sections
MORE

ക്രിമിനൽ കേസുകളിൽ വിശദ അന്വേഷണം

qatar-law-column
SHARE

ഖത്തറിലെ ക്രിമിനൽ നടപടി പ്രകാരം (2004 ലെ 23-ാം നമ്പർ നിയമം) അന്വേഷണം ആവശ്യമുള്ള ക്രിമിനൽ കേസുകളിൽ പബ്ലിക് പ്രോസിക്യൂഷന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തും. അന്വേഷണ സമയത്ത്, അന്വേഷണം സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഉദ്യോഗസ്ഥർ കൈക്കൊള്ളുന്ന നടപടികളും വിശദമായി രേഖപ്പെടുത്തുകയും ഉദ്യോഗസ്ഥർ അതിൽ ഒപ്പുവെയ്ക്കുകയും വേണം. കുറ്റം ആരോപിക്കപ്പെട്ട വ്യക്തി, കുറ്റാരോപിതന്റെ അഭിഭാഷകൻ, ക്രിമിനൽ കുറ്റം മൂലം ഇരയാക്കപ്പെട്ട വ്യക്തി എന്നിവർക്ക് അന്വേഷണ നടപടികളിൽ പങ്കെടുക്കാവുന്നതാണ്. അന്വേഷണം സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും അറിയാനുള്ള അവകാശം മേൽ പറഞ്ഞ എല്ലാവർക്കുമുണ്ട്.

അന്വേഷണം സംബന്ധിക്കുന്ന എല്ലാ രേഖകളും അറബിക് ഭാഷയിൽ ആയതിനാൽ ഭാഷ അറിയാത്ത വ്യക്തികളുടെ മൊഴി രേഖപ്പെടുത്തുമ്പോൾ പരിഭാഷകന്റെ സഹായം ലഭ്യമാക്കണം.  കുറ്റവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവ് ശേഖരിക്കാൻ കുറ്റാരോപിതന്റെ താമസ സ്ഥലം പരിശോധിക്കാൻ പബ്ലിക് പ്രോസിക്യൂഷന്റെ രേഖാമൂലമുള്ള അനുമതി ആവശ്യമാണ്. അനുമതി ലഭിച്ചു കഴിഞ്ഞാൽ കഴിയുന്നതും കുറ്റാരോപിതന്റെയോ അല്ലെങ്കിൽ കുറ്റാരോപിതന്റെ പ്രതിനിധിയുടേയോ സാന്നിധ്യത്തിൽ പരിശോധന നടത്തേണ്ടതാണ്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട വസ്തുക്കളും രേഖകളും പിടിച്ചെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ട്.

ബ്ലാങ്ക് ചെക്ക്: ശ്രദ്ധിക്കുക

എന്റെ കമ്പനി ഞങ്ങളുടെ ക്ലയന്റിൽ നിന്ന് വാങ്ങിയ പണത്തിനുള്ള ഉറപ്പിനായി ഞാൻ എന്റെ വ്യക്തിഗത ബ്ലാങ്ക് ചെക്കാണ് നൽകിയത്. എന്നാൽ പറഞ്ഞതു പോലെ കൃത്യമായി പണം തിരികെ നൽകാൻ കമ്പനിക്ക് കഴിഞ്ഞില്ല. ഇതേ തുടർന്ന് ഞാൻ നൽകിയ ചെക്ക് ബാങ്കിൽ സമർപ്പിക്കുമെന്ന് ക്ലയന്റ് അറിയിച്ചിരിക്കുകയാണ്. ഞാൻ ഒപ്പിട്ടു നൽകിയ ബ്ലാങ്ക് ചെക്ക് അവർക്ക് ഉപയോഗിക്കാൻ കഴിയുമോ? അവർ ചെക്ക് ബാങ്കിൽ നൽകിയാൽ തുക ഇല്ലാത്തതിനാൽ ചെക്ക് മടങ്ങുകയും ചെയ്യും. ചെക്ക് മടങ്ങിയാൽ എന്ത് നടപടിയാണ് ഉണ്ടാകുക?
 
