ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഇന്ത്യക്കാരായ എൻ‌ജിനീയർമാരുടെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ കുവൈത്ത് എൻ‌‌ജിനീയേഴ്സ് സൊസൈറ്റിയും മാൻ‌പവർ അതോറിറ്റിയും താൽക്കാലികമായി നിർത്തി. എൻ‌ജിനീയർ തസ്തികയിൽ ജോലി ലഭിക്കുന്നതിന് ചിലർ വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചതായി ശ്രദ്ധയിൽ‌പ്പെട്ടതിനെ തുടർന്നാണ് ഇതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഓരോ രാജ്യത്തും കുവൈത്ത് സർക്കാർ അംഗീകരിച്ച ഏജൻസികളുടെ അംഗീകാരമുള്ള എൻ‌ജിനീയർമാർക്ക് മാത്രമേ കുവൈത്തിൽ എൻ‌‌ജിനീയർ തസ്തികയിൽ ജോലി ചെയ്യാൻ കഴിയൂ.

ഇതു മറികടക്കാൻ പലരും വ്യാജരേഖകൾ ഹാജരാക്കുന്നുവെന്നാണ് അധികൃതരുടെ കണ്ടെത്തൽ. അതേസമയം, ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട സർവകലാശാലകളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളും കുവൈത്തിൽ അംഗീകരിക്കാത്ത സാഹചര്യവുമുണ്ട്. കുവൈത്ത് അംഗീകരിച്ച ഏജൻസികളുടെ അംഗീകാരമില്ല എന്നതാണ് കാരണം. ഈ വിഷയം സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ചർച്ചകളൊന്നും ഫലപ്രാപ്തിയിൽ എത്തിയിട്ടുമില്ല. അതിനിടെയാണ് അറ്റസ്റ്റേഷൻ താൽക്കാലികമായി നിർത്തിവച്ചത്.

അതേസമയം, കുവൈത്ത് നിർണയിച്ച മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാത്തതിന്റെ പേരിൽ ഇന്ത്യൻ എ‌ൻ‌ജിനീയർമാരുടെ 3,000 സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ എൻ‌ജിനീയേഴ്സ് അസോസിയേഷൻ നേരത്തേ നിരാകരിച്ചിരുന്നു. പ്രസ്തുത സർട്ടിഫിക്കറ്റ് ഉടമകൾ പലരും അവരുടെ ബിരുദ സർട്ടിഫിക്കറ്റിന് യോജ്യമാംവിധം തസ്തികകൾ മാറ്റിയതായും അധികൃതർ വ്യക്തമാക്കി.  എൻ‌‌ജിനീയർ എന്നതിന് പകരം ടെക്നീഷ്യൻ തൊട്ട് ഡ്രൈവർ വരെ വിവിധ തസ്തികകളിലാണ് അവരുള്ളത്.

കുവൈത്തിൽ വ്യാജ രേഖാ നിർമാണം

ഫഹാഹീൽ മേഖല കേന്ദ്രമാക്കി ഏഷ്യക്കാരായ ചിലരുടെ നേതൃത്വത്തിൽ വ്യാജ രേഖാ നിർമാണമുള്ളതായും കണ്ടെത്തിയിരുന്നു. അത്തരം രേഖകളും വർക്ക് പെർമിറ്റ് സമ്പാദിക്കുന്നതിനും പുതുക്കുന്നതിനു ഉപയോഗിക്കുന്നതായും അധികൃതർ സംശയിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com