ADVERTISEMENT

അബുദാബി∙ കോവിഡ് പ്രതിസന്ധിക്കിടയിലും പ്രവാസലോകത്ത് പ്രതീക്ഷയുടെ പൂവിളി ഉയർന്നു. മരുഭൂമിയിൽ തൊടിയിൽനിന്ന് പൂവിറുക്കാനില്ലെങ്കിലും പ്രവാസി മനസ്സ് ജന്മാനാടിന്റെ തൊടിയിൽ പാറി.   വിമാനങ്ങളിൽ കടൽകടന്നെത്തിയ പൊന്നിൻവിലയുള്ള ഇത്തിരി പൂക്കളിൽ അൽപം സ്നേഹവും ഇറുത്തിട്ട് സ്വീകരണ മുറിയിൽ അത്തപ്പൂക്കളമിട്ടു. ഇതിനു സൗകര്യം ഇല്ലാത്തവർ ഫ്ലാറ്റിന്റെ വരാന്തകളിലാണ് പൂക്കളമൊരുക്കിയത്.

അത്തപ്പൂക്കളമിടാൻ  സമീപത്തെ കുടുംബങ്ങളിലെ കുട്ടികളും ഒത്തുചേർന്നപ്പോൾ മറുനാട്ടിലും ആഘോഷങ്ങളുടെ ആരവമുയർന്നു. കോവിഡ് മൂലം 6 മാസമായി  വീട്ടിൽ അടച്ചിട്ടിരിക്കുന്ന കുട്ടികൾക്ക് ഈ പൂവിളിയും അത്തപ്പൂക്കളവും സമ്മാനിക്കുന്നത് പ്രതീക്ഷയുടെ പുതുവസന്തമാണ്. ഗുരുവായൂർ സ്വദേശി പ്രവീണിന്റെയും ദിവ്യയുടെയും മകൾ പല്ലവിയുടെയും ഷൊർണൂർ സ്വദേശി കൃഷ്ണലാലിന്റെയും ജിജിയുടെയും മകൾ ആദിത്രിയുടെയും നേതൃത്വത്തിൽ ഒരുക്കിയ പൂക്കളത്തിന് പിന്തുണയേകാൻ തലശ്ശേരിക്കാരി മിൻസയും തൃശൂർകാരായ റീമും റിഹാമുമുണ്ടായിരുന്നു.

കുടുംബമായി താമസിക്കുന്നവരാണ് ചിട്ടവട്ടങ്ങളിൽ പൂക്കളമൊരുക്കി ആഘോഷത്തെ വരവേൽക്കുന്നത്. അല്ലാത്തവർ ജോലിത്തിരക്കിനിടയിലും മനസ്സിൽ അത്തപ്പൂക്കളൊരുക്കി തിരുവോണത്തിനായി കാത്തിരിക്കും. കാതങ്ങൾക്കകലെയിരുന്നും നാടിന്റെ സ്പന്ദനങ്ങൾക്കു കാതോർക്കുന്ന പ്രവാസി മലയാളികൾ ആഘോഷങ്ങളും ആചാരങ്ങളും തിരികെ പിടിക്കാൻ എന്നും മുന്നിലുണ്ടാകും. അതുകൊണ്ടാണ് ഓണവും ക്രിസ്മസും പെരുന്നാളും ഗൾഫിൽ മാസങ്ങളോളം തനിമയോടെ ആഘോഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com