ADVERTISEMENT

റാസല്‍ഖൈമ ∙  ''ഉടനേ കഴുത്തെന്റേതറുക്കൂ ബാപ്പാ... ഉടയോൻ തുണയില്ലേ നമുക്ക് ബാപ്പാ..'' – പ്രവാസികൾക്ക് ബലിപെരുന്നാൾ സമ്മാനമായി മലയാളി മാതാവും മകളും പാടിയ മാപ്പിളപ്പാട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി. റാസൽഖൈമയിൽ താമസിക്കുന്ന സംഗീത അധ്യാപികയായ കണ്ണൂർ മാങ്ങാട് സ്വദേശിനി സവിതാ മഹേഷ്, മകളും പത്താം ക്ലാസ് വിദ്യാർഥിയുമായ ലക്ഷ്മി മഹേഷ് എന്നിവരാണ് പ്രശസ്തമായ പാട്ടു ആലപിച്ചത്.  പെരുന്നാൾ പുലർച്ചെ എഫ് ബി പേജിൽ പോസ്റ്റ് ചെയ്ത പാട്ട് ഇതിനകം നാല് ലക്ഷത്തിലേറെ പേർ ആസ്വദിച്ചു. 14,000 ലേറെ പേർ ഷെയർ ചെയ്യുകയും ചെയ്തു.

റാസൽഖൈമയിലെ റേഡിയോ ഏഷ്യയിൽ ജോലി ചെയ്യുന്ന മഹേഷ് കണ്ണൂരിന്റെ ഭാര്യയായ സവിതയും ലക്ഷ്മിയും നേരത്തെയും ഇത്തരത്തിൽ മാപ്പിളപ്പാട്ടുകൾ പാടി പോസ്റ്റ് ചെയ്തിരുന്നെങ്കിലും ഇൗ പാട്ടാണ് ജനം ഏറ്റെടുത്തത്. രണ്ട് മാസം മുൻപ് അസ് ബി റബ്ബി.. എന്നു തുടങ്ങുന്ന മുസ് ലിം ഭക്തിഗാനം തംബുരു ശ്രുതി മാത്രം ഉപയോഗിച്ച് ആലപിച്ച് ശ്രദ്ധേയയായിരുന്നു.

റാസൽഖൈമ സ്കോളേഴ്സ് ഇന്‍റർനാഷനൽ സ്കൂളിൽ സംഗീതാധ്യാപികയായിരുന്ന സവിത പാലക്കാട് ചെമ്പൈ സംഗീത കോളജിൽ നിന്ന് ഗാനഭൂഷണം പാസായിട്ടുണ്ട്. 13 വർഷമായി യുഎഇയിലുള്ള ഇവർ ലോക് ഡൗൺ കാലത്ത് ഗൾഫിലെ ഒട്ടേറെ സംഘടനകളുടെ എഫ് ബി പേജുകളിൽ തത്സമയം ഗാനമാലപിക്കുന്നു. സ്കൂളിൽ ഗാനാലപനത്തിൽ സമ്മാനം വാങ്ങിയിട്ടുള്ള ലക്ഷ്മി കൊറിയൻ ബാൻഡായ ബിടിഎസിൻ്റെ ആരാധികയാണ്. കൊറിയൻ പാട്ടകൾ ആലപിക്കാറുള്ള ലക്ഷ്മിയുടെ കൈവശം 300 ലേറെ പാട്ടകളുടെ ശേഖരവുമുണ്ട്. ഇളയ സഹോദരി ആഭേരി മഹേഷും പാട്ടിൽ ശ്രദ്ധേയയാണ്. മൂവരും ഒന്നിച്ച് പാടിയ പാട്ടുകളും എഫ് ബിയിൽ പോസ്റ്റ് ചെയ്യാറുണ്ട്.

അന്തരിച്ച കവിയും ഗാനരചയിതാവുമായ പി.ടി.അബ്ദുറഹ്മാനാണ് ഉടനെ കഴുത്തെന്റേതറുക്കൂ ബാപ്പാ.. എന്ന മാപ്പിളപ്പാട്ട് രചിച്ചത്. സംഗീതം: വടകര കൃഷ്ണദാസ്. വിളയിൽ ഫസീസ ആലപിച്ച ഗാനം ജാതിമത ഭേദമന്യേ മലയാളികൾ ഏറ്റെടുത്ത പാട്ടാണ്.

English Summary: Maappila paatu by malayali family goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com