ADVERTISEMENT

ദുബായ്∙ അടുത്തമാസം 7 മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുമെന്നു ദുബായ്. രാജ്യത്തിനു പുറത്തുള്ള താമസ വീസക്കാർക്ക് ഇന്നലെ മുതൽ അനുമതി നൽകി. ഇന്നു മുതൽ വിദേശയാത്രയ്ക്കും വിലക്കില്ല. വിമാനസർവീസുകൾ പുനരാരംഭിച്ച രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കാണ് മടങ്ങാനാകുക എന്നതിനാൽ ഇന്ത്യക്കാർക്ക് ഇനിയും കാത്തിരിക്കേണ്ടിവരും.

വിനോദസഞ്ചാരികൾ ദുബായിലേക്കു യാത്രചെയ്യുന്നതിന് പരമാവധി 4 ദിവസം മുൻപ് പിസിആർ (പോളിമറൈസ് ചെയിൻ  റിയാക് ഷൻ) ടെസ്റ്റ് നടത്തി രോഗമില്ലെന്ന റിപ്പോർട്ടുമായി വരണം. റിപ്പോർട്ട് ആധികാരികവും രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും കൂടുതൽ പരിശോധനകളില്ലാതെ പുറത്തിറങ്ങാം. ക്വാറന്റീനിലും കഴിയേണ്ട. ദുബായിൽ നിന്നു യാത്ര ചെയ്യുന്നവരും  ദുബായ് രാജ്യാന്തര വിമാനത്താവളം വഴി മടങ്ങിവരുന്നവരും  പാലിക്കേണ്ട പുതിയ മാർഗനിർദേശങ്ങൾ പരമോന്നത സമിതി പുറത്തിറക്കി. കോവിഡ് പരിശോധന നിർബന്ധമാണ്.

മറ്റു നിബന്ധനകൾ

∙പരിശോധന നടത്താതെയാണു വരുന്നതെങ്കിൽ ദുബായ് വിമാനത്താവളത്തിൽ പിസിആർ ടെസ്റ്റിനു വിധേയമാകണം. ഇതിന്റെ ഫലം വരുംവരെ ക്വാറന്റീനിൽ കഴിയുകയും വേണം.

∙മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമായും ഉണ്ടാകണം.  ക്വാറന്റീനും ചികിത്സയ്ക്കുമുള്ള ചെലവ് സ്വന്തമായി വഹിക്കുമെന്ന സമ്മതപത്രം ഒപ്പിട്ടു നൽകണം.

∙Covid-19 DXB ആപ്പ് ഡൌൺലോഡ് ചെയ്യണം. ഇതുവഴി വ്യക്തിഗത വിവരങ്ങൾ അധികൃതർക്കു കൈമാറാം. അറിയിപ്പുകളും ഇതു വഴി ലഭിക്കും.

∙സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ വിമാനത്താവളത്തിൽ പരിശോധനയുണ്ടാകും. പോസിറ്റീവ് ആണെങ്കിൽ സ്വന്തം ചെലവിൽ 14 ദിവസം ഐസലേഷനിൽ കഴിയണം.

മടങ്ങിവരുന്നവർക്ക് പരിശോധന

വിദേശത്ത് കുടുങ്ങിയ യുഎഇ താമസവീസക്കാർ മടങ്ങിയെത്തുമ്പോൾ ദുബായ് വിമാനത്താവളത്തിൽ പിസിആർ ടെസ്റ്റ് ഉണ്ടാകും.തുടർന്നു ടാക്സിയിൽ നേരെ താമസസ്ഥലത്തേക്കു പോകണം. പരിശോധനാ ഫലം വരുംവരെ പുറത്തിറങ്ങാൻ അനുവാദമില്ല. പരിശോധനാ ഫലം കോവിഡ് ആപ്പിലോ ടെലിഫോണിലോ  ലഭ്യമാകും. പോസിറ്റീവ് ആണെങ്കിൽ 14 ദിവസമെങ്കിലും ക്വാറന്റീനിൽ കഴിയണം. പലതവണ പരിശോധനയ്ക്കു വിധേയമാകുകയും വേണം. വീടുകളിൽ ക്വാറന്റീനിൽ കഴിയുകയാണെങ്കിൽ അതിനുള്ള സൌകര്യങ്ങളുണ്ടോയെന്ന് അധികൃതർ വിലയിരുത്തും. തൃപ്തികരമല്ലെങ്കിൽ ഹോട്ടലുകളിലേക്കു മാറണം. ക്വാറന്റീൻ സൌകര്യം ഒരുക്കിയ ഹോട്ടലുകളുടെ പട്ടിക ദുബായ് ടൂറിസം വെബ്സൈറ്റിൽ ലഭ്യമാണ്. വൈദ്യസഹായം വേണമെങ്കിൽ അധികൃതരെ അറിയിക്കാം. ഫോൺ: 800 11111 (ആരോഗ്യ മന്ത്രാലയം), 800 342 (ദുബായ് ഹെൽത്ത് അതോറിറ്റി).

വീടുകളിൽ പാലിക്കേണ്ട കാര്യങ്ങൾ

∙ പ്രത്യേക മുറിയിൽ താമസിക്കണം. ശുചിമുറിയും മറ്റാരും ഉപയോഗിക്കാൻ പാടില്ല.

∙ഏതുസമയത്തു വിളിച്ചാലും ലഭ്യമാകുന്ന ഫോൺ ഉണ്ടാകണം. ഇതിനു മറ്റാരെയും ആശ്രയിക്കരുത്.

∙പ്രഥമ ശുശ്രൂഷാ കിറ്റ്, തെർമോമീറ്റർ എന്നിവ കരുതണം.

∙ ക്വാറന്റീൻ മുറിയുടെ വാതിൽപ്പിടികൾ ദിവസവും ഗ്ലൌസ് ധരിച്ച് അണുവിമുക്തമാക്കണം.

∙മുറിയിൽ നല്ല പ്രകാശവും ശുദ്ധവായും ലഭ്യമാകണം.  

∙വസ്ത്രങ്ങൾ പ്രത്യേകം കഴുകിയുണക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com