ADVERTISEMENT

റിയാദ്/തൃക്കരിപ്പൂർ∙ ഇന്നലെ അന്തരിച്ച പഴയകാല കലാകാരനും കെഎംസിസി പ്രവർത്തകനുമായ വലിയപറമ്പിലെ ടി.കെ.പി.മുഹമ്മദലി 23 വർഷം മുൻപ് ഗൾഫിൽ ‘മരിച്ച’ ചരിത്രം മായാതെയുണ്ട്. പ്രശസ്ത മാപ്പിളപ്പാട്ടു ഗായിക വിളയിൽ ഫസീലയുടെയും തൃക്കരിപ്പൂരിലെ ടി.ഷക്കീലയുടെയും ഭർത്താവായ മുഹമ്മദലി, സൗദിയിൽ ഒരു കമ്പനിയിൽ മാനേജരായി ജോലി ചെയ്തു വരുന്നതിനിടെ 1997 ൽ സൗദി ബനൂഹാത്തിമിൽ ഒരു ട്രക്ക് അപകടത്തിൽ പെട്ടു മരിച്ചെന്നു വിവരം ലഭിച്ചു.

അപകടം സംഭവിച്ച സ്ഥലത്തു കൂടെ നടന്നു പോയ ഒരു യുവാവ് രക്തത്തിൽ കുളിച്ചു കിടന്ന മുഹമ്മദലിയെ പൊതിഞ്ഞെടുത്ത് 100 മീറ്റർ അകലെയുള്ള ആശുപത്രിയിൽ എത്തിച്ചു. 9 ദിവസം കഴിഞ്ഞു മുഹമ്മദലിക്കു ബോധം തിരിച്ചു കിട്ടുമ്പോഴേക്കും ‘മരണ വാർത്ത’ നാടാകെ പ്രചരിച്ചിരുന്നു. വിവരങ്ങൾ അറിയാൻ സൗകര്യങ്ങൾ കുറവായിരുന്നെങ്കിലും അറിയപ്പെടുന്ന കലാകാരനായതിനാൽ മരണ വിവരം തീ പോലെ പടർന്നു. ചില പത്രങ്ങളിൽ മരണ വാർത്ത അച്ചടിച്ചു വന്നു. മാത്രമല്ല, കെഎംസിസിയുടെ സജീവ പ്രവർത്തകനെന്ന നിലയിൽ അനുശോചന സന്ദേശങ്ങളും വന്നു.

പിന്നെയും 2 ദിവസം കഴിഞ്ഞാണ് ‘പരേതൻ’ അന്തരിച്ചിട്ടില്ലെന്ന വിവരം പുറത്തു വന്നത്. സംഭവം ഇങ്ങനെയായിരുന്നു: ഒരു ട്രക്കും എതിരെ വന്ന ഡീസൽ ടാങ്കറും കൂട്ടിയിടിക്കുന്നു. ടാങ്കർ കത്തി ഡ്രൈവർ തൽക്ഷണം മരിച്ചു. മുഹമ്മദലി സഞ്ചരിച്ചിരുന്ന ട്രക്കിലെ മൂന്നുപേരും മരിച്ചു. പൊലീസെത്തി രേഖകൾ പരിശോധിച്ചപ്പോൾ എല്ലാം കൃത്യം. രണ്ടു വാഹനങ്ങൾ. 4 യാത്രികർ. നാലു മൃതദേഹങ്ങൾ... പൊലീസ്‌ അപ്പോൾതന്നെ വേണ്ടപ്പെട്ടവരെയൊക്കെ വിവരമറിയിച്ചു.

മയ്യത്തുകൾ തൊട്ടടുത്ത ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പക്ഷേ, പിന്നീടാണ് അത്‌ഭുതം. മോർച്ചറിയിൽ മുഹമ്മദലിയുടെ മയ്യത്തില്ല. അങ്ങനെയാണ് ഒരാൾ ജീവനോടെയുണ്ടെന്നു തിരിച്ചറിഞ്ഞത്. ശസ്ത്രക്രിയയിൽ ജീവൻ തിരിച്ചു കിട്ടി. പ്രവാസ കാലം കഴിഞ്ഞു പയ്യന്നൂരിൽ ട്രാവൽസ് തുടങ്ങിയ കാലം മുതൽ മുഹമ്മദലി പരിചയക്കാരോടു ‘പരേതനെ’ പരിചയപ്പെടുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com