ADVERTISEMENT

ഷാർജ ∙ ഇന്ത്യൻ വീസ– പാസ്പോർട്ട് സേവന കേന്ദ്രമായ ബിഎൽഎസ് ഇന്റർനാഷനലിനെതിരെ വ്യാപക പരാതി. കോവിഡ് ലോക് ഡൗൺ മുതലെടുത്ത് ജീവനക്കാരെ കുറച്ച് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുകയാണെന്ന് മലയാളികളടക്കമുള്ള സാധാരണക്കാരായ ഇന്ത്യൻ പ്രവാസികൾ പരാതിപ്പെടുന്നു. വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ സർക്കാർ പാസ്പോർട്ട് സേവനങ്ങൾ സ്വകാര്യ സ്ഥാപനങ്ങളെ ഏൽപിച്ചപ്പോൾ സേവനത്തിന്റെ പുതിയ ചക്രവാളം തുറന്നുവെന്ന് എല്ലാവരും സന്തോഷിക്കുകയും ആശ്വസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇൗ കേന്ദ്രങ്ങൾ ഇന്ന് പ്രവാസികളുടെ പേടിസ്വപ്നമാണെന്നും ഇതുസംബന്ധമായി ഇന്ത്യൻ കോൺസുലേറ്റിന് നൽകിയ പരാതിയിൽ വിശദീകരിക്കുന്നു. പാസ്പോർട്ട് പുതുക്കൽ സംബന്ധമായാണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നതെന്നാണ് പൊതുവേയുള്ള പരാതി. 

ഓൺലൈൻ അപോയിന്റ്മെന്റ് കിട്ടാക്കനി 

ബിഎൽഎസ് കേന്ദ്രങ്ങളിൽ സേവനങ്ങൾ സ്വന്തമാക്കാൻ  ഒാണ്‍ലൈൻ അപോയിന്റ്മെന്റ് കിട്ടുക എന്നത് ബാലികേറാമലയാണെെന്നതാണ് പ്രധാന ആക്ഷേപം. ആകെ 40 ടോക്കൺ ആണ് ഒരു ദിവസം പാസ്പോർട്ട് സേവനങ്ങൾക്ക് ഒരു കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നത്. അജ്മാൻ, ഷാർജ ഇന്ത്യൻ അസോസിയേഷനുകളിൽ ഇത് 20 ടോക്കണും നൽകുന്നു. ഇത് കണ്ണടച്ചു തുറക്കും മുൻപേ വിതരണം ചെയ്യുന്നതിനാൽ ഒട്ടേറെ പേർക്ക് നിരാശരാകേണ്ടിവരുന്നു.

തുടർന്ന് വിെഎപി സേവനമാണുള്ളത്. ഇതിന് 250 ദിർഹമാണ് ഫീസ്. എന്നാൽ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന സാധാരണക്കാര്‍ക്ക് വിെഎപി പരിഗണന സ്വന്തമാക്കുക അപ്രാപ്യമാണ്. ഒാൺലൈനിലൂടെ ടോക്കൺ നേടാൻ അറിയാത്തവരും ഒട്ടേറെ. മകളുടെ പാസ്പോർട്ട് പുതുക്കുന്നതിന് ഒാൺലൈൻ ടോക്കൺ കിട്ടാതെ ദിവസങ്ങളോളം താൻ വലഞ്ഞതായി ദുബായിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി ബിനു മാത്യു മനോരമ ഒാൺലൈനിനോട് പറഞ്ഞു. വിെഎപി ടോക്കണുകൾ വിറ്റുപോകാനാണ് സാധാരണ ടോക്കണുകൾ കുറച്ചതെന്നും ആരോപണമുണ്ട്.

അബുദാബിയിലും ഷാർജയിലും ടോക്കണുകൾ 100 ദിർഹത്തിന് കരിഞ്ചന്തയിൽ വിൽക്കുന്നതായി അടുത്തിടെ പരാതിയുയർന്നിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ രാവിലെ വന്ന് ക്യൂ നിന്ന് ടോക്കൺ സ്വന്തമാക്കി വിൽപന നടത്തുന്നയാളെ കൈയോടെ പിടികൂടുകയും ചെയ്തിട്ടുണ്ട്.

