sections
MORE

ഭാവിയിലേക്കു കുതിക്കാൻ ദുബായ് ഫ്യൂച്ചർ ലാബ്സ്

uae-future-labs
ദുബായ് ഫ്യൂച്ചർ ലാബ്സിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഡ്രോണിന്റെ പ്രവർത്തനം വിലയിരുത്തുന്നു
SHARE

ദുബായ് ∙ കോവിഡിനു ശേഷമുള്ള ഹൈടെക് വികസന പദ്ധതികൾ ലക്ഷ്യമിട്ട് ദുബായ് ഫ്യൂച്ചർ ലാബ്സിന് (ഡിഎഫ്എൽ) തുടക്കം.  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. 

വിവിധ മേഖലകളിൽ പഠന-ഗവേഷണങ്ങൾ, പദ്ധതി രൂപവൽക്കരണം, ഭാവിയിലെ വെല്ലുവിളികൾ നേരിടാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കൽ തുടങ്ങിയവയുടെ രാജ്യാന്തര കേന്ദ്രമാക്കി മാറ്റും. വിദേശരാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർക്കും അവസരം ലഭിക്കും. 

റോബട്ടിക്സ്, നിർമിത ബുദ്ധി, ഒാട്ടോമേഷൻ എന്നിവയിൽ വൻ മുന്നേറ്റത്തിനും ലക്ഷ്യമിടുന്നു. തൊഴിലവസരങ്ങൾ ഒരുക്കുക, വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടിയവരെ രാജ്യത്തേക്ക് ആകർഷിക്കുക, തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. 

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, കാബിനറ്റ്കാര്യ മന്ത്രിയും ദുബായ് ഫ്യൂച്ചർ ഫൌണ്ടേഷൻ എംഡിയുമായ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി, നിർമിതബുദ്ധി സഹമന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഒലാമ, ദുബായ് ഫ്യൂച്ചർ ഫൌണ്ടേഷൻ സിഇഒ: ഖൽഫാൻ ജുമ ബെൽഹൌൾ തുടങ്ങിയവരും പങ്കെടുത്തു. 

ഫ്യൂച്ചർ ലാബ്സിന്റെ ചില പദ്ധതികൾ

M061 വെന്റിലേറ്റർ

േകാവിഡ് ചികിത്സയ്ക്കടക്കം ഏറ്റവും ആവശ്യമായ നൂതന വെന്റിലേറ്റർ സംവിധാനമാണിത്. യുഎഇ ശാസ്ത്രസംഘം വിജയകരമായി ഇതു നിർമിച്ചുകഴിഞ്ഞു. ഏറ്റവും എളുപ്പത്തിൽ യോജിപ്പിക്കാവുന്ന ഘടകങ്ങൾ, കാര്യക്ഷമത എന്നിവയും ദീർഘകാലം ഉപയോഗിക്കാനാകുന്നതും ഇതിന്റെ പ്രത്യേകതയാണ്. എവിടെയും വേഗം എത്തിക്കാനും സാധിക്കും. അധിക ആവശ്യങ്ങൾ  നിർവഹിക്കാൻ വികസിപ്പിച്ച ഇവ വ്യാപകമായി ഉപയോഗിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ മെഡിക്കൽ ഉപകരണങ്ങൾക്ക് ലോകമെങ്ങും ക്ഷാമം നേരിടുമ്പോഴാണ് യുഎഇ ഈ നിർണായക നേട്ടം കൈവരിച്ചത്. 

ഡ്രോണുകൾ, ഓട്ടോണമസ് വാഹനങ്ങൾ 

വാണിജ്യ-വ്യാപാര മേഖലയ്ക്കാവശ്യമായ ഡ്രോണുകൾ, സ്വയംനിയന്ത്രിത (ഒാട്ടോണമസ്) വാഹനങ്ങൾ തുടങ്ങിയവയുടെ സേവനം വിപുലമാക്കും. ഷിപ്പിങ്, ചരക്ക് സംഭരണം, സാധനങ്ങൾ എത്തിക്കാനുള്ള ഡെലിവറി സേവനം തുടങ്ങിയവയും കൂടുതൽ സ്മാർട് ആക്കും. 

കോവിഡ് പശ്ചാത്തലത്തിൽ ഒാൺലൈൻ ഷോപ്പിങ് കൂടിവരുന്നതിനാൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനത്തിന് ഏറെ പ്രാധാന്യമുണ്ട്. അകലം പാലിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങൾ മൂലമുള്ള പരിമിതികളും ഒഴിവാക്കാം. 

പ്രാഥമിക വിദ്യാലയങ്ങൾ മുതൽ മാറ്റങ്ങൾ 

റോബട്ടിക്സ്, നിർമിത ബുദ്ധി ലാബുകൾ ഉൾപ്പെടെയുള്ള ഹൈടെക് സംവിധാനങ്ങളോടെ ന്യൂജെൻ സ്കൂളുകൾ ആരംഭിക്കാൻ യുഎഇ നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിനായി 150 കോടി ദിർഹത്തിന്റെ പദ്ധതി നടപ്പാക്കിവരുകയാണ്.

ഭാവിയിലെ ആവശ്യങ്ങളും സാഹചര്യങ്ങളും മുന്നിൽക്കണ്ട് വിദ്യാഭ്യാസ രീതിയിൽ സമഗ്രമാറ്റം വരുത്തുകയാണ്. നഴ്സറികളിലടക്കം മാറ്റമുണ്ടാകും. ഉന്നതവിദ്യാഭ്യാസ രംഗം അടിമുടി പൊളിച്ചെഴുതാൻ ദേശീയ നയത്തിനു രൂപം നൽകി.

വാണിജ്യ, നിക്ഷേപമേഖലകളില്‍ ഉപഗ്രഹ സഹായത്തോടെ കൂടുതല്‍ സാധ്യതകള്‍ കണ്ടെത്താനുള്ള പദ്ധതികളും യുഎഇ തുടങ്ങിയിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA