ADVERTISEMENT

ദോഹ∙ ബുധനാഴ്ച രാജ്യത്ത് 262 പള്ളികള്‍ കൂടി വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനക്കായി തുറക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ 2-ാം ഘട്ടത്തിന് ജൂലൈ 1 മുതല്‍ തുടക്കമാകുന്നതോടെയാണ് 262 പള്ളികള്‍ കൂടി തുറക്കുന്നത്. ജൂണ്‍ 15 ന് ആരംഭിച്ച ഒന്നാം ഘട്ടത്തില്‍ 500 പള്ളികളാണ് തുറന്നത്. ബുധനാഴ്ച പ്രഭാത നമസ്‌കാരം മുതല്‍ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാമെന്ന് ഔഖാഫ് ഇസ്‌ലാമിക് കാര്യമന്ത്രാലയം വ്യക്തമാക്കി. 

കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടാണ് 2-ാം ഘട്ടത്തിലും പള്ളികളില്‍ പ്രാര്‍ത്ഥന നടക്കുന്നത്. അതേസമയം വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം 3-ാം ഘട്ടമായ ഓഗസ്റ്റ് മുതല്‍ മാത്രമേ ആരംഭിക്കുകയുള്ളു. സെപ്റ്റംബര്‍ 1 മുതല്‍ മുഴുവന്‍ പള്ളികളും തുറക്കും. പള്ളികളില്‍ വിശ്വാസികള്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച ബോധവല്‍ക്കരണ വിഡിയോകളും ചിത്രങ്ങളുമെല്ലാം മന്ത്രാലയത്തിന്റെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 

സ്മാര്‍ട് ഫോണിലെ കോവിഡ് അപകട നിര്‍ണയ ആപ്ലിക്കേഷനായ ഇഹ്തെറാസില്‍ ആരോഗ്യനില സൂചിപ്പിക്കുന്ന പ്രൊഫൈല്‍ നിറം പച്ചയെങ്കില്‍ മാത്രമേ പള്ളിയില്‍ പ്രവേശനമുള്ളു. വിശ്വാസികള്‍ മാസ്‌ക് ധരിച്ചിരിക്കണം. വീടുകളില്‍ നിന്ന് തന്നെ അംഗശുദ്ധി വരുത്തി വേണം പള്ളികളിലെത്താന്‍. ബാങ്ക് വിളിച്ച ശേഷമേ പള്ളിയില്‍ പ്രവേശനം അനുവദിക്കുകയുള്ളു. പള്ളിയുടെ അകത്ത് വിശ്വാസികള്‍ തമ്മില്‍ 2 മീറ്റര്‍ അകലവും പാലിച്ചിരിക്കണം. ഹസ്തദാനം പാടില്ല. നമസ്‌കാര പായ (മുസല്ല), പാരായണത്തിനുള്ള വിശുദ്ധ ഖുര്‍ ആന്‍ എന്നിവ വിശ്വാസികള്‍ സ്വന്തമായി കൊണ്ടുവരണം. ഇവ മറ്റുള്ളവരുമായി പങ്കിടുകയോ പള്ളികളില്‍ ഉപേക്ഷിച്ച് പോകാനോ പാടില്ല. മൊബൈല്‍ ഫോണില്‍ നോക്കി ഖുര്‍ ആന്‍ പാരായണം ചെയ്യാനും അനുവദിക്കില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com