sections
MORE

ഇനിയെന്നു തിരികെ പോകും? ഭാര്യയും മക്കളും വരുമാനമില്ലാതെ ഗൾഫിൽ; നാട്ടിൽപ്പെട്ടു പോയ പ്രവാസി മലയാളികൾ

shaheena-baby-meenakshi
ഷഹീനയും കുഞ്ഞും, മീനാക്ഷി
SHARE

ദുബായ്∙ പ്രിയപ്പെട്ടവരെ ഗൾഫിൽ നിർത്തി 'ദാ ഇപ്പോ എത്തി..' എന്ന് പറഞ്ഞു കേരളത്തിലേയ്ക്ക് ചെന്ന മലയാളികൾ, ഇനി എന്നു തിരിച്ചെത്താനാകുമെന്നറിയാതെ മാസങ്ങളായി കടുത്ത ആശങ്കയിൽ. ഇന്ത്യയിൽ രാജ്യാന്തര വിമാന സർവീസ് ആരംഭിക്കുക എപ്പോഴാണെന്ന കാര്യം ഇതുവരെ വ്യക്തമാകാത്തതാണ് ആയിരക്കണക്കിന് പേരെ ദുരിതത്തിലാക്കുന്നത്. 

അടുത്ത ബന്ധുക്കളുടെ മരണത്തെ തുടർന്നും മക്കളുടെ വിദ്യാഭ്യാസ കാര്യത്തിനും  വിവാഹം, വീട് കുടിയിരിക്കൽ തുടങ്ങിയ വിശേഷങ്ങളിൽ പങ്കെടുക്കാനുമാണ് കുറഞ്ഞ ദിവസത്തിലേയ്ക്കായി പലരും നാട്ടിലേയ്ക്ക് പോയത്. വാർഷിക അവധിക്ക് ചെന്നവരും ഒട്ടേറെയുണ്ട്. കോവിഡിനെ തുടർന്ന് വിമാനത്താവളങ്ങൾ അടയ്ക്കുന്നതിന് മുൻപേ തിരിച്ചുവരാൻ സാധിക്കുമായിരുന്നിട്ടും പെട്ടെന്ന് മടങ്ങൻ മടിച്ചതാണ് ചിലർക്ക് വിനയായത്.

നാട്ടിൽ ചെന്നിട്ട് ഏറെ നാളാകുന്നതിന് മുൻപേയുള്ള തിരിച്ചുവരവാണ് ഇവരെ പിന്തിരിപ്പിച്ചത്. കൂടാതെ, രാജ്യാന്തര വിമാന സർവീസ് പുനരാരംഭിക്കാൻ ഇത്ര വൈകുമെന്നും പലരും കരുതിയില്ല. കണക്കുകൂട്ടലുകൾ ആകെ താളംതെറ്റിയപ്പോൾ പ്രതിസന്ധിയിലായത് ഉപജീവനമാർഗം തന്നെ. യുഎഇ താമസ വീസക്കാരുടെ തിരിച്ചുപോക്ക് ഉടൻ യാഥാർഥ്യമാകുമെന്ന് ഡൽഹിയിലെ യുഎഇ സ്ഥാനപതി അഹമദ് അൽ ബന്ന ഇൗ മാസം 25ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യൻ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.

വി മിസ് യു മമ്മാ...; വിരഹദുഃഖത്തോടെ കുട്ടികൾ 

കഴിഞ്ഞ ദിവസം ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ  ട്വിറ്റർ പേജിൽ യുഎഇയിലുള്ള രണ്ട് കുട്ടികളുടെ ഒരു വിഡിയോ പ്രത്യക്ഷപ്പെട്ടു. 10 വയസുള്ള പെൺകുട്ടിയും 6 വയസുള്ള ആൺകുട്ടിയും ഇന്ത്യയിൽ കുടുങ്ങിപ്പോയ മാതാവിനെ തിരിച്ചുകൊണ്ടുവരാൻ ദയനീയമായി ആവശ്യപ്പെടുന്ന ആ വീഡിയോ ആരുടെയും കരളലിയിക്കും. 

