ADVERTISEMENT

ദുബായ് ∙ വ്യാജ സൗന്ദര്യ ചികിത്സ നടത്തിയ യുവതിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. യൂറോപ്പുകാരിയായ യുവതിയെയാണ് ദുബായ് ആരോഗ്യവിഭാഗത്തിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ ഫ്ലാറ്റിൽ നിന്ന് ശസ്ത്രക്രിയക്ക് ആവശ്യമുള്ള ഉത്പന്നങ്ങളുടെയും സാമഗ്രികളുടെയും വൻ ശേഖരം പിടികൂടി.

അധികൃതരുടെ ലൈസൻസ് ഇല്ലാതെ ബോട്ടക്സ്, ഫില്ലേഴ്സ് തുടങ്ങിയ ശസ്ത്രക്രിയകൾ ഇവർ സ്വന്തം ഫ്ലാറ്റിൽ നടത്തിയിരുന്നതിന് തെളിവായി രേഖകൾ പൊലീസ് കണ്ടെടുത്തു. സ്വന്തം രാജ്യത്ത് നിന്ന് നേടിയ മുറി അറിവു വച്ച് ഇവർ ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്ന് സിഐഡി ഡയറക്ടർ ബ്രി.ജമാൽ സാലെം അൽ ജല്ലാഫ് പറഞ്ഞു.

Dubai-Police-arrests-woman1
അറസ്റ്റിലായ യുവതിയുടെ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്ത പ്ലാസ്റ്റിക് സർജറിക്ക് ആവശ്യമായ സാധനങ്ങൾ.

പ്രതി സമൂഹമാധ്യമങ്ങളിൽ നടത്തുന്ന പരസ്യം നിരീക്ഷണത്തിന് വിധേയമാക്കിയ ശേഷമായിരുന്നു അറസ്റ്റെന്ന് ആന്റി –ഇക്കണോമിക് ക്രൈംസ് വിഭാഗം ഡെപ്യുട്ടി ഡയറക്ടർ കേണൽ ഉമർ മുഹമ്മദ് ബിൻ ഹമ്മാദ് പറഞ്ഞു. ദുബായ് പൊലീസിലെ കൊമേഴ്സ്യൽ ഫ്രോഡ്, ആന്റി–ഹാക്കിങ് വിഭാഗവും കൈകൊർത്തുകൊണ്ടായിരുന്നു പരിശോധന. 

സമൂഹമാധ്യമത്തിലുടെ വലവീശൽ‌

സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു പ്രതി തന്റെ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ആരെയും സുന്ദരിയാക്കും എന്ന പരസ്യങ്ങളിൽ പലരും എളുപ്പത്തിൽ വീണു. ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള തന്റെ ഇൻസ്റ്റാഗ്രാം പേജായിരുന്നു ഇതിന് മുഖ്യമായും ഉപയോഗിച്ചിരുന്നത്. ഇതുവഴി അപോയിമെന്റ്  വാങ്ങുന്നവരെ ഇവർ നിശ്ചിതസമയത്ത് തന്റെ ഫ്ലാറ്റിലേയ്ക്ക് ക്ഷണിക്കുന്നു. വളരെ മാന്യമായി സ്വീകരിച്ച ശേഷം ചികിത്സ നടത്തുകയാണ് ചെയ്യുന്നത്.

രഹസ്യവനിതാ പൊലിസിന്റെ മിന്നൽ നടപടി

ചികിത്സ ആവശ്യമുണ്ടെന്ന് പറഞ്ഞ് യുവതിയെ ബന്ധപ്പെട്ട വനിതാ രഹസ്യ പൊലീസാണ് അറസ്റ്റിന് വഴിയൊരുക്കിയത്. ഫ്ലാറ്റിലേയ്ക്ക് ചെന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് യുവതിക്ക് ചികിത്സ ആരംഭിച്ചപ്പോൾ പൊലീസ് സംഘം ഫ്ലാറ്റ് വളയുകയായിരുന്നു. മിന്നല്‍ വേഗത്തിൽ യുവതിയെ കൈയോടെ പിടികൂടുകയും ചെയ്തു.

Dubai-Police-officers
ദുബായ് പൊലീസിലെ ഉദ്യോഗസ്ഥർ.

കോവിഡ് ലോക് ഡൗൺ മുതലെടുത്തു

കോവിഡ് കാരണം രാജ്യത്ത് പ്ലാസ്റ്റിക് സർജറി നടത്തുന്ന ആശുപത്രികളും ക്ലിനിക്കുകളും അടച്ചതാണ് പ്രതിക്ക് കൊയ്ത്തായത്. അവസരം മുതലെടുത്ത ഇവരെ തേടി ഒട്ടേറെ പേർ എത്തിയിരുന്നു. ഇവരെ കഴിവതും ചൂഷണം ചെയ്ത് ഇവർ വൻതുക സമ്പാദിച്ചിട്ടുണ്ട്.

ഓൺലൈൻ തട്ടിപ്പിൽ വീഴരുതെന്ന് പൊലീസ്

ഇത്തരത്തിൽ ഒാൺലൈൻ തട്ടിപ്പുകളിൽ വീഴരുതെന്ന് സിെഎഡി ഡയറക്ടർ പൊതുജനങ്ങളോട് പറഞ്ഞു. ലൈസൻസ് ഇല്ലാതെ നടത്തുന്ന ഇൗ സേവനങ്ങൾ സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളുടെ സാധുതയും സത്യസന്ധതയും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. മതിയായ അനുമതിയുള്ള ആരോഗ്യ കേന്ദ്രങ്ങളെ മാത്രം സമീപിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ബ്രി.അൽ ജല്ലാഫ് നിർദേശിച്ചു.

Mona-Al-Amri-police
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com