ADVERTISEMENT

ദോഹ∙ അത്യാധുനിക റോബോട്ടിക്, ലേസര്‍ സാങ്കേതിക വിദ്യകള്‍ കോര്‍ത്തിണക്കി കോവിഡ്-19 രോഗിയുടെ മൂത്രാശയ കല്ല് നീക്കം ചെയ്യാന്‍ നടത്തിയ ശസ്ത്രക്രിയ വിജയകരമെന്ന്  ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്എംസി). ഓപ്പറേഷന്‍ തീയേറ്ററില്‍ രോഗിയുമായി സുരക്ഷിത അകലം പാലിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. 

'തുലിയം ഫൈബര്‍ ലേസര്‍' എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കോവിഡ്-19 രോഗിയില്‍ മൂത്രാശയ കല്ല് നീക്കുന്നതിനുള്ള ശസ്ത്രക്രിയ ലോകത്തില്‍ തന്നെ ഇതാദ്യമാണ്. മധ്യപൂര്‍വ ദേശത്ത് ഇതാദ്യമായാണ് ഇബ്‌ന സിന റോബോട്ട് (റോബോഫ്‌ളെക്‌സ്) സാങ്കേതിക വിദ്യ ഉപയോഗിച്ച് കോവിഡ് രോഗിയില്‍  ശസ്ത്രക്രിയ നടത്തുന്നതും.

അത്യാധുനിക ലേസര്‍ സാങ്കേതിക വിദ്യയും റോബോട്ടിക് ശസ്ത്രക്രിയ സാങ്കേതിക വിദ്യയും കോര്‍ത്തിണക്കി കൊണ്ടുള്ളതും ശസ്ത്രക്രിയ മുറിയില്‍ മുന്‍കരുതല്‍ അകലം പാലിച്ചു കൊണ്ട് നടത്തുന്ന ശസ്ത്രക്രിയയും ലോകത്ത് ഇതാദ്യമാണ്. രോഗിയും ഡോക്ടര്‍മാരും തമ്മില്‍ 2 മീറ്റര്‍ സുരക്ഷിത അകലം പാലിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. എച്ച്എംസിയില്‍ 9 മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച റോബോഫ്‌ളെക്‌സ് ഉപയോഗിച്ചുള്ള ശസ്ത്രക്രിയകള്‍ ഇതിനകം 42 എണ്ണം പൂര്‍ത്തിയാക്കി കഴിഞ്ഞു. 

എച്ച്എംസിയുടെ കീഴിലെ ഹസം മിബൈറിക് ജനറല്‍ ആശുപത്രിയില്‍ ഈ ആഴ്ചയാണ് കോവിഡ് രോഗിയില്‍ ശസ്ത്രക്രിയ നടത്തിയത്. മൂത്രാശയ കല്ല് നീക്കുന്നതിനായി നടത്തിയ 3 ശസ്ത്രക്രിയകളില്‍ കോവിഡ് ബാധിതരല്ലാത്ത 2 രോഗികളില്‍ തുലിയും ഫൈബര്‍ ലേസര്‍ വിദ്യ മാത്രമാണ് ഉപയോഗിച്ചത്. 1.2-2 സെന്റിമീറ്റര്‍ വലുപ്പത്തിലുള്ള കല്ലുകളാണ് രോഗികളില്‍ ഉണ്ടായിരുന്നത്. 

എച്ച്എംസി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.അബ്ദുല്ല അല്‍ അന്‍സാരിയും ഹസം ആശുപത്രി സര്‍ജറി വിഭാഗം മേധാവിയും യൂറോളജി തലവനുമായ ഡോ.മൊര്‍ഷദ് അലി സലാഹുമാണ് ശസ്ത്രക്രിയയക്ക് നേതൃത്വം നല്‍കിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com