ജീവനക്കാരുടെ കുറവ്

കോവിഡ് കാലത്ത് ബിഎൽഎസ് കേന്ദ്രങ്ങളിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചതായാണ് മറ്റൊരു പരാതി. അപേക്ഷാ സംബന്ധമായ സംശയങ്ങൾക്ക് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാൽ, മറുപടി നൽകാൻ മതിയായ ജീവനക്കാരില്ല എന്ന ഉത്തരമാണ് ലഭിക്കാറ്. അജ്മാൻ, ഷാർജ ഇന്ത്യൻ അസോസിയേഷനുകളിൽ ജീവനക്കാരെ വെട്ടിക്കുറച്ചത് ഏറെ പ്രശ്നങ്ങളുണ്ടാക്കുന്നു.

BLS-uae

കുറഞ്ഞത് മൂന്നു മണിക്കൂർ കാത്തിരിപ്പ്

കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും കാത്തിരുന്നാലേ കേന്ദ്രങ്ങളിൽ അപേക്ഷ നൽകാനും സേവനം സ്വന്തമാക്കാനും സാധിക്കുകയുള്ളൂ. ജീവനക്കാരുടെ എണ്ണത്തിലെ കുറവ് ഉപഭോക്താക്കളുടെ സമയം അപഹരിക്കുന്നതിന് കാരണമാകുന്നു. പലരും ജോലി സ്ഥലത്ത് നിന്ന് വന്നാണ് അപേക്ഷകൾ നൽകുന്നത്.

അപേക്ഷാ ഫോറം ടൈപ്പിങ്ങും ഫൊട്ടോ എടുക്കലും

അപേക്ഷാ ഫോറം ടൈപ്പ് ചെയ്യലും ആവശ്യക്കാരന്റെ ഫൊട്ടോ എടുക്കലും ഇൗ കേന്ദ്രങ്ങളിൽ ചെയ്യുന്നു. പ്രത്യേക നിരക്കുള്ള ഇൗ സേവനത്തിനായി ജീവനക്കാർ ഏറെ സമയം ചെലവഴിക്കുന്നുണ്ട്. അപേക്ഷാ ഫോറം പൂരിപ്പിക്കൽ, ഫൊട്ടോ എടുക്കൽ എന്നിവ നേരത്തെ പുറത്തു നിന്ന് ചെയ്തുവരികയാണെങ്കിൽ ഏറെ സമയം ലാഭിക്കാൻ സാധിക്കും. എന്നാൽ, പുറത്ത് നിന്ന് ടൈപ്പ് ചെയ്തുകൊണ്ടുവന്നാൽ തെറ്റുകൾ പറഞ്ഞും ഫൊട്ടോയുടെ വലിപ്പം കുറഞ്ഞെന്നുമൊക്കെ പറഞ്ഞ് തിരിച്ചയക്കുന്നതായാണ് പരാതി. 

യുഎഇയിലെ ബിഎൽഎസ് കേന്ദ്രങ്ങൾ

 

അൽ ഖലീജ് സെൻ്റർ, മൻഖൂൽ റോഡ്, ബർദുബായ്

പ്രിമിയം ലോഞ്ച്, ബാങ്ക് സ്ട്രീറ്റ്, ബർദുബായ്

ദെയ്റ സീന ബിൽഡിങ്, സിറ്റി സെന്ററിന് മുൻവശം.

ഷാർജ എസ് എസ്ബിസി ബിൽഡിങ്, കിങ് ഫൈസൽ സ്ട്രീറ്റ്.

ഷാർജ ഇന്ത്യൻ അസോസിയേഷൻ

ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ്

റാസൽഖൈമ, ദഹൻ റോഡ‍്.

അജ്മാൻ ഇന്ത്യൻ അസോസിയേഷൻ, ജർഫ് വ്യവസായമേഖല–3.

ഉമ്മുൽഖുവൈൻ, ഡി െഎബി ബാങ്ക് കെട്ടിടം, കിങ് ഫൈസൽ റോഡ്.

അബുദാബി, ബിസിനസ് അവന്യൂ കെട്ടിടം, അൽ സലാം സ്ട്രീറ്റ്.

അബുദാബി പ്രിമിയം ലോഞ്ച്, അൽ മുഹൈരി ബിൽഡിങ്.

അൽ െഎൻ, ഇന്ത്യൻ സോഷ്യൽ സെന്റർ, ഖാബിസി ഡിസ്ട്രിക്ട്.

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ സെൻ്റർ, പൊലീസ് സ്റ്റേഷൻ മുൻവശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com