ADVERTISEMENT

ദോഹ∙ കോവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കഴിയുന്ന ഖത്തര്‍ പ്രവാസികളുടെ മടങ്ങി വരവിനുള്ള 'എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റി'നുള്ള അപേക്ഷകള്‍ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചു തുടങ്ങി.   കോവിഡ്-19 നിയന്ത്രണങ്ങളിലെ 3-ാം ഘട്ട ഇളവുകളുടെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കഴിയുന്ന ഖത്തര്‍ പ്രവാസികള്‍ക്ക് ആഭ്യന്തര മന്ത്രാലയം എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് അനുവദിച്ചാല്‍ ഇന്ന് മുതല്‍ മടങ്ങിയെത്താം. ഇന്ത്യയില്‍ നി്ന്നുള്ളവര്‍ക്ക് വിമാന സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ അല്ലെങ്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നത് അനുസരിച്ചേ മടങ്ങി വരാന്‍ കഴിയൂ.  

ഖത്തര്‍ ഐഡിയുള്ള വ്യക്തികള്‍, സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ കമ്പനികള്‍ എന്നിവര്‍ക്കാണ് ഖത്തര്‍ പോര്‍ട്ടല്‍ മുഖേന റീ എന്‍ട്രിക്ക് അപേക്ഷിക്കാന്‍ അനുമതി. പെര്‍മിറ്റ് ലഭിക്കുന്ന തീയതി മുതല്‍ ഒരുമാസത്തേക്കാണ് ദോഹയില്‍ പ്രവേശിക്കാനുള്ള കാലാവധി. കാലാവധി തീയതിക്ക് മുമ്പ് തിരികെ പ്രവേശിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും അപേക്ഷിക്കാം. അപേക്ഷ നല്‍കി എത്ര ദിവസത്തിനുള്ളില്‍ പെര്‍മിറ്റ് ലഭിക്കുമെന്നത് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ യാത്രക്കാരന്റെ മൊബൈല്‍ ഫോണില്‍ ഇഹ്‌തെറാസ് ആപ്ലിക്കേഷന്‍ നിര്‍ബന്ധമായും റജിസ്റ്റര്‍ ചെയ്തിരിക്കണം.

പെര്‍മിറ്റിനായി അപേക്ഷിക്കേണ്ട വിധം

https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തര്‍ പോര്‍ട്ടല്‍ വെബ്‌സൈറ്റില്‍ പ്രവേശിച്ച് പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. മൊബൈല്‍ ഫോണ്‍ നമ്പര്‍ ആക്ടീവ് അല്ലെങ്കില്‍ കോള്‍ സെന്ററില്‍ വിളിച്ച് നമ്പര്‍ ആക്ടിവേറ്റ് ചെയ്യണം. 

ജീവനക്കാര്‍ക്കായി തൊഴിലുടമകളും കുടുംബാംഗങ്ങള്‍ക്കായി സ്‌പോണ്‍സര്‍ അല്ലെങ്കില്‍ അംഗങ്ങള്‍ക്ക് നേരിട്ടും അപേക്ഷിക്കാം. അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ തൊഴിലുടമ, കുടുംബം എന്നിങ്ങനെ 2 വിഭാഗങ്ങള്‍ കാണാം. ഇവയില്‍ ഏതാണെന്നത് തിരഞ്ഞെടുക്കാം. കുടുംബ വീസയിലുള്ളവര്‍ ആണെങ്കില്‍ പേര്, ക്യൂഐഡി നമ്പര്‍ എന്നിവയെല്ലാം നല്‍കണം. തൊഴിലുടമ തന്റെ ജീവനക്കാരന് വേണ്ടി അപേക്ഷിക്കുമ്പോള്‍ എസ്റ്റാബ്ലിഷ്‌മെന്റ് ഐഡി, ജീവനക്കാരന്റെ ക്യുഐഡി നമ്പര്‍, എന്നിവയെല്ലാം നല്‍കണം.

∙നിബന്ധനകളും വ്യവസ്ഥകളുമെല്ലാം കൃത്യമായി വായിച്ച ശേഷം ആവശ്യമായ രേഖകള്‍ അറ്റാച്ച് ചെയ്യാന്‍ തയ്യാറാക്കി വെച്ച ശേഷം വേണം അപേക്ഷ പൂരിപ്പിച്ച് നല്‍കാന്‍. 

∙ഏത് രാജ്യത്ത് നിന്നാണ് വരുന്നത്, എത്ര ദിവസം അവിടെ താമസിച്ചു, താമസത്തിന്റെ തെളിവ്, ഇ-മെയില്‍, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി നല്‍കണം. ഖത്തറില്‍ നിന്ന് അവസാനമായി നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗം പാസ്‌പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ സ്റ്റാമ്പ് പതിപ്പിച്ച പേജിന്റെ പകര്‍പ്പ് തെളിവായി സമര്‍പ്പിക്കാം. 

∙റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി 'സബ്മിറ്റി'ല്‍ ക്ലിക്ക് ചെയ്താല്‍ നല്‍കിയിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ സ്വീകരിച്ചതായി അറിയിപ്പ് ലഭിക്കും. പെര്‍മിറ്റ് അനുവദിച്ചിട്ടുണ്ടെങ്കില്‍ നിശ്ചിത ദിവസത്തിനുള്ളില്‍ ഇ-മെയിലില്‍ അറിയിപ്പ് ലഭിക്കും. ഇ-മെയില്‍ വരുന്ന പെര്‍മിറ്റ് പ്രിന്റ് എടുത്ത് യാത്രയില്‍ കൈവശം വെയ്ക്കണം.

∙നിശ്ചിത മാനദണ്ഡങ്ങളും വ്യവസ്ഥകളും പ്രകാരമേ പെര്‍മിറ്റ് അനുവദിക്കൂ. പെര്‍മിറ്റിനുള്ള അപേക്ഷ സ്വീകരിക്കാനും നിരസിക്കാനുമുള്ള അവകാശം കോംപീറ്റന്റ് അതോറിറ്റിക്ക് മാത്രമാണ്. അപേക്ഷയില്‍ നല്‍കിയിരിക്കുന്ന എല്ലാ വിവരങ്ങളും കൃത്യമായിരിക്കണം. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരും. 

മടങ്ങിവരുന്നവരുടെ കൈവശം വേണ്ട രേഖകള്‍

∙റീ എന്‍ട്രി പെര്‍മിറ്റ്, ഖത്തര്‍ റസിഡന്റ് പെര്‍മിറ്റ്, 6 മാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്‌പോര്‍ട്ട്

∙ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിങ് രേഖ. (ഹോട്ടല്‍ ബുക്കിങ്ങിനായുള്ള ലിങ്ക്: https://www.qatarairwaysholidays.com/qa-en/welcome-home-booking/?cid=DQFAQ

∙കോവിഡ്-19 നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ്. (ഇന്ത്യയില്‍ നിലവില്‍ ഖത്തര്‍ അംഗീകൃത കോവിഡ്-19 പരിശോധനാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ ദോഹയിലെത്തി 7 ദിവസം നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം. ഇന്ത്യയിലെ കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ വരും ദിവസങ്ങളില്‍ ഖത്തര്‍ പ്രഖ്യാപിച്ചാല്‍ യാത്രക്ക് 48 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ 7 ദിവസം ഹോം ക്വാറന്റീന്‍ മതിയാകും. വിദഗ്ധ-അവിദഗ്ധ തൊഴില്‍ വിഭാഗം, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവര്‍ക്കുള്ള ക്വാറന്റീന്‍ ചെലവ് തൊഴിലുടമയാണ് വഹിക്കേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

∙പെര്‍മിറ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 109 എന്ന ഗവണ്‍മെന്റ് കോണ്‍ടാക്ട് നമ്പറില്‍ വിളിക്കാം. ഖത്തറിന് പുറത്തുള്ളവര്‍ +974 44069999 എന്ന നമ്പറില്‍ ബന്ധപ്പെടണം. 

∙ ഹോട്ടല്‍ ബുക്കിങ്,ക്വാറന്റീന്‍ സംശയങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഡിസ്‌കവര്‍ ഖത്തര്‍ ടീമിനെ dqwelcomehome@qatarairways.com.qa എന്ന വിലാസത്തില്‍ ബന്ധപ്പെടാം. വിദേശത്തുള്ളവര്‍ക്ക് +974 4423 7999 എന്ന നമ്പറിലും ബന്ധപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com