ADVERTISEMENT

ദുബായ് ∙ ചൊവ്വാ പേടക വിക്ഷേപണത്തിനു 3 ദിവസം മാത്രം ശേഷിക്കെ ഒരുക്കങ്ങളിൽ ഏറ്റവും സുപ്രധാനമായ അന്തിമഘട്ടത്തിലേക്കു കടന്നു. യുഎഇ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ പേടകത്തിന്റെയും റോക്കറ്റിന്റെയും ഓരോ ഘടകവും പരിശോധിച്ചു.. ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററിൽ നിന്ന് 15നു പുലർച്ചെ 12.51നാണ് വിക്ഷേപണം.

ഇന്ധനചോർച്ചയില്ലെന്നും വാർത്താവിനിമയ, ഉപഗ്രഹ നിയന്ത്രണ സംവിധാനങ്ങൾ കുറ്റമറ്റതാണെന്നും ഉറപ്പാക്കാനുള്ള പരിശോധനകൾ കഴിഞ്ഞദിവസം പൂർത്തിയാക്കി. മേഖലയ്ക്കാകെ അഭിമാനമേകുന്ന ചരിത്രക്കുതിപ്പിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അറബ് രാജ്യങ്ങൾ. ചൊവ്വാ ദൗത്യത്തിനു പിന്നാലെ 8 ഉപഗ്രഹങ്ങൾ കൂടി യുഎഇ വിക്ഷേപിക്കുന്നുണ്ട്. 2,200 കോടി ദിർഹത്തിന്റെ പദ്ധതികളാണു ബഹിരാകാശ മേഖലയിൽ പുരോഗമിക്കുന്നത്.

വായുമണ്ഡലം, ഉപഗ്രഹ നിർമാണം, ചൊവ്വാ പഠനം, കാലാവസ്ഥാ നിരീക്ഷണം എന്നിവ കേന്ദ്രീകരിച്ചുള്ള ഗവേഷണങ്ങളിൽ രാജ്യം ഏറെ മുന്നിലാണ്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ, താരാമണ്ഡലങ്ങൾ എന്നിവയെക്കുറിച്ചു അറിയാനും ഭൗമനിരീക്ഷണം കൂടുതൽ സൂക്ഷ്മമാക്കാനും രാജ്യാന്തര നിലവാരമുള്ള സാറ്റലൈറ്റ് ലബോറട്ടറിയും യുഎഇയ്ക്കുണ്ട്.

സാമ്യങ്ങളിൽ നിന്ന് സാധ്യതകളിലേക്ക്

ദൗത്യത്തിലൂടെ കുറെ വിവരങ്ങൾ ശേഖരിക്കുക എന്നതിലുപരിയായി ചൊവ്വയെ ഭാവിയിൽ എങ്ങനെ ഉപയോഗപ്പെടുത്താനാകുമെന്നു കണ്ടെത്താനാണു യുഎഇ ലക്ഷ്യമിടുന്നതെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എംബിആർഎസ് സി) ശാസ്ത്ര-സാങ്കേതിക വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ സാലിം അൽ മർറി പറഞ്ഞു. വ്യത്യാസങ്ങളേറെയാണെങ്കിലും ഭൂമിയുമായി ചില പ്രധാന സാമ്യങ്ങൾ ചൊവ്വയ്ക്കുണ്ട്. സൂര്യപ്രകാശ ലഭ്യത, ഭൂപ്രകൃതി, കാലാവസ്ഥാ വ്യതിയാനങ്ങൾ, ജലത്തിനുള്ള സാധ്യത തുടങ്ങിയവ ഏറെ പ്രധാനമാണ്.

അതുകൊണ്ടു തന്നെ മനുഷ്യവാസം സാധ്യമാക്കാമെന്നാണു പ്രതീക്ഷ. ഇതു മുന്നിൽക്കണ്ടാണ് 2117 ചൊവ്വയിൽ മനുഷ്യരെ എത്തിക്കാനും ചെറുനഗരം യാഥാർഥ്യമാക്കാനുമുള്ള സ്വപ്നപദ്ധതിക്കു യുഎഇ രൂപം നൽകിയത്. പ്രാഥമിക പഠന-ഗവേഷണങ്ങളിൽ നിന്ന് ആശാവഹമായ വിവരങ്ങളാണ് ലഭിച്ചത്. പേടക വിക്ഷേപണത്തിലൂടെ തന്ത്രപ്രധാന വിവരങ്ങൾ ലഭ്യമാകും. ചൊവ്വയിലെ പ്രതികൂല സാഹചര്യങ്ങൾ നേരിടാനുള്ള സാങ്കേതിക വിദ്യകൾ അടുത്ത ഘട്ടത്തിൽ വികസിപ്പിക്കാൻ ഇതു സഹായകമാകും. രാജ്യാന്തര ശാസ്ത്രസമൂഹവുമായി പങ്കുവയ്ക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com