ADVERTISEMENT

കുവൈത്ത് സിറ്റി/തിരുവല്ല∙ ഇറാഖ് ആക്രമിച്ചപ്പോൾ കുവൈത്തിന്റെ ആഭ്യന്തര മന്ത്രാലയത്തിലെ ഡിജിറ്റൽ രേഖകൾ ചോരാത സൂക്ഷിച്ച വെണ്ണിക്കുളം കോതക്കുളത്ത് ജോസ് തോമസ് (62) യാത്രയാകുന്നത് കുവൈത്ത് മലയാളികളുടെ മനസ്സിൽ മായാത്ത സ്മരണകൾ അവശേഷിപ്പിച്ചാണ്. കാൽ നൂറ്റാണ്ടിലേറെയായി കുവൈത്ത് അഭ്യന്തര വിഭാഗം ചീഫ് ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു.

കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചങ്ങനാശേരി എസ്‌ ബി കോളജിൽ നിന്നു ഗണിത ശാസ്ത്രത്തിൽ ബിരുദമെടുത്തു കുവൈത്തിലേക്കു വിമാനം കയറിയത് 1982 ജനുവരി 26നാണ്. ബന്ധു വഴി തരപ്പെടുത്തിയ വീസയിൽ കുവൈത്തിലെത്തിയപ്പോൾ വീസയിൽ പറഞ്ഞ വീട്ടിലെ ഡ്രൈവർ ജോലിക്ക് പകരം ലഭിച്ചത് ആഭ്യന്തര മന്ത്രാലയത്തിൽ ജോലി. കംപ്യൂട്ടർ ഓപ്പറേഷൻ വിഭാഗത്തിൽ ട്രെയിനിയായി ജോലി ലഭിക്കുമ്പോൾ കംപ്യൂട്ടർ കണ്ട പരിചയം പോലുമില്ലായിരുന്നെങ്കിലും ചുരുങ്ങിയ കാലം കൊണ്ടു പ്രാവീണ്യം തെളിയിച്ചു.

ഓഫിസിൽ അതേവരെ തുടർന്ന സമ്പ്രദായത്തിൽ നിന്നു ഭിന്നമായി സിസ്‌റ്റം ഓപ്പറേഷൻ ജോലി ഓട്ടമേറ്റഡ് ആക്കിയതോടെ 2 വർഷത്തിനകം മേലധികാരികളുടെ അംഗീകാരം സിസ്‌റ്റം പ്രോഗ്രാമർ എന്ന പ്രമോഷൻ രൂപത്തിലെത്തി. 1990 ഓഗസ്‌റ്റ് 2ന് ജോസ് തോമസ് പതിവുപോലെ ഓഫിസിലെത്തി. ആറാം റിങ് റോഡിനടുത്തായി സ്‌ഥിതി ചെയ്യുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ കംപ്യൂട്ടർ സെന്ററിൽ നിന്നു കാണുന്ന കാഴ്‌ച തൊട്ടപ്പുറത്തെ വഴിയിലൂടെ അണമുറിയാതെ നീങ്ങുന്ന ഇറാഖ് സൈനിക വാഹനങ്ങൾ. തുടർന്ന് എല്ലാവരും വീടുകളിലേക്കു തിരിച്ചുപോകാൻ മാനേജർ നിർദേശിച്ചു. യുദ്ധത്തിന്റെ കാലൊച്ച കേട്ടതിനാലാകാം അബ്ബാസിയയിലെ താമസ സ്‌ഥലത്തെത്തിയപ്പോഴേക്കും കടകളിൽ ഭക്ഷ്യവസ്‌തുക്കൾ ഇല്ലാത്ത സ്‌ഥിതി.

വെള്ളിയാഴ്‌ചത്തെ അവധി കഴിഞ്ഞു ശനിയാഴ്‌ച ഗതാഗതവകുപ്പിന്റെ കംപ്യൂട്ടർ വിഭാഗത്തിലെത്തിയ ജോസ് അവിടെ കണ്ടത് ശ്‌മശാന മൂകത. ഈ മൂകതയാണ് ജോസിന്റെ ബുദ്ധി ഉണർത്തിയത്. രാജ്യം കയ്യടക്കിയ ഇറാഖികൾക്കു ശ്രമിച്ചാൽ ഇവിടെയുള്ള കംപ്യൂട്ടർ സംവിധാനത്തിൽ നിന്നു പല വിവരങ്ങളും സമ്പാദിക്കാനാകും. കംപ്യൂട്ടറുകളിലെ മൈക്രോകോഡ് നശിപ്പിച്ചാൽ ആ സാധ്യത ഒഴിവാക്കാം. മറ്റൊരു ചിന്തയ്‌ക്ക് അവസരം നൽകാതെ മൈക്രോകോഡ് മുഴുവൻ നശിപ്പിച്ചാണ് ജോസ് അന്ന് താമസ സ്‌ഥലത്തേക്കു പോയത്. ഇത് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ രഹസ്യങ്ങൾ ചോരതിരക്കാൻ സഹായകരമായി.ജോസ് തോമസിന്റെ ബുദ്ധി വൈഭവം ഇറാഖികളെ മാത്രമല്ല പ്രയാസത്തിലാക്കിയതെന്ന് തിരിച്ചറിയാൻ മണിക്കൂറുകളേ വേണ്ടിവന്നുള്ളൂ.

അധിനിവേശത്തിന്റെ ആദ്യദിവസം മുതൽ പലരും കണ്ണുവച്ചത് കുവൈത്തിലെ വാഹനങ്ങളിലായിരുന്നു. കൈക്കലാക്കുന്ന വാഹനങ്ങൾ സംബന്ധിച്ച രേഖകൾ കംപ്യൂട്ടർ രേഖകളിൽനിന്നു സംഘടിപ്പിക്കാനാകാതെ വന്നതോടെ പലർക്കും അവരുടെ രാജ്യത്തേക്കു വാഹനം കടത്തുന്നത് പ്രയാസമായി.കുവൈത്തിൽ പിടിച്ചു നിൽക്കാനാകില്ലെന്നായതോടെ നാട്ടിലെത്താനുള്ള പുറപ്പാടായി. ഓഫിസ് മാനേജരായ സലെ അൽ തൈബിയെ പേജർ വഴി വിവരമറിയിച്ചു സെപ്‌റ്റംബർ 21 നു നാട്ടിലേക്കു തിരിച്ചു. കംപ്യൂട്ടറിൽ നിന്നു മൈക്രോകോഡ് നശിപ്പിച്ച വിവരവും അദ്ദേഹത്തെ ധരിപ്പിക്കാൻ മറന്നില്ല. കുവൈത്തിലെ ആഭ്യന്തര മന്ത്രാലയത്തിൽ സിസ്‌റ്റം പ്രോഗ്രാമറെ അന്വേഷിച്ചുകൊണ്ടുള്ള പത്രപ്പരസ്യം 1991 ജനുവരിയിൽ ഇന്ത്യയിലെ പത്രങ്ങളിൽ സ്‌ഥാനം പിടിക്കുമ്പോൾ ഇറാഖിന്റെ അധീനതയിലായിരുന്നു കുവൈത്ത്. ജോസ് തോമസിനെ തേടിയുള്ള പരസ്യമായിരുന്നു അത്.

യുഎസിൽ ജോലി വാഗ്‌ദാനം ലഭിച്ചതിനെ തുടർന്ന് കുടുംബത്തെയും അവിടേക്ക് എത്തിക്കാനുള്ള രേഖകൾ ശരിപ്പെടുത്തിവരുന്നതിനിടെയാണ് പത്രപ്പരസ്യം വന്നത്. അധിനി വേശത്തിൽനിന്നു കുവൈത്ത് മോചിതമായി. 1991മാർച്ച് 11നു വിമോചനാനന്തര കുവൈത്തിൽ വീണ്ടും ഔദ്യോഗികമായി പ്രവേശിച്ചു. അധിനിവേശം അവസാനിച്ച ശേഷം കുവൈത്തിൽ ഔദ്യോഗികമായി പ്രവേശിച്ച 146–ാമത്തെ ആളെന്നു ജോസിന്റെ കൈവശമുള്ള രേഖ സാക്ഷ്യപ്പെടുത്തുന്നു. വീണ്ടും കുവൈത്തിൽ തിരിച്ചെത്തിയ ആദ്യ മലയാളിയും ആദ്യ ഇന്ത്യക്കാരനുമാണ് ജോസ് തോമസ്. 1994മുതൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ചീഫ് ഡേറ്റാബേസ് അഡ്‌മിനിസ്‌ട്രേറ്റർ. മരണം വരെ ഈ സ്ഥാനത്ത് തുടർന്നു. കുവൈത്തിലുള്ള സ്വദേശികളും വിദേശികളുമായ 35 ലക്ഷം പേരെ സംബന്ധിച്ച വിവരങ്ങളും ജോസ് തോമസിന്റെ വിരൽത്തുമ്പിലുണ്ടായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാരം പിന്നീട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com