ADVERTISEMENT

അബുദാബി∙ യുഎഇയിൽ സ്കൂൾ തുറക്കാൻ ഒരാഴ്ച ശേഷിക്കെ തയാറെടുപ്പുകൾ സജീവമായി. കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർഥികളെ സ്വീകരിക്കുന്നതിനായി ഒരുക്കേണ്ട അധിക സംവിധാനങ്ങൾ സജ്ജീകരിക്കുന്ന തിരക്കിലാണ് സ്കൂൾ മാനേജ്മെന്റുകൾ. എന്നാൽ 6 മാസങ്ങൾക്കുശേഷം സ്കൂളിലേക്കു പോകുമ്പോൾ പുസ്തകങ്ങളും അനുബന്ധ പഠനോപകരണങ്ങളും മറ്റും ഒരുക്കുന്ന തിരക്കിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.

ഇതിനു സഹായകമാകുംവിധം ബാക്ക് ടു സ്കൂൾ വിൽപന മേളയൊരുക്കി ഷോപ്പിങ് മാളുകളും രംഗത്തുണ്ട്.  ഗൾഫിൽ ഇത്തവണ ഓണത്തിനു തലേന്നാണ് സ്കൂളുകൾ തുറക്കുന്നത്. ബാക്ക് ടു സ്കൂൾ വിൽപന മേളയൊരുക്കി സ്കൂൾ തുറക്കുന്നത് ആഘോഷമാക്കുകയാണ് ഷോപ്പിങ് മാളുകൾ. നോട്ട് പുസ്തകം, പേന, പെൻസിൽ, ബാഗ്, വാട്ടർ ബോട്ടിൽ തുടങ്ങി അനുബന്ധ ഉൽപന്നങ്ങളും ഡ്രോയിങ്, കളറിങ്, വായനാ പുസ്തകങ്ങളുമെല്ലാം പ്രത്യേകം സജ്ജീകരിച്ചാണ് ഷോപ്പിങ് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആകർഷിക്കുന്നത്. കാർട്ടൂൺ കഥാപാത്രങ്ങളുടെയും മറ്റും ചിത്രങ്ങൾ ആലേഖനം ചെയ്ത ഉൽപന്നങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. സ്കൂളിലേക്കും ഇ–ലേണിങ്ങിനും ആവശ്യമായ സാധനങ്ങൾ പ്രത്യേകം അലങ്കരിച്ചിരിക്കുന്നതു കാണാ‍ൻ തന്നെ പ്രത്യേക ചന്തമാണ്.

സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ഓൺലൈനായും ഇവ വാങ്ങാൻ വിവിധ ഷോപ്പിങ് മാളുകൾ സൗകര്യം ഒരുക്കിയിട്ടുണ്ട്. ചിലയിടങ്ങളിൽ സ്കൂൾ യൂനിഫോം, ഷൂ, ലാപ്ടോപ്, ടാബ്, ഹെഡ് ഫോൺ തുടങ്ങിയവയും വിൽപന മേളയിൽ ഇടംപിടിച്ചു. നിലവിലെ അറിയിപ്പനുസരിച്ച് കെജി ഒന്നു മുതൽ 5ാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് സ്കൂളിലേക്കു പ്രവേശനമുള്ളത്. 6 മുതൽ 12 വരെ 4 ആഴ്ചത്തേക്കു കൂടി ഓൺലൈൻ തുടരണമെന്നും നിർദേശമുണ്ടായിരുന്നു. ഒരാഴ്ചയ്ക്കകം സ്കൂൾ തുറക്കുമെങ്കിലും മക്കളെ സ്കൂളിലേക്കു വിടണോ ഇ–ലേണിങ് തുടരണോ എന്ന കാര്യത്തിൽ രക്ഷിതാക്കൾക്ക് തീരുമാനിക്കായി 5 അവസരങ്ങളും അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) നൽകിയിരുന്നു. ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് ഇ–ലേണിങ് തുടരാനാണ് ഭൂരിഭാഗം രക്ഷിതാക്കളുടെയും താൽപര്യം.  

തടയിടുമോ കോവിഡ്..?

30ന് സ്കൂൾ തുറക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സമീപ കാലത്ത് കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം കൂടിവരുന്നതിനാൽ ഓൺലൈൻ തുടരുമോ എന്ന സംശയവും നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ ബാക്ക് ടു സ്കൂൾ വിൽപന മേളയിൽ കാര്യമായ തിരക്കു പ്രകടമായിട്ടില്ല. അടുത്ത ദിവസങ്ങളിൽ ഇതിനു സ്ഥിരീകരണം ലഭിച്ചാൽ തിരക്കു കൂടുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com