അടിയന്തരാവശ്യത്തിനായി 4 മാസം മുൻപ് നാട്ടിലേയ്ക്ക് പോയ മാതാവ് അവിടെ കുടുങ്ങിപ്പോയെന്നും അമ്മയെ കാണാതെ വളരെ വിഷമത്തിലുമാണെന്നും കുട്ടികൾ പറയുന്നു. കുട്ടികളുടെ മാതാവാണ് വിഡിയോ പോസ്റ്റ് ചെയ്തത്. മക്കളെ കാണാതെ വിഷമിക്കുന്ന ഒരു മാതാവിന്റെ അപേക്ഷയാണെന്ന് ഇന്ത്യൻ അധികൃതരോട് ഇവർ പറയുന്നു.

ഇത്തരത്തിൽ ഒട്ടേറെ ഇന്ത്യക്കാർ തിരിച്ചുവരവിനായി തങ്ങൾ ഇനിയും എത്രകാലം കാത്തിരിക്കണമെന്ന് ഇന്ത്യൻ അധികൃതരോട് ആരായുന്നുണ്ടെങ്കിലും മറുപടി പറയാൻ ആരും തയ്യാറായിട്ടില്ല. 100 ദിവസത്തിലേറെയായി കുടുംബത്തെ വിട്ട് ഇന്ത്യയിൽ കഴിയുകയാണെന്നും തിരിച്ചുവരവിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നുമാണ് രക്ഷിത എന്ന യുവതിയുടെ ആവശ്യം. അന്തരിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിൻ്റെ അഭാവം അവർ എടുത്തുപറയുന്നുമുണ്ട്.

meenakshi-letter
മീനാക്ഷിയുടെ കത്ത്

ഷെയ്ഖ് മുഹമ്മദിനും മോദിക്കും മലയാളി ബാലികയുടെ കത്ത്

ഫെബ്രുവരി മുതൽ കേരളത്തിൽ കുടുങ്ങിയ അമ്മയെ കാണാത്ത വിഷമം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തുറന്ന കത്തിലെഴുതി മലയാളി ബാലിക. ദുബായിൽ ജോലി ചെയ്യുന്ന മധുനായരുടെ മകൾ മീനാക്ഷിയാണ് കത്തെഴുതിയത്. അമ്മയെ കാണാതെ മകൾ വലിയ വിഷമത്തിലാണെന്നും അവളെ സാന്ത്വനിപ്പിക്കാൻ തനിക്കാവുന്നില്ലെന്നും മധു നായരും കുറിക്കുന്നു.

ഭാര്യയെയും മക്കളും ഗൾഫിൽ; നിത്യച്ചെലവിന് ബുദ്ധിമുട്ട്

കുടുംബത്തിന്റെ ഏക വരുമാന മാർഗമായ ഭർത്താവ് നാട്ടിൽ പെട്ടത് കാരണം പട്ടിണി കിടക്കേണ്ടി  വരുന്ന പ്രവാസി  കുടുംബങ്ങൾ വരെ ഗൾഫിലുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായസഹകരണമാണ് ഇവരെ പ്രതിസന്ധിയിൽ നിന്നും കരകയറ്റുന്നത്. പക്ഷേ, ഇനിയും എത്രനാൾ ഇങ്ങനെ കഴിയണമെന്ന് അറിയില്ലെന്ന് പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി മനോരമ ഒാൺലൈനിനോട് പറഞ്ഞു.  

