ADVERTISEMENT

ദുബായ്∙ യുഎഇ വിമാനത്താവളങ്ങളിൽ കോവിഡ് ബാധിതരെ കണ്ടെത്താൻ ശ്വാനസംഘം. വ്യക്തികളുമായി നായ്ക്കളുടെ നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കിയാകും പരിശോധന. വ്യക്തികളിൽ നിന്നു ശേഖരിക്കുന്ന സ്രവങ്ങൾ പ്രത്യേക സംവിധാനത്തിൽ നിക്ഷേപിച്ച് നായ്ക്കളെക്കൊണ്ടു മണപ്പിച്ചാണ് രോഗനിർണയം. രോഗസാധ്യതയുള്ള വ്യക്തിയുെട സാംപിളിന് മുന്നിൽ നായ നിൽക്കും.

ഒരു നായയ്ക്ക് ഒട്ടേറെ സാംപിളുകൾ പരിശോധിക്കാനാകും. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി വൻവിജയമായതിനെ തുടർന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.ആഭ്യന്തര, ആരോഗ്യ, സാമൂഹിക വികസന മന്ത്രാലയങ്ങൾ, ഫെഡറൽ കസ്റ്റംസ് അതോറിറ്റി, അബുദാബി-ദുബായ് കസ്റ്റംസ് വകുപ്പുകൾ, ആരോഗ്യ അതോറിറ്റികൾ എന്നിവ സംയുക്തമായാണ് പദ്ധതിക്കു തുടക്കമിട്ടത്.ലോകത്ത് ഈ സംവിധാനം നടപ്പാക്കുന്ന ആദ്യ രാജ്യമാണ് യുഎഇയെന്ന് അധികൃതർ വ്യക്തമാക്കി. മറ്റു രാജ്യങ്ങളിൽ ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്.

ഈ സംവിധാനത്തിന് 94 ശതമാനത്തിലേറെ കൃത്യതയുണ്ടെന്നാണ് റിപ്പോർട്ട്. വ്യക്തികളുടെ ശരീരത്തിലെയും ശ്വാസത്തിലെയും ഗന്ധവ്യത്യാസം തിരിച്ചറിഞ്ഞ് രോഗികളെ കണ്ടെത്താനും നായ്ക്കൾക്കു കഴിയും. നിമിഷങ്ങൾക്കുള്ളിൽ കൃത്യതയോടെ രോഗനിർണയം നടത്താനാകും.

നായ്ക്കൾക്ക് കൂടുതൽ ദൗത്യങ്ങൾ

ശ്വാനസംഘം കൂടി എത്തുന്നതോടെ വിമാനത്താവളങ്ങളിൽ പഴുതടച്ച സുരക്ഷ ഉറപ്പാക്കാനാകും. തുടർ ഘട്ടങ്ങളിൽ പൊതുവേദികൾ, സ്റ്റേഡിയങ്ങൾ, മാളുകൾ എന്നിവിടങ്ങളിലും നായ്ക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്നത് പരിഗണനയിലാണ്. വിവിധ രാജ്യങ്ങളിൽ നിന്നു വിമാന സർവീസുകളുടെ  എണ്ണം കൂടുന്നതോടെ നായ്ക്കളുടെ സേവനം ഏറെ ഗുണകരമാകും. കൂടുതൽ നായ്ക്കളെ പരിശീലിപ്പിക്കാനും ഉദ്ദേശിക്കുന്നു. പ്രകൃതി ദുരന്തങ്ങളിലും കുറ്റാന്വേഷണത്തിലും നായ്ക്കളുടെ സേവനം യുഎഇ പൊലീസ് ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com