ADVERTISEMENT

ദോഹ∙വെർച്വൽ കാഴ്ചയായി വർണാഭമായ വെടിക്കെട്ടും ആരോഗ്യപ്രവർത്തകർക്ക് ആദരസൂചകമായി മനോഹരമായ ചുമർചിത്രങ്ങളും ഒക്കെയായി കത്താറ പൈതൃക കേന്ദ്രത്തിലെ ഈദ് ആഘോഷത്തിന് തുടക്കമായി.

കോവിഡ്-19 മുന്നണിപോരാളികളായ ആരോഗ്യപ്രവർത്തകരോടുള്ള ആദര സൂചകമായി 30 മീറ്റർ നീളവും 5 മീറ്റർ വീതിയുമുള്ള 12 കലാകാരന്മാർ ചേർന്നൊരുക്കിയ  ചുമർചിത്രങ്ങൾ കത്താറയിലെ തെക്കൻ പ്രവേശന കവാടത്തിലെ ഭിത്തികളിൽ സ്ഥാപിച്ചിട്ടുണ്ട്.

കത്താറയിലെ ഈദ് ആഘോഷങ്ങളിലെ പ്രധാന ആകർഷണമായ വെടിക്കെട്ട് പ്രദർശനം കത്താറയിലെ വെബ്‌സൈറ്റ്, സമൂഹമാധ്യമ അക്കൗണ്ടുകൾ എന്നിവയിലൂടെ വൈകിട്ട് വീട്ടിലിരുന്ന് കാണാം. വൈകിട്ട് 5.00നും 9.00 നും ഇടയിൽ കത്താറയിൽ ചെന്നാൽ ഈദ് സമ്മാനങ്ങളും ലഭിക്കും. ഓൺലൈൻ ഈദ് മത്സരങ്ങളും ഇത്തവണയുണ്ട്. ഈദിന്റെ ആദ്യ 4 ദിനങ്ങളിലായാണ് ആഘോഷം.

ആഘോഷമായി ഹയ്യ ബയ

വ്യാഴാഴ്ച വൈകിട്ട് കത്താറയിലെ കടൽതീരത്ത് നടന്ന പൈതൃക ആഘോഷങ്ങളിലൊന്നായ ഹയ്യ ബയ ഏറെ ശ്രദ്ധേയമായിരുന്നു. കോവിഡ്-19 മുൻകരുതൽ പാലിച്ചു കൊണ്ടാണ് കുട്ടികളുടെ ഹയ്യ ബയ ആഘോഷിച്ചത്. ദുൽഹജ്ജിന്റെ തുടക്കത്തിൽ കുട്ടികൾ ഒത്തുചേരുന്ന നാടോടി പൈതൃകാഘോഷമാണിത്. ജനകീയമായ ഗൾഫ് പൈതൃക പരിപാടിയായ ഹയ്യ ബയയിലൂടെ ഖത്തറിന്റെ സംസ്‌കാരവും പൈതൃകവും പുതുതലമുറയിലേക്ക് പകർന്ന് നൽകുകയാണ് ലക്ഷ്യം.  ഓരോ കുട്ടികളുടെ കൈവശവും ഒഴിഞ്ഞ വള്ളിക്കൊട്ടകളും ബാർലി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുടെ തൈകളും ഉണ്ടാകും. വള്ളിക്കൊട്ടകളിൽ മണ്ണ് നിറച്ച് തൈകൾ നടും. സൂര്യപ്രകാശമുള്ള സുരക്ഷിതമായ സ്ഥലത്ത് വള്ളിക്കൊട്ടകൾ വെക്കും. ചെടികൾക്ക് ആവശ്യമായ വെള്ളവും വളവുമെല്ലാം നൽകി കുട്ടികൾ അതിനെ പരിപാലിക്കുന്നതാണ് ഹയ്യ ബയയിലെ പ്രധാന പരിപാടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com