ജോലി നഷ്ടമാകുന്നു; തിരിച്ചുവരേണ്ടെന്നും അറിയിപ്പ്

അവധികഴിഞ്ഞിട്ടും തിരിച്ചുവരാൻ സാധിക്കാതെ നാട്ടിൽ കുടുങ്ങിയ പലരോടും ഗൾഫിലെ കമ്പനികൾ, തിരിച്ചുവന്നില്ലെങ്കിലും സാരമില്ലെന്നു തുടങ്ങി വരേണ്ടതില്ലെന്നു പോലും ആവശ്യപ്പെട്ടു കഴിഞ്ഞു. അവശ്യ വസ്തുക്കളിൽപ്പെടുന്ന പാല്, കുടിവെള്ളം, സൂപ്പർ–ഹൈപ്പർ മാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരോട് പെട്ടെന്ന് വരാൻ പറ്റില്ലെങ്കിൽ ഇനി വരേണ്ടതില്ലെന്നും ബിസിനസ് വർധിച്ച് ജോലിക്കാരെ അത്യാവശ്യമായതിനാൽ വേറെ ജീവനക്കാരെ നിയമിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്. തിരിച്ചുവരാൻ പേര് റജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ എന്നുപോലും അറിയാത്തവരും നാട്ടിലുണ്ട്. കഫ്റ്റീരിയ, ഗ്രോസറി തുടങ്ങിയ ഇടങ്ങളിലും കെട്ടിട നിർമാണ കമ്പനികളിലും തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്നവരുടെ മടക്കം വൈകുമ്പോൾ, ഹതാശരാകുന്നത് കുടുംബം ഒന്നാകെ തന്നെ.  മറ്റ് രാജ്യങ്ങളിൽ നിന്ന് വിമാന സർവീസ് ഉള്ളതിനാൽ അവിടെയുണ്ടായിരുന്ന ജീവനക്കാർക്ക് കുറച്ചു വൈകിയാണെങ്കിലും തിരിച്ചെത്താൻ സാധിച്ചു.  

അടിയന്തര ചികിത്സയ്ക്ക് ചെന്നവരും കുടുങ്ങി

ഗുരുതര അസുഖങ്ങൾക്ക് നാട്ടിൽ അടിയന്തര ചികിത്സ തേടുന്നവരും ഈ ദുരിതത്തിൽ പെട്ടിട്ടുണ്ട്. ഹയ ഇസ്മയിൽ എന്ന ഒന്നര വയസ്സുകാരിയുടെ തലയിൽ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നത് അബുദാബിയിലെ ഒരു ആശുപത്രിയിലായിരുന്നു. തുടർ ചികിത്സക്കിടെ കേരളത്തിൽ വന്ന കുടുംബത്തിന് തിരിച്ച് അബുദാബിയിലെത്താൻ കഴിയാത്തത് കാരണം ചികിത്സ മുടങ്ങി. രണ്ടോ മൂന്നോ  ദിവസത്തിനുള്ളിൽ തിരിച്ചു വരാമെന്ന ചിന്തയിൽ  കുടുംബത്തെ ഗൾഫിൽ വിട്ടു കേരളത്തിലെത്തിയവരും ഒട്ടേറെ. മക്കൾ ഗൾഫിലും അമ്മമാർ നാട്ടിലും വേദനയോടെ തുടരുന്ന സംഭവങ്ങളും റിപോർട് ചെയ്യപ്പെടുന്നു.

അടുത്തിടെ പിറന്ന കുഞ്ഞിനെ ബന്ധുക്കൾക്ക് കാണിക്കാനാണ് മലപ്പുറം താനൂർ സ്വദേശിയും നോവലിസ്റ്റുമായ അസിയുടെ ഭാര്യ ഷഹീന ഭർത്താവിനെയും 2 മക്കളെയും കൂടാതെ നാട്ടിലേയ്ക്ക് ചെന്നത്. കോവിഡ് വ്യാപകമാകുന്നതിന് തൊട്ടുമുൻപായിരുന്നു അത്. തിരിച്ചുവരവ് ഇത്ര വൈകുമെന്ന് വിചാരിച്ചില്ല. മക്കളെയും ഭർത്താവിനെയും കാണാതെ ഷഹീനയും മാതാവിനെയും കുഞ്ഞനുജത്തിയെയും കാണാതെ മക്കളും ഭാര്യയെയും കുഞ്ഞുമോളെയും കാണാതെ അസിയും ബേജാറിലാണ്.

asi-family
അസിയും കുടുംബവും(ഫയൽചിത്രം).

