ADVERTISEMENT

അബുദാബി∙ പരീക്ഷ വെറും പരീക്ഷണമാണെന്നും ജീവിതമാണ് വിജയിക്കേണ്ടതെന്നുമുള്ള സന്ദേശവുമായി വിദ്യാർഥികൾ നിർമിച്ച ഹ്രസ്വചിത്രം കോവിഡ് മൂലം എസ്എസ്എൽസി പരീക്ഷ എഴുതാനാവാത്ത സഹപാഠികൾക്ക് സാന്ത്വനമായി. "ഒരു കൊറോണ അപാരത" എന്ന പേരിലുള്ള ഹ്രസ്വചിത്രം അബുദാബി മോഡൽ സ്കൂൾ വിദ്യാർഥിയും കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയുമായ അനന്തു സജീവാണ് സംവിധാനം ചെയ്തത്.   പ്രധാന വേഷം അവതരിപ്പിച്ചതും അനന്തു തന്നെ. കോവിഡിന്റെ വരവോടെ തടസപ്പെട്ട എസ്എസ്എൽസി പരീക്ഷ പുനരാരംഭിച്ചപ്പോൾ ക്വാറന്റീനിലായതിനാൽ എഴുതാൻ സാധിക്കാത്ത വിദ്യാർഥിയുടെ മനോവേദനയാണ് സഹപാഠികൾ വരച്ചുകാട്ടിയത്. 

സ്കൂളിന്റെ പ്രതീക്ഷയായിരുന്ന വിദ്യാർഥിക്ക് പരീക്ഷ എഴുതാൻ സാധിക്കാത്തതറിഞ്ഞ് സഹപാഠികളിൽ ചിലർ ആഹ്ലാദം കണ്ടെത്തിയതോടെ വിദ്യാർഥിയുടെ വേദന കൂടി.  ഭാവിയും സ്വപ്നങ്ങളും തകർന്ന് വട്ടപൂജ്യമായി മാറുന്നതിലെ വേദനയിൽ കഴിയവെ  നല്ലവരായ സഹപാഠികളും അധ്യാപകരും ആശ്വസിപ്പിക്കാനെത്തുന്നു. "എസ്എസ്എൽസി കൊണ്ടു തീരുന്നതല്ല ജീവിതം, കല്ലും മുള്ളും പൂക്കളുമെല്ലാം നിറഞ്ഞതാണ് ജീവിതമാകുന്ന വഴി. എല്ലാത്തിനെയും തരണം ചെയ്ത് മുന്നോട്ടുപോകണം. പരീക്ഷയും പരീക്ഷണവും ജീവിതത്തിൽ ഉടനീളമുണ്ടാകും. ധാരാളം അവസരങ്ങൾ നിനക്കായി കാത്തിരിക്കുന്നുണ്ട്.  ഫിനീക്സ് പക്ഷിയെ പോലെ തിരിച്ചുവരാൻ നിനക്കാകും. 

ഒരു വഴിയടഞ്ഞാൽ 7 വഴികൾ തുറക്കും. ഞങ്ങളുണ്ട് കൂടെ, ധൈര്യമായിരിക്ക്..." എന്ന വാക്കുകൾ വിദ്യാർഥിയെ ആശ്വാസത്തിന്റെ തീരത്തെത്തിക്കുന്നു. ഇതിലൂടെ  മനോനില വീണ്ടെടുത്ത വിദ്യാർഥി സേ പരീക്ഷയിലൂടെ നഷ്ടപ്പെട്ടത് വീണ്ടെടുക്കുമെന്ന് പ്രതിജ്ഞ എടുക്കുന്നതിലൂടെയാണ് ചിത്രം അവസാനിക്കുന്നത്. വിദ്യാർഥികളായ ബോവസ് ചെറിയാൻ, ആസിഫ് അലി, സഞ്ജയ് മാധവ്, അക്ഷയ് അനിൽകുമാർ, അധ്യാപകരായ ബീന സത്യപാലൻ, കെവി അബ്ദുൽറഷീദ്, സജീവ് ഹബീബ്, രക്ഷിതാവ് മൈസ സയ്ദ് എന്നിവരാണ് ചിത്രത്തിൽ വേഷമിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com