ഒരു ബ്ലാങ്ക് ചെക്ക് ഒപ്പ് വെച്ച് ബെനിഫിഷറിക്ക് കൈമാറിയാൽ ബെനിഫിഷറിക്ക് ചെക്കിൽ തുകയും മറ്റ് വിവരങ്ങളും എഴുതാനുള്ള അധികാരം സ്വമേധായ ലഭിക്കുന്നതാണ്. അക്കൗണ്ടിൽ തുക ഇല്ലാത്ത കാരണത്താൽ ചെക്ക് മടങ്ങിയാൽ ക്രെഡിറ്റർക്ക് ക്രിമിനൽ പരാതിയും സിവിൽ കേസും ഫയൽ ചെയ്യാൻ നിയമപരമായ അവകാശമുണ്ട്. നിയമ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ക്രെഡിറ്ററുമായി ഒത്തുതീർപ്പിന് ശ്രമിക്കുന്നതാണ് ഉചിതം.

വാടക കരാർ കാലാവധി
   
ഞാൻ ഒരു വില്ല വാടകയ്ക്ക് എടുത്തിരുന്നു. കരാർ കാലാവധി ഈ വർഷം അവസാനം വരെയുണ്ട്. പ്രതിമാസ വാടക കെട്ടിട ഉടമയ്ക്ക് നേരിട്ട് നൽകാനാണ് കരാറിൽ വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ കെട്ടിട ഉടമ എന്റെ വാടക സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല വില്ല ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. നിയമപരമായി ഞങ്ങളെ പുറത്താക്കാൻ കെട്ടിട ഉടമയ്ക്ക് കഴിയുമോ?  വാടക സ്വീകരിച്ചില്ലെങ്കിൽ എന്താണ് ഞങ്ങൾ ചെയ്യേണ്ടത്? വാടക കുടിശികയുണ്ടെന്ന തരത്തിൽ നിയമനടപടി സ്വീകരിക്കാൻ കെട്ടിട ഉടമ ശ്രമിക്കുമോ?
 
വാടകക്കാരൻ വാടക കൃത്യമായി നൽകുന്ന പക്ഷം കെട്ടിട ഉടമയ്ക്ക് വാടക കരാർ കാലാവധി കഴിയുന്നതിന് മുമ്പ് വാടകക്കാരനെ ഒഴിവാക്കാനുള്ള അധികാരമില്ല. വാടക സ്വീകരിക്കാൻ കെട്ടിട ഉടമ വിസമ്മതിച്ചാൽ വാടകക്കാരന് വാടക തർക്ക പരിഹാര കമ്മിറ്റിയിൽ വാടക അടയ്ക്കുകയും കെട്ടിട ഉടമയെ രജിസ്റ്റേഡ് പോസ്റ്റ് വഴി ഇക്കാര്യം അറിയിക്കുകയും ചെയ്യാം. ഖത്തർ സിവിൽ നിയമത്തിലെ 597-ാം ആർട്ടിക്കിൾ പ്രകാരം ഒരു വാടക കരാറിന്റെ കാലയളവിൽ വാടകക്ക് നൽകിയ കെട്ടിടം വാടകക്കാരൻ ഉപയോഗിക്കുന്ന് തടയാനോ വാടക കെട്ടിടത്തിൽ മാറ്റങ്ങൾ വരുത്താനോ കെട്ടിട ഉടമയ്ക്ക് അധികാരമില്ല.

qatar-law
അഡ്വ. നിസാർ കോച്ചേരി

നിയമങ്ങൾ സംബന്ധിച്ച സംശയങ്ങൾക്കു നിയമകാര്യ വിദഗ്ധനായ അഡ്വ. നിസാർ കോച്ചേരി മലയാള മനോരമയിലെ ‘നിയമവും നിങ്ങളും’ എന്ന കോളത്തിലൂടെ മറുപടി നൽകും. ചോദ്യങ്ങൾ manoramadoha@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണം. തിരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങൾക്കാണു മറുപടി നൽകുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA