ADVERTISEMENT

ദുബായ് ∙ കോവിഡ് പ്രതിസന്ധികളെ അതിജീവിക്കാൻ സ്വീകരിച്ച കർമപരിപാടികൾ വികസന മുന്നേറ്റം അതിവേഗത്തിലാക്കിയതായി  'സ്മാർട് ദുബായ്'. അസാധാരണ സാഹചര്യങ്ങൾ പക്വതയോടെ നേരിടാനും വെല്ലുവിളികളെ അവസരങ്ങളായി കാണാനും കഴിഞ്ഞു. വിദ്യാഭ്യാസം, തൊഴിൽ, ഭരണനിർവഹണം എന്നീ മേഖലകളിലടക്കം ഗുണപരമായ മാറ്റമുണ്ടാക്കുമെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കി. ഡിജിറ്റൽ േസവനങ്ങളുടെ സാധ്യത വർധിക്കുകയും കോൾ സെന്ററുകളുടെ സേവനപരിധി വിപുലമാകുകയും ചെയ്തു. ഉൽപാദന ക്ഷമത കൂടി. 

പരമ്പരാഗത തൊഴിൽ, വിദ്യാഭ്യാസ രീതികളിൽ സമഗ്രമാറ്റത്തിനു വഴിയൊരുങ്ങി.

കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ സേവനങ്ങളിലേക്ക് ജനത്തെ ആകർഷിക്കാൻ മാർച്ചിൽ സമ്മാന പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയികൾക്ക് കാറുകളും സ്മാർട് ഫോണുകളുമടക്കം 20 ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങളാണു പ്രഖ്യാപിച്ചത്. 33 കേന്ദ്രങ്ങളിലെ 116 സേവനങ്ങൾ ദുബായ് നൗ ആപ്പിൽ ലഭ്യമാക്കി. 

സ്മാർട്ടാകാതെ 'രക്ഷയില്ല'

പ്രതിസന്ധി പലവിധത്തിലാണ് ഓരോ മേഖലയെയും ബാധിച്ചതെന്ന് സ്മാർട് ദുബായ് ഡയറക്ടർ ജനറൽ ഡോ.അയിഷ ബിൻത് ബുത്തി ബിൻ ബിഷർ പറഞ്ഞു.

 പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ ഓരോ സ്ഥാപനവും സ്വന്തം നിലയ്ക്കു കർമപദ്ധതികൾക്കു രൂപം നൽകി. വർക്ക് ഫ്രം ഹോം ആണ് ഇതിൽ പ്രധാനം.

 പല േസവനമേഖലകളും ഓൺലൈനിലേക്കു മാറി. ഭാവിയിലെ ഭരണനിർവഹണ രീതികളും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും ശാസ്ത്രീയമായി ക്രമീകരിക്കാനാകും. കോവിഡിനു ശേഷമുള്ള കാലഘട്ടം പഴയതുപോലെ ആകില്ലെന്ന തിരിച്ചറിവു കൂടിയാണിതെന്നും അവർ ചൂണ്ടിക്കാട്ടി. 

നിർമിത ബുദ്ധിയടക്കം സാങ്കേതിക വിദ്യകളുടെ കടന്നു വരവ് ഡിജിറ്റൽ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനു തുടക്കമിട്ടു. ദേശീയ കർമപരിപാടിയുടെ ഭാഗമായുള്ള 'എഐ ചാലഞ്ച്' പ്രോഗ്രാമിനുള്ള സുപ്രധാന കരാറിൽ മൈക്രോ സോഫ്റ്റുമായി ഒപ്പുവച്ചു.

സർക്കാർ തലങ്ങളിൽ നിർമിത ബുദ്ധിയടക്കമുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താൻ 14 ഇന കർമപരിപാടികൾക്ക്  രൂപം നൽകി.  നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യ– യുഎഇ സഹകരണമുണ്ട്.

 ബ്ലോക് ചെയിൻ, നിർമിതബുദ്ധി (എഐ) തുടങ്ങിയ മേഖലകളിൽ 200 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കാണ്  അവസരമൊരുങ്ങുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com