sections
MORE

ബിഎൽഎസ് കേന്ദ്രങ്ങൾ 24 മുതൽ പ്രവർത്തിക്കും

amanpuri
ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി.
SHARE

ദുബായ് ∙ കെഎംസിസിയിൽ ഉൾപ്പെടെ ബിഎൽഎസ് കേന്ദ്രങ്ങളുടെ പ്രവർത്തനം 24ന് പുനരാരംഭിക്കുമെന്നും കോൺസുലേറ്റിൽ ലഭിക്കുന്ന പരാതികൾക്കും സംശയങ്ങൾക്കും പുതിയ ഏകജാലക സംവിധാനത്തിലൂടെ 24 മണിക്കൂറിനുള്ളിൽ മറുപടി ലഭിക്കുമെന്നും ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി പറഞ്ഞു. മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് മൂലം വിവിധ എമിറേറ്റുകളിൽ നിർത്തിവച്ചിരുന്ന കോൺസുലർ സേവന ക്യാംപുകൾ അടുത്തമാസം ആദ്യവാരം പുനരാരംഭിക്കും. അടുത്ത മാസം മുതൽ വിവിധ വിഷയങ്ങളിൽ കോൺസുലേറ്റിൽ പ്രഗൽഭരെ ഉൾപ്പെടുത്തി ചർച്ചകൾ നടത്തുമെന്നും ഇതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഎൽഎസ് കേന്ദ്രങ്ങളിൽ കരിഞ്ചന്തയിൽ ടോക്കൺ വിൽക്കുന്നതായുള്ള വാർത്ത ശ്രദ്ധിയിൽപ്പെട്ടിട്ടുണ്ട്.

എന്നാൽ ഇതു സംബന്ധിച്ച് പരാതികൾ ആരും എഴുതി നൽകിയിട്ടില്ല എന്നാണ് അറിഞ്ഞത്. രേഖാമൂലം പരാതി ലഭിച്ചാൽ തുടർനടപടി ഉണ്ടാകും. കോൺസുലേറ്റിലെ നടപടികൾ വേഗത്തിലാക്കാനാണ് ഏകജാലക സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. മുൻപു വിവിധ കാര്യങ്ങൾക്കായി വ്യത്യസ്ത നമ്പരുകളും ഇടങ്ങളുമാണ് ഉണ്ടായിരുന്നത്. ഏകജാലക സംവിധാനത്തിലൂടെ ആർക്കും കോൺസുലേറ്റിനെ സമീപിക്കാം. ഇന്ത്യക്കാരനാണെന്നു തെളിയിക്കുന്ന രേഖ കൈവശമുണ്ടായാൽ മതി.

ഇ–എമിഗ്രന്റ് ശക്തമാക്കും

വിസിറ്റിങ് വീസയിലെത്തി ജോലി തേടുമ്പോൾ വഞ്ചിക്കപ്പെടാനുള്ള സാധ്യത ഇല്ലാതാക്കാൻ ഇ-എമിഗ്രന്റ്  നടപടികൾ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതു വഴി എത്തുമ്പോൾ ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെ ലഭിക്കും. ഒരു ജോലിയിൽ നിന്നു മറ്റൊന്നിലേക്കു മാറുമ്പോഴും വിവരങ്ങൾ കൈമാറേണ്ടതു കൊണ്ട് വഞ്ചിക്കപ്പെടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോഗ്യമേഖല പ്രതീക്ഷ

അടുത്തമാസം ആരോഗ്യമേഖല സംബന്ധിച്ച് കോൺസുലേറ്റ് യുഎഇയിലെയും ഇന്ത്യയിലെയും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി ചർച്ച നടത്തും. കോവിഡിനു ശേഷം ആരോഗ്യമേഖലയിൽ യുഎഇയിൽ കാര്യമായ മാറ്റങ്ങളുണ്ടാകുന്നുണ്ട്. ഇന്ത്യയ്ക്ക് ഏറെ സാധ്യതയുള്ള രംഗമാണിത്. മെഡിക്കൽ വിദ്യാഭ്യാസം, നഴ്സുമാരുടെ പരിശീലനം തുടങ്ങിയ കാര്യങ്ങളിലെല്ലാം പദ്ധതികൾ ഉണ്ടാകും. ഫിക്കി ഉൾെപ്പടെയുള്ളവയുമായി സഹകരിച്ചാവും നടത്തുക. നവംബറിൽ ഭക്ഷ്യമേഖല സംബന്ധിച്ചും ഡിസംബറിൽ ഐടിയുമായി ബന്ധപ്പെട്ടും ചർച്ചകൾ നടത്തി പദ്ധതികൾ രൂപീകരിക്കും. ഐപിൽ സംബന്ധിച്ചുള്ള അറിയിപ്പുകളും നയതന്ത്രകാര്യാലയത്തിന് ലഭിച്ചിട്ടുണ്ടെന്ന് ഡോ.അമൻപുരി പറഞ്ഞു. ഇന്ത്യ-യുഎഇ സാധാരണ വിമാനസർവീസ് എന്ന് പുനരാരംഭിക്കാനാകും എന്ന് വ്യക്തമല്ലെന്നും പറഞ്ഞു. വീസ കാലാവധി തീർന്നത് സംബന്ധിച്ച് ആയിരത്തോളം അപേക്ഷകളാണു കോൺസുലേറ്റിൽ ലഭിച്ചത്. നാട്ടിൽ പോയതിനാൽ ആറുമാസം വീസ കാലാവധി കഴിഞ്ഞവർക്ക് ഉൾപ്പെടെ വീസ പുതുക്കി നൽകുന്നുണ്ടെന്നും പറഞ്ഞു.

അമൂല്യ നിധി പോലെ ഈ സമ്മാനം

ദുബായ് ∙ ദന്തഡോക്ടറുടെ വഴി വിട്ട് ഐഎഫ്എസ് നേടിയ ഡോ.അമൻപുരി നിധി പോലെ സൂക്ഷിക്കുന്നൊരു സമ്മാനമുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ സമ്മാനിച്ച അദ്ദേഹത്തിന്റെ കയ്യൊപ്പോടു കൂടിയ പതക്കം. സിവിൽ സർവീസിൽ 75-ാം റാങ്ക് നേടി ഐഎഫ്എസ്  തിരഞ്ഞെടുത്ത ചണ്ഡിഗഡ് സ്വദേശിയായ ഡോ.അമൻപുരി ആദ്യമായി വിദേശയാത്ര നടത്തിയത് ഐഎഫ്എസ് പരിശീലന കാലത്താണ്. അമേരിക്കൻ പ്രസിഡന്റായിരുന്ന ബറാക് ഒബാമ ഇന്ത്യ സന്ദർശിച്ചപ്പോൾ ഡപ്യൂട്ടി ചീഫ് പ്രോട്ടോക്കോൾ ഓഫിസറായിരുന്നു അമൻപുരി. ഒബാമയ്ക്കൊപ്പം എല്ലായിടവും പോയത് അമൻപുരിയാണ്. ഒബാമ മടങ്ങാൻ നേരത്താണ് ഉപഹാരമായി പതക്കം സമ്മാനിച്ചത്. കണ്ടുമുട്ടുന്നവരെ ഒരു നിമിഷം കൊണ്ടുപോലും പ്രിയപ്പെട്ടവരാക്കുന്ന വ്യക്തിപ്രഭാവമാണ് ബറാക് ഒബാമയിൽ കണ്ട പ്രത്യേകതയെന്നു പതക്കത്തോളം പ്രഭയുള്ള ചിരിയോടെ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA