ADVERTISEMENT

ദുബായ് ∙ സ്വന്തമായി മിനി സൂപ്പർമാർക്കറ്റ് ആരംഭിക്കണമെന്ന ആഗ്രഹത്തോടെ യുഎഇയിലെത്തിയ ഗ്രോസറി ജീവനക്കാരന് എമിറേറ്റ്സ് ലോട്ടോയുടെ ഒരു കോടി രണ്ടു ലക്ഷം രൂപയോളം (5 ലക്ഷം ദിർഹം) സമ്മാനം. ഇദ്ദേഹത്തോടൊപ്പം മലയാളിയായ നെൽസൺ യേശുദാസ് 10 ലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടു. ശനിയാഴ്ച നടന്ന നറുക്കെടുപ്പിലാണ് കർണാടക കുടക് ഭേരിയ സ്വദേശി കിക്കരെ അലി അബ്ദുൽ മുനീറി(35)നെ ഭാഗ്യം തേടിയെത്തിയത്. 

ബർദുബായിൽ ഗ്രോസറി ജീവനക്കാരനായ ഇദ്ദേഹം ദുബായിൽ കമ്പനി പിആർഒ ആയ മൂത്ത സഹോദരൻ അബ്ദുൽ ബഷീറി(37)നോടൊപ്പമാണ് സമ്മാനം സ്വന്തമാക്കിയത്. പത്താം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള മുനീര്‍ രണ്ടു വർഷം മുൻപാണ്  ഉപജീവന മാർഗം തേടി യുഎഇയിലെത്തിയത്. തുഛമായ പ്രതിമാസ ശമ്പളത്തിന് ബർദുബായിലെ ഗ്രോസറിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. 

എല്ലാ ആഴ്ചയും എമിറേറ്റ്സ് ലോട്ടോ എടുക്കുമ്പോൾ ഒരേയൊരു പ്രാർഥനയേ ഉണ്ടായിരുന്നുള്ളൂ– സമ്മാനം നേടിയാൽ ദുബായിൽ ചെറിയൊരു സൂപ്പർ മാർക്കറ്റ് ആരംഭിക്കണം. സഹോദരൻ ബഷീറുമായി ഇക്കാര്യം എപ്പോഴും പങ്കുവയ്ക്കുമായിരുന്നു. എങ്കിലും ഇത്ര പെട്ടെന്ന്  അത് യാഥാർഥ്യമാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. സമ്മാനത്തുക ഏതെല്ലാം വിധത്തിൽ നിക്ഷേപിക്കണമെന്ന കാര്യത്തിൽ ജ്യേഷ്ഠനുമായി ആലോചനകൾ നടത്തിവരുന്നതായി മുനീർ മനോരമ ഒാൺലൈനിനോട് പറഞ്ഞു. എങ്കിലും ചിരകാലാഭിലാഷമായ മിനി സൂപ്പർമാർക്കറ്റ് തുടങ്ങുന്ന കാര്യത്തിൽ ഇരുവർക്കും സംശയമില്ല.

ജീവിതത്തില്‍ ഇതിന് മുൻപൊരിക്കലും ഭാഗ്യം തേടിയെത്തിയിരുന്നില്ല. എമിറേറ്റ്സ് ലോട്ടോയുടെ സമ്മാനമുണ്ടെന്നറിഞ്ഞപ്പോഴുണ്ടായ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. എനിക്കും കുടുംബത്തിനും ഇത്രയും വലിയ സമ്മാനം തന്ന എമിറേറ്റ്സ് ലോട്ടോയ്ക്ക് നന്ദി–മുനീർ പറഞ്ഞു. സഹോദരനോടൊപ്പം സഹോദരിമാർക്കും തുക നൽകുമെന്നും മുനീർ വ്യക്തമാക്കി. ഷാസിയയാണ് മുനീറിൻ്റെ ഭാര്യ. സഫ ഫാത്തിമ ഏക മകളാണ്. ബഷീറിന്റെ ഭാര്യ: ബുഷ്റ. മക്കൾ: നൂഹ, നുഫൈസ. 

ദുബായിൽ സെയിൽസ് എക്സിക്യുട്ടീവാണ് നെൽസൺ യേശുദാസ്. എല്ലാ ആഴ്ചയും എമിറേറ്റ്സ് ലോട്ടോ എടുക്കാറുണ്ട്. എന്നെങ്കിലും സമ്മാനം നേടുമെന്ന വിശ്വാസമുണ്ടായിരുന്നു. എങ്കിലും ഇത്ര പെട്ടെന്ന് സമ്മാനം നേടിയത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും നെൽസൺ പറഞ്ഞു. സമ്മാനത്തുക എന്തു ചെയ്യണമെന്ന് കുടുംബവുമായി ആലോചിച്ച്  തീരുമാനിക്കുമെന്നും അറിയിച്ചു. തന്നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഇദ്ദേഹത്തിന് താത്പര്യമില്ല.

അതേസമയം, എമിറേറ്റ്സ് ലോട്ടോയുടെ ഒന്നാം സമ്മാനമായ 100 കോടി രൂപയ്ക്ക് (50 ദശലക്ഷം ദിർഹം) ഇപ്രാവശ്യവും ആരും അർഹരായില്ല. ആറ് നമ്പരുകൾ ഒന്നിച്ചു വന്നാൽ മാത്രമേ ഒന്നാം സമ്മാനം ലഭിക്കുകയുള്ളൂ. അഞ്ച് നമ്പരുകൾ ശരിയായെങ്കിലാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിക്കുക. എല്ലാ ശനിയാഴ്ചയും രാത്രി 9നാണ് എമിറേറ്റ്ല് ലോട്ടോയുടെ ഒാൺലൈൻ നറുക്കെടുപ്പ്. വിവരങ്ങൾക്ക്: www.emiratesloto.com.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com