അനിശ്ചിതാവസ്ഥയ്ക്ക് വിരാമം വേണം

ഈ അനിശ്ചിതാവസ്ഥയ്ക്ക് വിരാമമിട്ട് പ്രവാസികളെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കണമെന്ന് അസി ആവശ്യപ്പെടുന്നു. അച്ഛനമ്മമാരെ പിരിഞ്ഞു അന്യനാട്ടിൽ കഴിയേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ  അവസ്ഥയാണ് ദയനീയം. പലരും തിരിച്ചു വരാൻ ടിക്കറ്റ് ബുക്ക് ചെയ്തപ്പോഴായിരുന്നു വിമാനസർവീസ് റദ്ദാക്കിയത്. മാസങ്ങളായുള്ള ഈ കാത്തിരിപ്പ് കുട്ടികളിൽ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ വലുതാണ്. മാധ്യമങ്ങളെല്ലാം ഗൾഫിൽ നിന്ന് നാട്ടിലേയ്ക്ക് ആളുകളെ കൊണ്ടുപോകുന്നത് മാത്രമാണ് ചർച്ച ചെയ്യുന്നത്. എന്നാൽ, അവിടെ കുടുങ്ങി ജീവിതം തന്നെ പ്രതിസന്ധിയിലാകുന്നവരെക്കുറിച്ചും ശബ്ദിക്കേണ്ടിയിരിക്കുന്നു–അസി പറയുന്നു. പ്രത്യേക വിമാനങ്ങളോ, വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള വിമാനങ്ങളോ ഏർപ്പെടുത്തണമെന്നാണ് ആവശ്യം.

വിദ്യാഭ്യാസത്തെ ബാധിച്ചു

മിക്ക കുട്ടികൾക്കും അമ്മമാർ കൂട്ടിരുന്നാലേ പഠിക്കാനാകൂ, പ്രത്യേകിച്ച് താഴ്ന്ന ക്ലാസുകളിലെ കുട്ടികൾ. ഇത്തരം മക്കളെ ഗൾഫിൽ വിട്ടാണ് പല അമ്മമാരും നാട്ടിലേയ്ക്ക് പോയത്. കോവിഡിനെ തുടർന്ന് യുഎഇയിൽ അടക്കം ഇ–ലേണിങ് ക്ലാസുകളാണ് നടക്കുന്നതെങ്കിലും മക്കളെ കാര്യമായി ശ്രദ്ധിക്കാൻ പിതാക്കന്മാർക്ക് സാധിക്കുന്നില്ല. മക്കളെ ബന്ധുക്കളുടെ അരികിൽ വിട്ട് ചെന്ന മാതാപിതാക്കളും ഉണ്ട്. കുട്ടികളുടെ പഠനത്തെ ഇത് ഏറെ ബാധിച്ചതായി കണ്ണൂർ താഴേ ചൊവ്വ സ്വദേശി ശ്രീനന്ദൻ പറഞ്ഞു. ഗൾഫിലെ ഓൺലൈൻ ക്‌ളാസ്സുകളിൽ പങ്കെടുക്കുവാൻ വേണ്ട ഇന്റർനെറ്റ് സൗകര്യം നാട്ടിൽ പലയിടത്തും കുറവായതിനാൽ അവിടെയുള്ള കുട്ടികളുടെ കാര്യവും പരിതാപകരമായി.

വാടക കൊടുത്തില്ല; ബിസിനസ് തകർന്നു

ഇന്ത്യയിൽ കുടുങ്ങിയ പ്രവാസികൾ നേരിടുന്ന മറ്റൊരു  വലിയ പ്രശ്നം ഗൾഫിലെ നിയമ നടപടികളാണ്. താമസ സ്ഥലത്തെയും ബിസിനസ് സ്ഥാപനങ്ങളുടെയും വാടക, ജല– വൈദ്യുതി ബിൽ എന്നിവ അടയ്ക്കാൻ ാധിക്കാതെ വരികയും ബിസിനസ്സ് ആവശ്യങ്ങൾക്കും മറ്റും നൽകിയ ചെക്കുകൾ ബാങ്കുകളിൽ നിന്ന് മടങ്ങുന്നതുമാണ് പ്രശ്നമാകുന്നത്. ഇതുമൂലം നിയമനടപടിക്ക് വിധേയമകേണ്ടി വരുമോയെന്ന ആശങ്ക പടരുന്നുണ്ട്.  

