ADVERTISEMENT

ദോഹ∙ കോവിഡിനൊപ്പം സഞ്ചരിക്കാന്‍ തയ്യാറെടുത്ത് രാജ്യം. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി  2-ാം ഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ ജാഗ്രതയോടെ തുടരണമെന്ന് സര്‍ക്കാര്‍.രാജ്യത്തുടനീളമായി ഒട്ടുമിക്ക മേഖലകളിലും ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമാണ് പ്രവര്‍ത്തനാനുമതി. ജൂലൈ 1 മുതല്‍ 31 വരെയാണ് 2-ാം ഘട്ടം.  പള്ളികള്‍ ഉള്‍പ്പെടെ എല്ലായിടങ്ങളിലും പ്രവേശിക്കണമെങ്കില്‍ കോവിഡ്-19 അപകടനിര്‍ണയ ആപ്ലിക്കേഷനായ ഇഹ്‌തെറാസിലെ പ്രൊഫൈല്‍ നിറം പച്ചയായിരിക്കണം. 

 

രാജ്യത്തുടനീളമായി 262 പള്ളികള്‍ കൂടി ഇന്ന് തുറക്കും. 1-ാം ഘട്ടത്തില്‍ 500 പള്ളികളാണ് തുറന്നത്.  സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ 50 ശതമാനം പേര്‍ക്ക് ഓഫിസിലെത്തി ജോലി ചെയ്യാം. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 60 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. അടിയന്തര സേവനങ്ങളും തുടരാം. എല്ലാ പാര്‍ക്കുകളും ബീച്ചുകളും തുറക്കും. എല്ലാ പ്രായക്കാര്‍ക്കും പ്രവേശിക്കാം. കളിസ്ഥലങ്ങള്‍ തുറക്കില്ല. ഖത്തര്‍ മ്യൂസിയത്തിന്റെ കീഴിലെ ഏതാനും മ്യൂസിയങ്ങളും ലൈബ്രറികളും തുറക്കും. പരിമിതമായ ശേഷിയില്‍ നിശ്ചിത മണിക്കൂറുകളില്‍ പ്രവര്‍ത്തിക്കാം. ഖത്തര്‍ നാഷനല്‍ ലൈബ്രറി ജൂലൈ 15 മുതല്‍ക്കേ തുറക്കുകയുള്ളു. 

 

തുറന്നയിടങ്ങള്‍, വലിയ ഹാളുകള്‍ എന്നിവിടങ്ങളില്‍ പ്രഫഷനല്‍ അത്‌ലറ്റുകള്‍ക്ക് പരമാവധി 10 പേര്‍ക്കൊപ്പം പരിശീലനം നടത്താം. കുടുംബങ്ങള്‍ക്ക് ബോട്ടുകളിലും ഉല്ലാസ നൗകകളിലും സഞ്ചരിക്കാം. ഡ്രൈവറെ കൂടാതെ പരമാവധി 10 പേര്‍ക്ക് മാത്രം അനുമതി. 50 ശതമാനത്തില്‍ താഴെ ശേഷിയില്‍ സൂഖുകള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും പ്രവര്‍ത്തിക്കാം. കോവിഡ്-19 മുന്‍കരുതല്‍ വ്യവസ്ഥകള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളും സ്വീകരിക്കും. 

 

 

പൊതുജനങ്ങള്‍ അറിയാന്‍

 

. പൊതു, സ്വകാര്യ ഇടങ്ങളില്‍ 5 പേരില്‍ കൂടുതല്‍ ഒത്തുകൂടരുത്.

 

.മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം.

 

.വയോധികര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍ എന്നിവരുടെ സംരക്ഷണം ഉറപ്പാക്കണം.

 

.കുടുംബ സന്ദര്‍ശനങ്ങളും ഒത്തുകൂടലും ഒഴിവാക്കണം.

 

.വ്യക്തിശുചിത്വം പാലിക്കണം. കൈകള്‍ എപ്പോഴും ഹാന്‍ഡ് സാനിട്ടൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കി സൂക്ഷിക്കണം. 

 

 

നിരോധനം തുടരുന്നവ

 

.ഷോപ്പിങ് മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും കലാ, സാംസ്‌കാരിക, വിനോദ പരിപാടികള്‍ പാടില്ല.

 

.മാളുകളിലെ ഗെയിം കേന്ദ്രങ്ങള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, സ്‌കേറ്റ്‌ബോര്‍ഡ് അറീനകള്‍, പ്രാര്‍ത്ഥനാ മുറികള്‍, സിനിമ തീയേറ്ററുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com