവി മരാം അബ്ദുള്‍ അസീസ് അല്‍ മഹ്മൂദ് ഖത്തര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. കൂടുതല്‍ കുട്ടികളിലേക്ക് ലൈബ്രറിയുടെ സേവനം എത്തിക്കാന്‍ കഴിഞ്ഞത് സുപ്രധാന നേട്ടമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

കോവിഡ് കാലമായതിനാല്‍ കുട്ടികളെല്ലാം വീടുകളില്‍ തന്നെയായതിനാല്‍ ലൈബ്രറിയുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനം വലിയ വിജയമായി മാറി. സ്‌കൂളുകള്‍ തുറന്ന് പഠനം തുടങ്ങിയാലും ലൈബ്രറിയുടെ ഓണ്‍ലൈന്‍ വായനാ ലോകം തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കുട്ടികളുടെ ലൈബ്രറിയില്‍ ഇ-വായനാ സാമഗ്രികള്‍ കൂടാതെ 1,50,000 ത്തിലധികം പുസ്തകങ്ങളുമുണ്ട്. കുട്ടികളിലെ വായനാശീലം വളര്‍ത്താന്‍ ലക്ഷ്യമിട്ടാണിത്. ഓഡിയോ, വിഡിയോ ഗെയിമുകളും ലൈബ്രറിയിലുണ്ട്. 

വിവിധ പ്രായത്തിലുള്ളവര്‍ക്കായി വ്യത്യസ്ത മേഖലകളിലുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്. ഇ-ബുക്കുകള്‍, ഓഡിയോ ബുക്കുകള്‍, അക്കാദമിക് ഗവേഷണം, പത്രങ്ങള്‍, മാഗസിനുകള്‍, ലേഖനങ്ങള്‍ തുടങ്ങി എല്ലാ വായനകള്‍ക്കുമുള്ള സാമഗ്രികള്‍ ഇവിടെയുണ്ട്. കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി ലൈബ്രറി അടച്ചിട്ടത് മുതല്‍ 24 മണിക്കൂറും ആഴ്ചയില്‍ ഏഴു ദിവസവും ഓണ്‍ലൈന്‍ വായനകള്‍ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ലൈബ്രറിയുടെ ഓണ്‍ലൈന്‍ സൗകര്യം കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ കൂടുതല്‍ പേര്‍ പ്രയോജനപ്പെടുത്തുന്നുമുണ്ട്. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി ഓണ്‍ലൈന്‍ വിജ്ഞാന, വിനോദ പരിപാടികളും നടക്കുന്നുണ്ട്. ലൈബ്രറി അടച്ചിട്ടിരിക്കുന്നതിനാല്‍ വായനക്കായി വരിക്കാര്‍ കൊണ്ടുപോയ പുസ്തകങ്ങള്‍ തിരിച്ചെത്തിക്കാനുള്ള സമയപരിധി പുതുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com