ഗൾഫിലേയ്ക്ക് തിരിച്ചും ചാർട്ടേർഡ് വിമാനങ്ങള്‍ വേണം

പ്രവാസികൾ നേരിടുന്ന ഈ ഗുരുതര പ്രതിസന്ധിക്ക് അടിയന്തര തീരുമാനങ്ങൾ അധികൃതർ കൈക്കൊള്ളണമെന്നാണ് ശക്തമായ ആവശ്യം. ഇന്ത്യയിലേയ്ക്ക് ചാർട്ടേർഡ് വിമാനങ്ങൾ അനുവദിച്ച പോലെ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേയ്ക്ക് തിരിച്ചും ഇത്തരം സർവീസുകൾ ഏർപ്പെടുത്താൻ എന്തുകൊണ്ട് കഴിയുന്നില്ല എന്ന ചോദ്യം ഉയർന്നുതുടങ്ങി. ഇന്ത്യയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരെ യുഎഇയിലേയ്ക്കും മറ്റു ചില ഗൾഫ് രാജ്യങ്ങളിലേയ്ക്കും കൊണ്ടുവന്നത് അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. കൂടാതെ, യുഎഇ  എയർലൈനുകളായ എമിറേറ്റ്സ് , എത്തിഹാദ്, ഫ്ലൈദുബായ് തുടങ്ങിയവ ഇതിനകം തങ്ങളുടെ സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധമായി വ്യക്തത വരുത്തിയിട്ടുണ്ട്.

എമിറേറ്റ്സ് ഇതിനകം ശ്രീലങ്കയടക്കം 40 രാജ്യങ്ങളിലേയ്ക്ക് പറന്നുതുടങ്ങി. ഫ്ലൈ ദുബായ് ജൂലൈ 7 മുതൽ 24 രാജ്യങ്ങളിലേയ്ക്ക് സർവീസ് ആരംഭിക്കുമെന്നും അറിയിച്ചു. കൂടാതെ, ജൂലൈ 7 മുതൽ യുഎഇ സന്ദർശകരെ സ്വീകരിച്ചുതുടങ്ങുമെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ കുടുങ്ങികിടക്കുന്ന യുഎഇ താമസ വീസക്കാരെ  കൊണ്ടുവരാനുള്ള ദൗത്യത്തിന് തയ്യാറാണെന്ന് എമിറേറ്റ്സ്, എത്തിഹാദ് എന്നിവ അറിയിച്ചിരുന്നു. അവർക്ക്  എത്രയുംപെട്ടന്ന്  അനുവാദം നൽകുക എന്നത്  കേന്ദ്ര –സംസ്ഥാന സർക്കാരുകളുടെ, പ്രവാസികളോടുള്ള കടമയാണ്. 

തിരിച്ചുവരുന്നവർക്ക് കോവിഡ്  നെഗറ്റീവ് സർട്ടിഫിക്കറ്റ്

ഇതിനിടെ, യുഎഇയിലേയ്ക്ക് തിരിച്ചുവരുന്ന വിദേശികൾ കോവിഡ് നെഗറ്റീവ് സർടിഫിക്കറ്റ് ഹാജരാക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ഇൗ നിയമം മറ്റു ഗൾഫു രാജ്യങ്ങളും പിന്തുടരാനാണ് സാധ്യത.

യുഎഇ ദേശീയദുരന്തനിവാരണ അതോറിറ്റിയാണ് ജൂലൈ ഒന്നു മുതൽ മടങ്ങിവരുന്നവർക്ക് നിയമം ബാധകമാക്കിയത്. യുഎഇ സർക്കാർ അംഗീകരിച്ച കേന്ദ്രങ്ങളിൽ യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് നടത്തിയ പരിശോധനഫലം വിമാനത്താവളങ്ങളിൽ ഹാജരാക്കണം. അംഗീകൃത പരിശോധനാ കേന്ദ്രങ്ങൾ ഇല്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് യുഎഇ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന നടത്തും. 17 രാജ്യങ്ങളിലായി 107 അംഗീകൃത പരിശോധനാകേന്ദ്രങ്ങളാണുള്ളതെന്നും അതോറിറ്റി വ്യക്തമാക്കി. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA