ADVERTISEMENT

ദുബായ് ∙ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണക്കടത്ത് നടത്തിയ കേസിൽ പേര് പരാമർശിക്കപ്പെട്ട ഷാർജയിലെ അൽ സത്താർ സ്പൈസിസ് എന്ന സ്ഥാപനത്തിന് കേസുമായി ബന്ധമില്ലെന്ന് സ്ഥാപന അധികൃതർ. കേസുമായി ബന്ധപ്പെട്ട ആരെയും അറിയില്ല. ഫാസിൽ എന്ന പേരിൽ ആരും കടയിൽ ജോലി ചെയ്യുന്നില്ല. ഈന്തപ്പഴം, പലവ്യഞ്ജനം അടക്കമുള്ള സാധനങ്ങളാണ് വിൽക്കുന്നത്. ഈ കടയുടെ പേരിലുള്ള ഇൻവോയിസിലായിരുന്നു വിമാനത്താവളത്തിൽ സാധനങ്ങൾ എത്തിച്ചതെന്നാണ് പി.എസ്.സരിത്തിന്റെ റിമാൻഡ് അപേക്ഷയിൽ പറയുന്നത്.  

ഡിപ്ലോമാറ്റിക് ബാഗേജ് വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണമെത്തിച്ചത് ഭക്ഷ്യവസ്തുക്കളെന്ന പേരിലാണെന്ന് കസ്റ്റംസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തിരുവനന്തപുരത്തേക്ക് ബാഗേജ് അയച്ചത് യുഎഇയിൽ ഭക്ഷ്യവസ്തുക്കളുടെ കട നടത്തുന്ന ഫാസിൽ എന്നയാളാണെന്ന് കസ്റ്റംസും വ്യക്തമാക്കിയിരുന്നു. കാർഗോ ബുക്ക് ചെയ്തത് ഫാസില്‍ എന്നയാളും ക്ലിയറൻസിനുള്ള പണം നൽകിയത് സരിത്തുമാണ്. 

കേസിലെ ഒന്നാം പ്രതിയായ സരിത്തിന്റെ നിർദേശപ്രകാരമാണ് ഫാസിൽ കാർഗോ ബുക്ക് ചെയ്തെന്നും ഭക്ഷ്യവസ്തുക്കൾ പാക്ക് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ബാഗേജിൽ സ്വർണം വെച്ചത് ഫാസിൽ തന്നെയാണോ എന്ന് ഉറപ്പിച്ചിട്ടില്ല. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും അതിനാൽ തന്നെ വിശദമായ അന്വേഷണം ആവശ്യമാണെന്നും കസ്റ്റംസ് പറയുന്നു. സരിത്തിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 15 കോടി രൂപയോളം വിലമതിക്കുന്ന 30 കിലോ സ്വർണമാണ് കസ്റ്റംസ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com