ADVERTISEMENT

അബുദാബി ∙ കോവി‍ഡ് 19 നെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വാക്സീൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിൽ പങ്കാളികളായത് 4,500 സ്വദേശികളടക്കം 15,000 പേർ. ഇന്ത്യക്കാർ ഉൾപ്പെടെ 102 രാജ്യക്കാർ 4ഹ്യൂമനിറ്റി എന്ന പ്രമേയത്തിൽ നടക്കുന്ന ഉദ്യമത്തിൽ സേവകരായെന്ന് അധികൃതർ അറിയിച്ചു. യുഎഇ ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം, അബുദാബി ഹെൽത്ത് സർവീസസ് കമ്പനി, സേഹ എന്നിവയുടെ പങ്കാളിത്തത്തോടെ  ചൈനയിലെ നാഷനൽ ബയോടെക് ഗ്രൂപ്പായ സിനോഫാമും അബുദാബിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ആൻഡ് ക്ലൗഡ് കംപ്യൂട്ടിങ് ഗ്രൂപ്പായ 42ഉം ചേർന്നാണ് പദ്ധതിക്കു നേതൃത്വം നൽകുന്നത്. ജൂലൈ 16ന് മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു.

140ലേറെ ഡോക്ടർമാർ, 300 നഴ്സുമാർ എന്നിവരും പദ്ധതിയിൽ ചേർന്നു. ഒട്ടേറെ വനിതകളടക്കമുള്ള മലയാളികളും ലോകനന്മയ്ക്കായി പോറ്റമ്മനാട് നടത്തുന്ന പരീക്ഷണത്തിൽ സഹകരിക്കുന്നു. രണ്ടാമത്തെ കുത്തിവയ്പിന് ഇവരെല്ലാം തയാറായിക്കഴിഞ്ഞു. വാക്സീൻ പരീക്ഷണത്തിൽ പ്രവാസികളും  സഹകരിക്കണമെന്ന് അബുദാബി ആരോഗ്യവകുപ്പ് ചെയർമാൻ ഷെയ്ഖ് അബ്ദുല്ല അൽ ഹമീദ്, ആക്ടിങ് അണ്ടർസെക്രട്ടറി  ഡോ. ജമാൽ അൽകാബി എന്നിവർ ആഹ്വാനം ചെയ്തിരുന്നു.  

സന്തുഷ്ടവും സമ്പന്നവും സുരക്ഷിതവുമായ ലോകം സൃഷ്ടിക്കുന്നതിന് അനുകൂലമായ മാറ്റമാണ് യുഎഇയുടെ ദർശനം. യുഎഇ 200 ലേറെ രാജ്യക്കാർക്ക് ആതിഥേയത്വം വഹിക്കുന്നു. അവരെല്ലാം ഇവിടെ സ്നേഹത്തോടും സഹാനുഭൂതിയോടും സുരക്ഷിതരായി ജീവിക്കുന്നു. ഭൂമിയിലുള്ള സകലർക്കും ലോകത്തോട് ഉത്തരവാദിത്തമുണ്ടെന്നും  വിജയകരമായ ഫലങ്ങൾ നേടുക എന്ന ലക്ഷ്യത്തോടെ ഈ ഘട്ടത്തിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി എല്ലാവരും ധൈര്യത്തോടെ സ്വയം സന്നദ്ധരായി പ്രവർത്തിക്കുമെന്നു ഉറപ്പുണ്ടെന്നും വ്യക്തമാക്കി.

പരീക്ഷണത്തിന് സന്നദ്ധരായി മുന്നോട്ടുവന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ ഒരു വർഷം ദിവസം നിരീക്ഷിക്കും. ഈ ദിവസത്തിനിടയിൽ അത്യാവശ്യ ഘട്ടത്തിലല്ലാതെ രാജ്യം വിട്ടുപോകാൻ പാടില്ല. ഇതിനിടയിൽ 17 തവണ അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയിലെത്തി തുടർ പരിശോധനയ്ക്കു ഹാജരാകണം. സന്നദ്ധരായി മുന്നോട്ടുവരുന്നവരെ അടുത്ത 6 മാസം വരെ ഫോണിലൂടെ വിളിച്ച് ആരോഗ്യവിവരങ്ങൾ രേഖപ്പെടുത്തും.

ചരിത്ര ദൗത്യത്തിന്റെ ഭാമാകാൻ താൽപര്യമുള്ള 18നും 60നും ഇടയിൽ പ്രായമുള്ളവരും മറ്റു രോഗങ്ങൾ ഇല്ലാത്തവരുമായവർ www.4humanity.ae വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണമെന്നും പറഞ്ഞു.

17 തവണ പരിശോധന

∙ 3 ആഴ്ചയ്ക്കിടെ 2 ഡോസ് മരുന്നാണ് കുത്തിവയ്ക്കുന്നത്.

∙ 42 ദിവസത്തെ നിരീക്ഷണത്തിനിടയിൽ 17 തവണ പരിശോധനയ്ക്കു വിധേയമാക്കും.

∙ ഇതുവരെ ആരോഗ്യപ്രശ്മുള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന്  ജി42 ഹെൽത്ത് കെയർ സിഇഒ ആഷിഷ് കോശി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com