ADVERTISEMENT

ദുബായ് ∙ കോവിഡ് പ്രതിസന്ധിയിൽ വെല്ലുവിളികൾ നേരിടുന്ന സ്റ്റാർട്ടപ്പുകൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും അവസരങ്ങളൊരുക്കാൻ ദുബായ് എക്സ്പോയുടെ നേതൃത്വത്തിൽ 'സ്കെയിൽ 2 ദുബായ്' പദ്ധതി. സാമ്പത്തിക സഹായം, വിദഗ്ധരുടെ മാർഗനിർദേശങ്ങൾ, രാജ്യാന്തര വിപണിയിൽ ഇടനിലക്കാരില്ലാതെ കടന്നു ചെല്ലാനുള്ള സാഹചര്യം എന്നിങ്ങനെ ഒട്ടേറെ ആനുകൂല്യങ്ങൾ ലഭിക്കും.

സ്കെയിൽ 2 ദുബായ് പദ്ധതിയിലൂടെ യുഎഇയുടെ സമ്പദ്ഘടന വൈവിധ്യവൽകരിക്കാനും തൊഴിവസരങ്ങൾ സൃഷ്ടിക്കാനും പ്രതിഭകളെ ആകർഷിക്കാനും കഴിയുമെന്ന് ധനമന്ത്രാലയം ചീഫ് ഇന്നവേഷൻ ഓഫിസർ ഫാത്തിമ യൂസഫ് അൽ നഖ്ബി,  എക്സ്പോ ദുബായ് ചീഫ് പവിലിയൻസ് ആൻഡ് എക്സിബിഷൻസ് ഓഫിസർ മർജാൻ ഫരായ്ദൂനി എന്നിവർ പറഞ്ഞു. ലോകത്തെ ഏതു കമ്പനിക്കും ഉൽപന്നങ്ങൾ പരിചയപ്പെടുത്താനും വിപണന സാധ്യതകൾ ഉപയോഗപ്പെടുത്താനും എക്സ്പോ സംഘാടകർ ദുബായ് അവസരമൊരുക്കും.

ഇതിനായി തുടങ്ങിയ ഓൺലൈൻ മാർക്കറ്റ് പ്ലേസ് (ഒഎംപി) വഴി രാജ്യാന്തര വിതരണ ശൃഖലയിലേക്കു പ്രവേശിക്കാം. അടുത്തവർഷം ഒക്ടോബർ ഒന്നു മുതൽ 2021 മാർച്ച് 31 വരെയാണ് ദുബായ് എക്സ്പോ. ഈ വർഷം ഒക്ടോബർ 20 മുതൽ അടുത്തവർഷം ഏപ്രിൽ 10 വരെ നടത്താനിരുന്ന മേള കോവിഡ് പശ്ചാത്തലത്തിലാണു മാറ്റിവച്ചത്. എക്സ്പോയിൽ റജിസ്റ്റർ ചെയ്തതിൽ പകുതിയും ചെറുകിട-ഇടത്തരം സംരംഭങ്ങളാണ്. ഇതുവരെ 460 കോടി ദിർഹത്തിന്റെ സഹായം ഈ സംരംഭങ്ങൾക്കു നൽകി. എക്സ്പോയുടെ 56% കരാർ നൽകിയതും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കാണ്.

തുടക്കക്കാർക്ക് 3 തലങ്ങളിൽ സഹായം

സംരംഭകർക്ക് വൻ അവസരങ്ങളാണ് ദുബായ് ഒരുക്കിയതെന്ന് ഐബിഎംസി സിഇഒയും എംഡിയുമായ പി.കെ.സജിത് കുമാർ. താൽപര്യമുള്ളവർക്ക് എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കും.  ആശയങ്ങളും ആസൂത്രണ മികവുമുള്ള തുടക്കക്കാർക്ക് 3 തലങ്ങളിലാണ് സഹായം ലഭിക്കുക.

∙ ഇൻക്യുബേറ്റർ ഘട്ടമാണ് ആദ്യത്തേത്. വിവിധ സംരംഭങ്ങൾ, തുടങ്ങേണ്ടവിധം, സാധ്യതകൾ തുടങ്ങിയ വിവരങ്ങൾ ലഭ്യമാകും. നേരിട്ടോ ഓൺലൈനിലോ ഇതിൽ ചേരാം. ഏതാനും മണിക്കൂറുകൾ നീളുന്ന പരിപാടിയാണിത്. ഇതിനു startupzone.ae പോലുള്ള പോർട്ടലുകൾ ഉപയോഗപ്പെടുത്താം.

∙ ആക്സിലറേറ്റർ ഘട്ടമാണ് രണ്ടാമത്തേത്. താൽപര്യം തോന്നുന്ന സംരംഭത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ കഴിയുന്ന 2 മുതൽ 6 മാസം വരെ നീളുന്ന പദ്ധതിയാണിത്. അതത് മേഖലകളിലെ വിദഗ്ധർ ക്ലാസ് എടുക്കും. വായ്പയും സീഡ് ഫണ്ട് പോലുള്ള നിക്ഷേപങ്ങളിൽ നിന്നുള്ള സഹായവും മറ്റും ലഭ്യമാകാൻ സൗകര്യമൊരുക്കും. ഉൽപന്നം വിപണനം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലും സഹായം ലഭിക്കും.

