sections
MORE

നിരാശനായ യുവാവ് ജീവനൊടുക്കി; നിരാലംബര്‍ക്ക് ഭക്ഷണമെത്തിച്ച് മലയാളി ബസ് ഡ്രൈവർമാര്‍

rta-drivers
ഭക്ഷണ വിതരണം
SHARE

ഷാർജ∙ വളയം പിടിക്കാൻ മാത്രമല്ല ഈ കൈകൾ, അന്നദാനം കൂടി നടത്താനുള്ളതാണെന്ന് വിളിച്ചുപറയുകയാണ് ദുബായ് റോഡ്സ് ആൻഡ‍് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ)യിലെ ഒരു സംഘം മലയാളി ബസ് ഡ്രൈവർമാർ. വിശക്കുന്നവരുടെ വിളി കേട്ട് ഓടിച്ചെന്ന് നിത്യേന ഇവർ 30ലേറെ പേർക്ക് മൂന്ന് നേരത്തെ ഭക്ഷണമെത്തിക്കുന്നു.

ഇന്‍റർസിറ്റി ബസുകളിലെ ഡ്രൈവർമാരാണ് കോവിഡ്–19 വരുത്തിവച്ച പ്രതിസന്ധികളെ തുടർന്ന് ജീവിതത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് മുടങ്ങിയ നിരാലംബരെ തേടിച്ചെല്ലുന്നത്. തൃശൂർ കൂർക്കഞ്ചേരി സ്വദേശി വി.എ.ഷരീഫിന്റെ നേതൃത്വത്തിൽ നജീബ്, അക്തർ, ആർടിഎ ജീവനക്കാരനും കെഎംസിസി പ്രവർത്തകനുമായ ഹംസ തുടങ്ങിയവരാണ് ഇതിന് മുന്നിട്ടിറങ്ങുന്നത്. ഇവരെ സഹായിക്കാൻ സാൻഫോർഡ് കമ്പനി ഉടമ ഖാദർ, അമീർ, വടക്കാഞ്ചേരി യുഎഇ കൂട്ടായ്മയുടെ പ്രവർത്തകർ എന്നിവരുമുണ്ട്. ആർടിഎ ഇൻ്റർസിറ്റി ബസ് ഡ്രൈവർമാരുടെ വാട്സാപ്പ് തമാശ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും നിറസാന്നിധ്യമറിയിക്കുന്നു. നിരാലംബരായ ചില കുടുംബങ്ങൾക്കും നിത്യേന ആഹാരമെത്തിക്കുന്നുണ്ട്.

rta-drivers-2
വിതരണം ചെയ്യുന്ന ഭക്ഷണം

യുവാവ് ജീവനൊടുക്കിയത് ആഴത്തിൽ ചിന്തിപ്പിച്ചു

കോവിഡ് കാലത്ത് ഒരു അവധി ദിവസം ഉച്ചയ്ക്ക് ഷരീഫ് താൻ താമസിക്കുന്ന ഷാർജ റോള കോർണിഷിനരികിലൂടെ നടന്നുപോകുമ്പോഴാണ് കരളലിയിക്കുന്ന ആ കാഴ്ച കണ്ടത്. നേരത്തെ പെട്രോൾ സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിനകത്ത് കുറേ യുവാക്കൾ വെയിലുംകൊണ്ടിരിക്കുന്നു. പരിചയപ്പെട്ടപ്പോൾ മനസിലായി, കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടവരും സന്ദർശക വീസയിലെത്തി വഴിയാധാരമായവരുമാണ് ഇവരിൽ ഭൂരിഭാഗവും. ഇവർ ഒരു നേരം പോലും ഭക്ഷണം കഴിച്ചിരുന്നില്ല. കൂട്ടത്തിലെ മലയാളി യുവാവാണ് കാര്യങ്ങൾ വിശദീകരിച്ചത്. ഷരീഫ് അപ്പോൾ തന്നെ തൊട്ടടുത്തെ സൂപ്പർമാർക്കറ്റിൽ കൊണ്ടുപോയി എല്ലാവർക്കും അത്യാവശ്യ ഭക്ഷണം വാങ്ങിക്കൊടുത്തു. അടുത്ത ദിവസങ്ങളിലൊന്നിൽ ആ യുവാവ് ജീവനൊടുക്കിയത് വലിയ ഞെട്ടലുണ്ടാക്കി. മാത്രമല്ല, പലരും നേരിടുന്ന ജീവിതപ്രതിസന്ധിയുടെ ആഴം തിരിച്ചറിയുകയും ചെയ്തു.

rta-drivers-4
വിതരണം ചെയ്യുന്ന ഭക്ഷണം

ഇതോടെ താമസ സ്ഥലത്തെത്തി ഷരീഫ് സഹപ്രവർത്തകരായ കൂട്ടുകാരുമായി കാര്യം ആലോചിച്ചു– ഇത്തരക്കാർക്ക് എന്തു സഹായമാണ് നൽകാനാകുക? ഒടുവില്‍ ഒരു നേരത്തെ ഭക്ഷണമെങ്കിലും നൽകാൻ തീരുമാനിച്ചു. അക്തറിന്റെ മുറിയിൽ ഭക്ഷണം പാചകം ചെയ്തു. എല്ലാവരും ചേർന്ന് കൊണ്ടുകൊടുത്തു. പിന്നീട് ഇതുപോലെ ഒട്ടേറെ നിരാലംബരെ കണ്ടെത്തി ഭക്ഷണമെത്തിച്ചു. ഇത് തുടരാൻ സാമ്പത്തിക പ്രയാസം നേരിട്ടപ്പോൾ സാൻഫോർഡ് ഉടമ ഖാദറിനെപോലുള്ള നന്മമനുഷ്യർ രംഗത്തെത്തി. രാവിലെ സാൻഡ് വിച്, പഴം, ഉച്ചയ്ക്ക് ചോറ്, ഇറച്ചിക്കറി, പച്ചക്കറി, രാത്രി ചോറ്, കറി എന്നിവയും മൂന്ന് നേരവും കുടിവെള്ളവും നൽകും. ജോലിസമയമായതിനാൽ രാവിലത്തെ സാൻഡ് വിച് രാത്രി തന്നെ നൽകുകയാണ് ചെയ്യുന്നതെന്ന് ഷരീഫ് മനോരമ ഓൺലൈനിനോട് പറഞ്ഞു. കൂടാതെ, നാട്ടിലെ ആശ്രിതരുടെ പട്ടിണി മാറ്റാൻ സാമ്പത്തിക സഹായവും നൽകുന്നു. 

rta-drivers-3
വിതരണം ചെയ്യുന്ന ഭക്ഷണം

ഇപ്പോൾ എല്ലാം ചെയ്യുന്നത് ഹൃദയത്തിൽ കാരുണ്യം വറ്റാത്ത ചില നല്ല മനുഷ്യരുടെ സഹായം കൊണ്ടാണെന്ന് ഷരീഫ് അടിവരയിടുന്നു. ഷാർജയിൽ ഇത്തരത്തില്‍ ഒട്ടേറെ പട്ടിണിപ്പാവങ്ങൾ ഇനിയുമുണ്ട്. എല്ലാവർക്കും സഹായമെത്തിക്കാൻ സാധിക്കുന്നില്ലല്ലോ എന്ന സങ്കടമാണിപ്പോൾ. മഹാമാരിക്കാലത്തെ ഈ സത്കർമത്തിന് പിന്തുണ നൽകാൻ താത്പര്യമുള്ളവർക്ക് ഷരീഫിനെ ബന്ധപ്പെടാം. ഫോൺ:+971 50 777 3617.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA