ADVERTISEMENT
ദുബായ്∙ കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി മൂലം വാടക തർക്കങ്ങളും വർധിക്കുന്നു. കുടിശിക വരുത്തിയ താമസക്കാർക്ക് വാടക കരാർ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയുമോ എന്നതു നിയമ വിദഗ്ധർക്കിടയിലും ചർച്ചയാകുന്നു. കുടിശിക തിരിച്ചടയ്ക്കാതെ കരാർ റദ്ദാക്കി പോകാമെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ യുഎഇ നിയമം അനുസരിച്ച് അത് സാധിക്കില്ലെന്നും എതിർഭാഗം വ്യക്തമാക്കുന്നു. ദുബായിലെ വാടക കരാർ നിയമം അനുസരിച്ച് കുടിശിക വരുത്തിയാൽ വാടകക്കാരനെ ഒഴിപ്പിക്കാൻ നിയമം 25(1) അധികാരം നൽകുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറും മുൻപ് വാടകക്കാരൻ പിഴയായി രണ്ടു മാസത്തെ വാടക മുൻകൂർ നൽകണമെന്നും നിയമമുണ്ട്.

കുടിശിക നൽകാതെ താമസം ഒഴിയാമോ?

കോവിഡ് കാരണം പ്രവചനാതീത സാഹര്യമാണെന്നും കരാർ വ്യവസ്ഥ പാലിക്കാവുന്ന സാഹചര്യമായി കണക്കാക്കാൻ കഴിയാത്തതിനാൽ 273(1) വകുപ്പ് അനുസരിച്ച് ഏകപക്ഷീയമായി വാടകക്കാരന് പിൻമാറാനാകുമെന്നാണ് ഒരുകൂട്ടർ പറയുന്നത്. ജോലി നഷ്ടമാകുന്ന സാഹചര്യങ്ങളിൽ ഇങ്ങനെ ചെയ്യാം. ജോലി നഷ്ടപ്പെട്ട രേഖകൾ സഹിതം കെട്ടിട ഉടമയെ സമീപിക്കണം. കുടിശിക  ഇളവു ചെയ്യാൻ ഉടമ തയാറായില്ലെങ്കിൽ റെന്റൽ ഡിസ്പ്യൂട്ട് സെന്ററിനെ സമീപിക്കാം. നിയമത്തിന്റെ 249-ാം വകുപ്പും ഇതിന് സാധൂകരണം നൽകുന്നുണ്ടെന്നും ഇവർ വാദിക്കുന്നു. ദുബായ് റെന്റൽ ഡിസ്പൂട്ട് സെന്ററിൽ നിന്ന് അടുത്തിടെ വാടകക്കാരന് അനുകൂലമായി വിധി ഉണ്ടായെന്നും കെട്ടിട ഉടമ വാങ്ങിവച്ച ചെക്ക് ഉൾപ്പെടെ മടക്കി നൽകാൻ നിർദേശിച്ചെന്നും ഇവർ പറയുന്നു.

കെട്ടിട ഉടമ അനുവദിച്ചാൽ മാത്രം ഇളവ്

അതേസമയം  വാടകത്തുക നൽകാതെ ഒഴിയാൻ നിയമം അനുവദിക്കുന്നില്ലെന്ന് ഈ രംഗത്തെ വിദഗ്ധർ അറിയിച്ചു. ഉടമയും വാടകക്കാരനും തമ്മിൽ രമ്യതയിലെത്തി വാടക ഒന്നോ രണ്ടോ മാസത്തെ വാടക ഇളവുചെയ്യാം. പിഴയും  ഇളവുചെയ്യാം. ഇതുമാത്രമാണ് നിയമം അനുവദിക്കുന്നതെന്ന് ഇവർ വ്യക്തമാക്കുന്നു.

പണമില്ലെങ്കിൽ ഉടമയുമായി ചർച്ചയാകാം

ജോലി നഷ്ടമായതിന്റെ തെളിവ് സഹിതം എത്രയും വേഗം കെട്ടിട ഉടമയ്ക്ക് കത്ത് അയയ്ക്കുക. അവരുമായി ചർച്ച ചെയ്ത് രമ്യതയിൽ പ്രശ്നപരിഹാരത്തിന് ശ്രമിക്കുക. അതിനു തയാറാകാതിരുന്നാൽ റെന്റൽ ഡിസ്പ്യൂട്ട് സെന്ററിനെ സമീപിച്ച് കെട്ടിട ഉടമയ്ക്കെതിരെ പരാതിപ്പെടുക. വാർഷിക വാടകത്തുകയുടെ 3.5% കെട്ടിവയ്ക്കണം. ഇത് 500 ദിർഹത്തിൽ കുറയുകയോ 20000 ദിർഹത്തിൽ കൂടുകയോ ചെയ്യരുത്. ഇതിനു പുറമേ അഡ്മിനിസ്ട്രേറ്റീവ് തുക, പരിഭാഷ തുക, ഇജാരി സർട്ടിഫിക്കറ്റ്, വാടക കരാർ, ദേവ ബിൽ എന്നിവ ഇതിനൊപ്പം നൽകണം.15 ദിവസത്തിനകം തീർപ്പുണ്ടാകും. ഇല്ലെങ്കിൽ കോടതിയിലേക്ക് കേസ് മാറ്റും.

പരാതിപ്പെടാൻ റെന്റൽ ഡിസ്പ്യൂട്ട് സെന്റർ

ബെനിയാസ് റോഡിൽ ദയ്റ ദുബായ് ലാൻഡ് ഡിപാർട്മെന്റിന് സമീപമാണ് ദുബായ് റെന്റൽ ഡിസ്പ്യൂട്ട് സെന്റർ.  ഫോൺ 8004488. അബുദാബിയിൽ ഡിഫൻസ് സ്ട്രീറ്റിനു സമീപമാണ് സ്ഥാപനം. ഫോൺ 8002353. ഷാർജയിൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപം. 065931525. അജ്മാനിൽ അൽ റാഷിദിയ 3ൽ. 067448884.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com