∙ അടുത്തത് ബിസിനസ് സ്റ്റാർട്ടപ്പ്. കമ്പനി തുടങ്ങാനുള്ള നടപടിക്രമങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, മേഖലാ-രാജ്യാന്തര തലത്തിൽ ഇടപാടുകൾ നടത്താനുള്ള സൗകര്യം എന്നിവ ഉറപ്പാക്കും. വീസ കിട്ടുന്നതടക്കമുള്ള എല്ലാ സഹായവും അതിവേഗം ലഭ്യമാകും. ചേംബർ ഓഫ് കൊമേഴ്സ്, ഫ്രീസോൺ എന്നിവയ്ക്കു പുറമേ സ്വകാര്യ മേഖലയുടെയും പങ്കാളിത്തം തേടാം. സംരംഭങ്ങൾ തുടങ്ങാനാഗ്രഹിക്കുന്ന വിദ്യാർഥികൾ, പുതിയ മേഖലകൾ കണ്ടെത്താൻ ആഗ്രഹിക്കുന്ന സംരംഭകർ എന്നിവർക്കു പുറമേ നിലവിൽ തോഴിൽപരമായ വെല്ലുവിളി നേരിടുന്നവർക്ക് സംരംഭങ്ങൾ തുടങ്ങാനും അവസരം ലഭിക്കും.

ഇന്ത്യൻ സംരംഭകർക്ക് നിറയെ അവസരം

എക്സ്പോയിൽ സജീവ സാന്നിധ്യമറിയിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും ചെറുകിട- ഇടത്തരം സംരംഭകർക്കും ഇതിൽ അവസരം ലഭിക്കും. സ്റ്റാർട്ടപ്പ് രംഗത്തെ സഹകരണത്തിലൂടെ മധ്യപൂർവദേശത്തും ആഫ്രിക്കൻ മേഖലയിലും വൻ മുന്നേറ്റം നടത്താൻ ഇന്ത്യയും യുഎഇയും ധാരണയായിട്ടുണ്ട്. ഭാവിയിലെ സ്മാർട് പദ്ധതികൾക്കു രൂപം നൽകാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ 9 സ്റ്റാർട്ടപ്പുകളുമായി ദുബായ് സഹകരിക്കുന്നുണ്ട്.  ദുബായ് പൊലീസ്, ആർടിഎ, ടെലികോം കമ്പനിയായ ഇത്തിസലാത്ത് എന്നിവയുമായാണ് പ്രധാന സഹകരണം. നിർമിതബുദ്ധി, വാർത്താവിനിമയം, ഗതാഗതം, ഉപഭോക്തൃ സേവനം, ഡിജിറ്റൈസേഷൻ തുടങ്ങിയ മേഖലകളിലെ ഭാവി പദ്ധതികൾക്കാണു ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ  രൂപം നൽകുക.

കൈ നിറയെ ആനുകൂല്യങ്ങൾ

ദുബായ് എസ്എംഇ, മുഹമ്മദ് ബിൻ റാഷിദ് ഇന്നവേഷൻ ഫണ്ട് (എംബിആർഐഎഫ്) എന്നിവയുടെ സഹകരണത്തോടെ എക്സ്പോ 2020 ദുബായ് തുടക്കമിടുന്ന പദ്ധതിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന സംരംഭകർക്ക് 2 വർഷത്തേക്കു സൗജന്യ ഓഫിസ് സൗകര്യമൊരുക്കും. വിപുലമായ ഡിജിറ്റൽ ശൃംഖലയുടെ ഭാഗമാകാനും ലോകത്തിലെ ഏറ്റവും തന്ത്രപ്രധാന മേഖലയിൽ ഇടം ലഭിക്കാനും അവസരം ലഭിക്കും. പ്രവർത്തനം തുടങ്ങാനുള്ള സഹായം, വീസ ഇളവുകൾ, വിവിധ സേവനങ്ങൾക്ക് സബ്സിഡി എന്നിവയാണ് മറ്റ് ആനുകൂല്യങ്ങൾ. വിവരങ്ങൾക്ക് www.district2020.ae. തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങളുടെ പട്ടിക എക്സ്പോ വേദിയിൽ പ്രഖ്യാപിക്കും. എക്സ്പോയ്ക്ക് ശേഷവും മേഖല വമ്പൻ അവസരങ്ങളുടെ വേദിയായി തുടരും. മറ്റ് എക്സ്പോകളിൽ നിന്നു വ്യത്യസ്തമായി സ്ഥിരം നിർമിതികളാണ് ഇവിടെയുണ്ടാകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com